ഗ്ലോബൽ ഹംഗർ ഇൻഡക്സ്: ഇന്ത്യയുടെ മോശം റാങ്കിൽ കേന്ദ്രത്തിനെതിരെ സി.പി.എം

ന്യൂഡൽഹി: ഗ്ലോബൽ ഹംഗർ ഇൻഡക്സിലെ ഇന്ത്യയുടെ മോശം റാങ്കിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അന്താരാഷ്ട്ര കണക്കുകളൊന്നും അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയാറല്ലെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.

സാമ്പത്തികനില, തൊഴിലില്ലായ്മ അടക്കം എല്ലാ തലത്തിലും തകർച്ചയിലാണ്. അക്രമ രാഷ്ട്രീയത്തിന്റെ രൂപത്തിലുള്ള പ്രചരണങ്ങൾ മാത്രമാണ് നടക്കുന്നത്. അക്രമത്തിന്റെയും ഭയത്തിന്റെയും ഒരു അന്തരീക്ഷമുണ്ട്. എല്ലാ മേഖലയിലും ഇടിവുണ്ടെന്നും യെച്ചൂരി പറഞ്ഞു.

121 രാജ്യങ്ങളുണ്ടെന്നും അവരെല്ലാം ഗ്ലോബൽ ഹംഗർ ഇൻഡക്സ് അംഗീകരിക്കുന്നതായും കേന്ദ്ര സർക്കാർ പറയുന്നു. ദരിദ്രരല്ലാത്ത കോടിക്കണക്കിന് ആളുകൾ കോവിഡ് 19ന് ശേഷം ദരിദ്രരായി മാറിയെന്ന് അറിയാം. എന്നാൽ, അവർക്ക് ആശ്വാസം നൽകുന്നതിന് പകരം ധനികർക്ക് നികുതിയിളവ് നൽകുവാനും അവരുടെ വായ്പ എഴുതിത്തള്ളാനുമുള്ള തിരക്കിലാണ് കേന്ദ്രമെന്നും യെച്ചൂരി വ്യക്തമാക്കി.

പട്ടിണിക്കാരുടെയും പോഷകാഹാരക്കുറവുള്ളവരുടെയും എണ്ണം കണക്കാക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യ ആറാം റാങ്കിൽ നിന്ന് താഴ്ന്ന് 107ലെത്തി. 2021ൽ 101-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഒരു വർഷം കൊണ്ടാണ് 107ലേക്ക് താഴ്ന്നത്. നിലവിൽ പാകിസ്താനും ബംഗ്ലാദേശിനും നേപ്പാളിനും പിറകിലാണ് ഇന്ത്യ. ചൈന, തുർക്കി, കുവൈത്ത് ഉൾപ്പെടെ 17 രാജ്യങ്ങൾ ആദ്യ അഞ്ചിനുള്ളിലുണ്ട്.

2021ൽ 116 രാജ്യങ്ങളിൽ 101-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. നിലവിൽ 121 രാജ്യങ്ങളിൽ 107-ാം സ്ഥാനത്തേക്ക് താഴ്ന്നു. 2000ൽ 38.8 സ്കോർ ചെയ്തിരുന്ന ഇന്ത്യ 2014- 2022 കാലഘട്ടത്തിൽ 28.2 -29.1 റേഞ്ചിലാണ് സ്കോർ ഉള്ളത്. ഇന്ത്യ 100-ാം സ്ഥാനത്തേക്ക് താഴ്ന്ന വർഷം തന്നെ ഹംഗർ ഇൻഡക്സ് കണക്കാക്കുന്നതിനെതിരെ സർക്കാർ രംഗത്തെത്തിയിരുന്നു. യാഥാർഥ്യം മനസിലാക്കാതെ അശാസ്ത്രീയമായ രീതിയിലാണ് ഇൻഡക്സ് കണക്കാക്കുന്നതെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ ആരോപണം.

Tags:    
News Summary - "Centre not ready to accept international figures": CPI(M) on Global Hunger Index

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.