പിഴപ്പലിശ ഒഴിവാക്കൽ: കേന്ദ്രസർക്കാറിൻെറ സത്യവാങ്മൂലം തൃപ്​തികരമല്ലെന്ന്​​ സു​പ്രീംകോടതി

ന്യൂഡൽഹി: കോവിഡ്​ മഹാമാരിയു​ടെ സാഹചര്യത്തിൽ രണ്ടു കോടി രൂപവരെയുള്ള വായ്​പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്നറിയിച്ച്​ കേന്ദ്രസർക്കാർ നല്‍കിയ സത്യവാങ്മൂലം തൃപ്​തികരമല്ലെന്ന്​ സുപ്രീം കോടതി. പരാതിക്കാർ ഉന്നയിച്ച പല വിഷയത്തിലും കൃത്യമായ മറുപടി നൽകാൻ സർക്കാറിന്​ കഴിഞ്ഞിട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഒരാഴ്ചക്കകം കേന്ദ്രസര്‍ക്കാര്‍ അധിക സത്യവാങ്മൂലം നൽകണമെന്നും ഉത്തരവിട്ടു.

റിയല്‍ എസ്റ്റേറ്റ് വായ്പ ക്രമീകരിക്കുന്നതില്‍ തീരുമാനം അറിയിക്കണെന്ന് കോടതി നിര്‍ദേശിച്ചു. വായ്പ തിരിച്ചടവിന്മേൽ പിഴ പലിശ എഴുതിത്തള്ളാനുള്ള സർക്കാരിൻെറ പദ്ധതിയോട് പ്രതികരിക്കാൻ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ സമയം ആവശ്യപ്പെട്ടതിനാൽ കേസ് ഒക്ടോബർ 13ലേക്ക് മാറ്റി.

കഴിഞ്ഞ ആഴ്ച മൊറട്ടോറിയം കാലയളവില്‍ രണ്ടു കോടി രൂപ വരെയുള്ള വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നൽകിയിരുന്നു. ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വേണ്ടി എടുത്ത വായ്പ എന്നിവക്കാണ്​ ഇളവ് ലഭിക്കുക. ക്രെഡിറ്റ് കാർഡ് കുടിശ്ശികയിലുള്ള പലിശയു​ം ഒ​ഴിവാക്കുമെന്ന്​ അറിയിച്ചിരുന്നു.

എന്നാൽ, ആ സത്യവാങ്മൂലത്തിൽ പൂർണമായ വിവരങ്ങൾ ഇല്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്. രണ്ട്​ കോടി വരെയുള്ള വായ്പകളുടെ കാര്യത്തിലാണ് സർക്കാർ ഇപ്പോൾ നിലപാട് അറിയിച്ചത്. റിയൽ എസ്റ്റേറ്റ് മേഖലയിലും മറ്റു മേഖലയിലുമുള്ള വലിയ വായ്പകൾ എങ്ങനെ പുനഃക്രമീകരിക്കുമെന്ന ചോദ്യം കോടതി ഉന്നയിച്ചിരുന്നു. ആ ചോദ്യത്തിന് ഉത്തരം നൽകിയിട്ടില്ല.

സർക്കാരിൻെറ സത്യവാങ്മൂലത്തിലെ നിരവധി വസ്തുതകളും കണക്കുകളും യാതൊരു അടിസ്ഥാനവുമില്ലാതെയാണെന്ന്​ റിയാലിറ്റി ഇൻഡസ്ട്രി സംഘടനനയായ ക്രെഡയി (CREDAI)ക്ക്​ വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു.

വൻകിട വായ്പകള്‍ പുനഃക്രമീകരിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് ആർ.ബി.ഐ നിയോഗിച്ച സമിതി സർപ്പിച്ച ശിപാർശകൾ അടങ്ങിയ റിപ്പോർട്ട്​ കോടതിയിൽ സമർപ്പിക്കാൻ കേന്ദ്ര സർക്കാർ തയാറായില്ലെന്നും കോടതി വിമർശിച്ചു.റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതിന് കേന്ദ്രസർക്കാറും ആർ.ബി.ഐയും എന്ത് തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും കോടതി ചോദിച്ചു. റിയൽ എസ്റ്റേറ്റുൾപ്പെടെയുള്ള മേഖലകൾക്ക് ഏതു തരത്തിലാണ് മൊറോ​ട്ടോറിയം നൽകുകയെന്നും അത്​ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.