ന്യൂഡൽഹി: റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രഭാഷണം നടത്തവെ അനുഭവപ്പെട്ട തടസ്സങ്ങളെ കുറിച്ച് സാം പിത്രോദയുടെ അവകാശവാദത്തിന് മറുപടിയുമായി കേന്ദ്രസർക്കാർ. വസ്തുത പരിശോധന നടത്തിയതിന് ശേഷമാണ് കേന്ദ്രം പിത്രോദക്ക് മറുപടി നൽകിയത്. ഝാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ ഐ.ഐ.ടി ഇല്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിറക്കിയത്. പകരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയാണ് ഉള്ളതെന്ന് മന്ത്രാലയം അറിയിച്ചു.
സാം പിത്രോദയെ നേരിട്ടോ വിഡിയോ ലിങ്ക് വഴിയോ ഏതെങ്കിലും പ്രഭാഷണം നടത്താൻ ക്ഷണിച്ചതായി റാഞ്ചിയിലെ ഐ.ഐ.ഐ.ടിയിൽ ഒരു രേഖയുമില്ല. ഹാക്കർമാരുടെ ആക്രമണമുണ്ടെന്നും പ്രസംഗം തടസ്സപ്പെടുത്തിയെന്നുമുള്ള പിത്രോദയുടെ വാദം അടിസ്ഥാന രഹിതവും വീണ്ടുവിചാരമില്ലാത്തതുമായ പ്രസ്താവനയാണ്. വളരെ പ്രശസ്തമായ സ്ഥാപനത്തിന്റെ പ്രതിഛായ കളങ്കപ്പെടുത്താൻ വേണ്ടിയുള്ളതാണെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
എല്ലാ പ്രതിസന്ധികളും അതിജീവിച്ച് രാജ്യത്തെ ഏറ്റവും മിടുക്കരായ ചിലരെ സൃഷ്ടിച്ച സ്ഥാപനമാണിതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. സാം പിത്രോദ വിവരമില്ലാത്ത വ്യക്തിയാണെന്നും പ്രമുഖ സ്ഥാപനത്തിന്റെ പ്രതിഛായ അപകീർത്തിപ്പെടുത്താനുള്ള നീക്കം നിയമപരമായ നടപടിക്ക് ഇടയാക്കുമെന്നും കുറിപ്പിലുണ്ട്.
ഫെബ്രുവരി 22ന് എക്സ് അക്കൗണ്ട് വഴിയായിരുന്നു റാഞ്ചി ഐ.ഐ.ടിയിൽ പ്രഭാഷണത്തിനിടെ നേരിട്ട തടസ്സത്തെ കുറിച്ച് പിത്രോദ സംസാരിച്ചത്. മഹാത്മാഗാന്ധിയുടെ ഇന്നത്തെ പ്രസക്തിയെ കുറിച്ചുള്ള ചർച്ച എന്ന വിഡിയോയിൽ ജനാധിപത്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചായിരുന്നു പിത്രോദ സംസാരിച്ചത്. നൂറുകണക്കിന് വിദ്യാർഥികളോട് സംസാരിച്ചു കൊണ്ടിരിക്കെ ആരോ ഹാക്ക് ചെയ്ത് അശ്ലീല സാഹിത്യം കാണിച്ചുവെന്നാണ് പിത്രോദ പറഞ്ഞത്. തുടർന്ന് വിഡിയോ ഓഫ് ചെയ്യേണ്ടി വന്നുവെന്നും. ജനാധിപത്യപരമായ നടപടിയല്ല ഇതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇതാദ്യമായല്ല, പിത്രോദ വിവാദത്തിൽ പെടുന്നത്. കഴിഞ്ഞാഴ്ച ചൈനയെ കുറിച്ചു നടത്തിയ പ്രസ്താവനയിൽ പിത്രോദക്കെതിരെ കേന്ദ്രം രംഗത്തുവന്നിരുന്നു. ചൈന നമ്മുടെ ശത്രുരാജ്യമല്ലെന്നായിരുന്നു അവരെ അങ്ങനെ കാണുന്നത് അവസാനിപ്പിക്കണമെന്നുമായിരുന്നു പിത്രോദയുടെ പരാമർശം. വിവാദത്തിൽ കോൺഗ്രസും പിത്രോദക്ക് ഒപ്പം നിന്നില്ല. പിത്രോദ പറഞ്ഞത് സ്വന്തം നിലപാടാണെന്നും പാർട്ടിയുടെ കാഴ്ചപ്പാടാണെന്നുമായിരുന്നു അതിന് കോൺഗ്രസിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.