ന്യൂഡൽഹി: ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ ചേരരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വിദേശകാര്യമന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാളാണ് മുന്നറിയിപ്പ് നൽകിയത്. റഷ്യൻ സൈന്യത്തിൽ ചേരുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും ചേർന്നാൽ അത് അപകടമുണ്ടാക്കുമെന്നും കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി.
നിരവധി ഇന്ത്യൻ പൗരൻമാരെ ഈയടുത്തായി റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറേതവണ റഷ്യൻ സൈന്യത്തിൽ ചേരരുതെന്ന് ആവശ്യപ്പെട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പ് ഒരിക്കൽ കൂടി ആവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയം ഡൽഹിയിലും മോസ്കോയിലുമുള്ള റഷ്യൻ അധികൃതരുമായി സംസാരിക്കും.
റഷ്യൻ സൈന്യത്തിൽ ചേർന്ന ആളുകളുടെ കുടുംബാംഗങ്ങളുമായി നിരന്തരമായി ബന്ധപ്പെടുകയാണ്. റഷ്യൻ സൈന്യത്തിന്റെ ഈ ഓഫറിൽ നിന്നും വിട്ടുനിൽക്കാൻ എല്ലാവരോടും ആവശ്യപ്പെടുകയാണ്. അപകടമുണ്ടാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രണ്ട് ഇന്ത്യക്കാർ കിഴക്കൻ യുക്രെയ്നിലെ ഡോൺടെസ്കിൽ കുടുങ്ങിയ വാർത്ത ദ ഹിന്ദു റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വീണ്ടും മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. റഷ്യൻ സൈനിക യൂണിറ്റുകളിൽ ഇന്ത്യക്കാരെ ജോലി ചെയ്യിപ്പിക്കുന്ന വിഷയം നിരവധി തവണ ഇന്ത്യ ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന രണ്ട് ചർച്ചകളിൽ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിന് മുമ്പാകെ ഉയർത്തിയിരുന്നു.
തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ ഭാഗമാകേണ്ടിവന്ന ഇന്ത്യക്കാരില്‍ മലയാളികളടക്കം 12 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം ജനുവരിയിൽ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.