ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി 38 കോടി ചെലവിട്ട് നവീകരിച്ച സംഭവത്തിൽ കേന്ദ്ര വിജിലൻസ് കമീഷണർ വിശദമായ അന്വേഷണത്തിനുത്തരവിട്ടു.
ബി.ജെ.പിയും കോൺഗ്രസും ‘ശീഷ് മഹൽ’ എന്ന് പരിഹാസപൂർവം വിളിച്ച വസതിയിൽ നടന്ന നിർമാണ പ്രവൃത്തിയെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര പൊതുമരാമത്ത് വകുപ്പിനെയാണ് സി.വി.സി ചുമതലപ്പെടുത്തിയത്. ന്യൂഡൽഹി ഫ്ലാഗ് സ്റ്റാഫ് റോഡിൽ രണ്ടു സർക്കാർ ബംഗ്ലാവുകൾ ഇടിച്ചുനിരത്തിയാണ് കെജ്രിവാൾ വസതി നിർമിച്ചതെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് വിജേന്ദർ ഗുപ്ത നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് ഗുപ്ത പരാതി നൽകിയത്. തുടർന്ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിനുള്ള ഉത്തരവ്.
ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഡൽഹി മുനിസിപ്പൽ കൗൺസിലിലെ മൂന്ന് ആം ആദ്മി പാർട്ടി കൗൺസിലർമാർ ബി.ജെ.പിയിൽ ചേർന്നു.
നിലവിൽ ആപ് മേയർ ഭരിക്കുന്ന ഡൽഹി മുനിസിപ്പൽ കൗൺസിലിൽ ഏപ്രിലിൽ മേയർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് കെജ്രിവാളിന് തിരിച്ചടിയായ രാജി. കേവലം മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിന് കഴിഞ്ഞ മേയർ തെരഞ്ഞെടുപ്പ് വിജയിച്ച ആപിന് ഇവരുടെ കൂറുമാറ്റത്തോടെ മേയർ പദവി നഷ്ടപ്പെട്ടേക്കും.
അനിത ബസോയ (ആൻഡ്ര്യൂസ് ഗഞ്ച്), നിഖിൽ ചപ്രാന (ഹരിനഗർ), ധരംവീർ (ആർ.കെ പുരം) എന്നിവരാണ് കൂറുമാറിയത്. ബി.ജെ.പി ഓഫിസിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് മൂവരെയും അംഗത്വം നൽകി സ്വീകരിച്ചു.
കേന്ദ്രവും സംസ്ഥാനവും മുനിസിപ്പൽ കൗൺസിലും ബി.ജെ.പി ഭരിക്കുന്നതോടെ ഡൽഹിക്ക് ട്രിപ്പ്ൾ എൻജിൻ സർക്കാർ ലഭിക്കുമെന്ന് മൂവരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ദേവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.