ലഡാക്ക് സമരം: പദയാത്രക്ക് മുമ്പ് നേതാക്കളെ അടിയന്തര ചർച്ചക്ക് വിളിപ്പിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സംസ്ഥാന പദവി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സമരരംഗത്തുള്ള ലഡാക്ക് നേതാക്കളെ അടിയന്തര ചർച്ച വിളിപ്പിച്ച് കേന്ദ്ര സർക്കാർ. ലഡാക്കിന്റെ സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ സംരക്ഷണവും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 10 മുതൽ 24 വരെ കാർഗിലിൽ നിന്ന് ലേയിലേക്ക് പദയാത്ര പ്രഖ്യാപിച്ചിരിക്കെയാണ് ലഡാക്ക് പ്രതിനിധികളെ ചർച്ചക്ക് വിളിച്ചത്.

യാത്രക്ക് തൊട്ട് മുമ്പ് സെപ്റ്റംബർ ഒമ്പതിനാണ് യോഗം. കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ) ആണ് പദയാത്ര സംഘടിപ്പിക്കുന്നത്. ലഡാക്കിലെ ജനാധിപത്യ പ്രക്രിയകൾ ശക്തിപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ചർച്ചകളുടെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം യോഗം വിളിച്ചതെന്ന് ലഡാക്ക് ചീഫ് സെക്രട്ടറി ആഷിഷ് കുന്ദ്ര അറിയിച്ചു.

ലേ അപെക്സ് ബോഡി (എൽ.എ.ബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നിവയും കേന്ദ്രവുമായി നടത്തിയ ചർച്ചകളിൽ പ്രത്യേക ഭരണഘടന സംരക്ഷണത്തിനുള്ള ധാരണയിലെത്തിയതിന്റെ ഭാഗമായി, ലഡാക്കിലെ ഏഴ് ജില്ലകളിലും സ്വയംഭരണ ഹിൽ ഡെവലപ്‌മെന്റ് കൗൺസിലുകൾ രൂപവത്കരിക്കാൻ തീരുമാനിച്ചിരുന്നു.

നിയമസഭ, ധനകാര്യ നിയന്ത്രണം, ക്രമസമാധാന പാലനം, പ്രത്യേക പബ്ലിക് സർവിസ് കമീഷൻ, ലഡാക്കിന് ഭരണഘടനാപരമായ സുരക്ഷാ മുൻകരുതലുകൾ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് എൽ.എ.ബിയും കെ.ഡി.എയും തുടർച്ചയായി ഉന്നയിക്കുന്നത്. ആഭ്യന്തര മന്ത്രാലയ സംഘവും എൽ.എ.ബി, കെ.ഡി.എ പ്രതിനിധികളും ആഗസ്റ്റ് 19ന് നടത്തിയ ചർച്ചയിലും ഈ ആവശ്യങ്ങൾ ഉയർന്നെങ്കിലും കേന്ദ്ര സർക്കാറിന് അംഗീകരിക്കാനായിരുന്നില്ല.

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ലഡാക്ക് പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി ഏഴ് വർഷത്തിന് ശേഷമാണ് പുതിയ ഭരണരൂപത്തിനുള്ള നീക്കം. പ്രാദേശിക സംസ്കാരം, ഭൂമി അവകാശം, തൊഴിൽ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ഭരണഘടനാപരമായ ഉറപ്പുകൾ വേണമെന്ന ആവശ്യം ലഡാക്കിൽ നേരത്തെയും ഉയർന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.