ശിവലിംഗത്തിൽ മദ്യം ഒഴിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഛണ്ഡീഗഡ്: ശിവലിംഗത്തിൽ ബിയർ ഒഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് സുഹൃത്തുക്കളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മണി മജ്‌രയിലെ ന്യൂ ഇന്ദിര കോളനിയിൽ താമസക്കാരായ ദിനേശ് കുമാർ, നരേഷ് കുമാർ എന്നിവരാണ് പിടിയിലായത്.

പ്രതികളിലൊരാൾ പഞ്ച്കുലയിലെ ഘഗർ നദിക്ക് സമീപമുള്ള ശിവലിംഗത്തിൽ ബിയർ ഒഴിക്കുന്നതും സുഹൃത്ത് അതേ സ്ഥലത്ത് മറ്റൊരു ശിവലിംഗത്തിന് സമീപം ബിയർ കുടിക്കുന്നതുമായിരുന്നു വിഡിയോ.

ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നിരവധി ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘടനാ പ്രതിനിധികളിൽ ഒരാൾ വെള്ളിയാഴ്ച ഐ.ടി പാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്, വിവിധ ഹൈന്ദവ സംഘടനാ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.

പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ച് പൊലീസിനെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. പിന്നീട് ശ്രീ ഹിന്ദു തഖ്തിന്റെ ദേശീയ വക്താവ് അശോക് തിവാരി വടക്ക് കിഴക്കൻ ഡിവിഷൻ ഡി.എസ്.പി സോന്ധിക്ക് പരാതി നൽകി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പും നൽകി. 24 മണിക്കൂറിനകം പ്രതികളെ പിടികൂടിയില്ലെങ്കിൽ ദേശീയ പാത ഉപരോധിക്കുമെന്ന് തിവാരി പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഉയർന്നു.

പിടിയിലായ ദിനേശും നരേഷും സെക്ടർ 26ലെ ഗ്രെയിൻ മാർക്കറ്റിലെ ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, ദിവസങ്ങൾക്ക് മുമ്പ് തങ്ങൾ ഘഗർ നദിയിലേക്ക് വിനോദയാത്രയ്ക്ക് പോയിരുന്നുവെന്നും നദീതീരത്ത് മദ്യപിച്ചിരുന്നതായും ഇവർ വെളിപ്പെടുത്തി. ശിവലിംഗത്തിന്റെ തകർന്ന കഷ്ണങ്ങൾ കണ്ടപ്പോൾ തങ്ങൾ അത് കൂട്ടിയോജിപ്പിച്ച് വിനോദത്തിനായി ബിയർ ഒഴിച്ചു.

പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി സ്ഥലത്തുണ്ടായിരുന്നുവെന്നും തങ്ങളുടെ പ്രവൃത്തികൾ മൊബൈലിൽ പകർത്താൻ അവനോട് ആവശ്യപ്പെട്ടതായും ഇരുവരും സമ്മതിച്ചു. െഎ.പി.സി സെക്ഷൻ 295 എ (ബോധപൂർവ്വം മതവികാരം വ്രണപ്പെടുത്തൽ) പ്രകാരമാണ് ദിനേശിനെയും നരേഷിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി പിന്നീട് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Tags:    
News Summary - Chandigarh: Two youths arrested for hurting religious sentiments and posting video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.