ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക എന്നിവ സംബന്ധിച്ച് ലോകത്തെ വിവിധ രാജ്യങ്ങളോട് ഇന്ത്യ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. പീഡനം നേരിടുന്ന ന്യൂനപക്ഷ വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം സമ്പാദിക്കുന്നതിനുള്ള നടപടിക്രമം ത്വരിതമാക്കുകയാണ് പൗരത്വ നിയമം വഴി ചെയ്യുന്നതെന്ന് സർക്കാർ ഊന്നിപ്പറഞ്ഞിട്ടുണ്ട്. അങ്ങനെ ചെയ്യുന്നത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം മാറ്റുന്നില്ലെന്നും അറിയിച്ചിട്ടുണ്ട് -വിദേശകാര്യ വക്താവ് രവീഷ് കുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യു.എന്നിനു പുറമെ യു.എസ്, ബ്രിട്ടൻ തുടങ്ങി വിവിധ രാജ്യങ്ങൾ പൗരത്വ സമീപനത്തെ നിശിതമായി വിമർശിച്ച പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിെൻറ വിശദീകരണം. കശ്മീർ വിഷയത്തിൽ ഇസ്ലാമിക സഹകരണ സംഘടനയുടെ (ഒ.ഐ.സി) യോഗം വൈകാതെ നടക്കുമെന്ന് പറയുന്നത് ഊഹാപോഹം മാത്രമാണെന്ന് ചോദ്യത്തിനുള്ള മറുപടിയിൽ രവീഷ്കുമാർ വിശദീകരിച്ചു. കശ്മീർ വിഷയം ചർച്ചചെയ്യാൻ ഒ.ഐ.സി യോഗം വിളിക്കുന്നതിന് പാകിസ്താനും സൗദി അറേബ്യയും ധാരണയുണ്ടാക്കിയെന്ന റിപ്പോർട്ടുകളെക്കുറിച്ചായിരുന്നു ചോദ്യം.
പൗരത്വ ഭേദഗതി നിയമം, കശ്മീരിലെ മനുഷ്യാവകാശ ലംഘന സാഹചര്യം എന്നിവ മുൻനിർത്തി യോഗം വിളിക്കുന്നുവെന്നായിരുന്നു റിപ്പോർട്ട്. ‘‘ഇന്ത്യയുമായി ബന്ധപ്പെട്ട അത്തരമൊരു യോഗം നടക്കുന്നതിനെക്കുറിച്ച് അറിയില്ല’’ -വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.