ന്യൂഡൽഹി: രാജ്യത്ത് പാസ്‌പോർട്ട് നിരക്കുകൾ കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നീണ്ട 14 വർഷത്തെ ഇടവേളക്ക് ശേഷമാണ് വിദേശകാര്യ മന്ത്രാലയം പാസ്‌പോർട്ട് നിരക്കുകളിൽ ഈ വൻ വർധനവ് വരുത്തുന്നത്.
പാസ്‌പോർട്ട് എന്നത് കേവലം യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ തെളിവല്ലെന്നും സർക്കാർ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് സാധാരണക്കാരായ പ്രവാസികളെയും യാത്രക്കാരെയും ഒരുപോലെ ബാധിക്കുന്ന പുതിയ നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പാസ്‌പോർട്ട് നിയമം സെക്ഷൻ 24 പ്രകാരമുള്ള പുതുക്കിയ പാസ്‌പോർട്ട് ഭേദഗതി ചട്ടങ്ങൾ ജൂൺ 20-നാണ് സർക്കാർ വിജ്ഞാപനം ചെയ്തത്.
പുതുക്കിയ നിരക്കുകൾ പ്രകാരം 18 വയസ്സിന് മുകളിലുള്ളവർക്ക് സാധാരണ രീതിയിൽ (Normal Scheme) 36 പേജുള്ള പുതിയ പാസ്‌പോർട്ടിനും അതിന്റെ പുതുക്കലിനും ഇനി മുതൽ 2,500 രൂപ നൽകണം. നിലവിൽ ഇത് 1,500 രൂപയായിരുന്നു. ഇതേ വിഭാഗത്തിൽ പെട്ടവർക്ക് തത്കാൽ (Tatkaal) നിരക്ക് 3,500 രൂപയിൽ നിന്ന് 5,000 രൂപയായും ഉയർത്തിയിട്ടുണ്ട്.
കൂടുതൽ പേജുകളുള്ള പാസ്‌പോർട്ട് ആവശ്യമുള്ളവർക്ക് വലിയ തുക നൽകേണ്ടി വരും. മുതിർന്നവർക്കുള്ള 60 പേജിന്റെ പാസ്‌പോർട്ടിന് സാധാരണ നിരക്ക് 2,000 രൂപയിൽ നിന്ന് 3,500 രൂപയായും, തത്കാൽ നിരക്ക് 4,000 രൂപയിൽ നിന്ന് 6,000 രൂപയായും വർധിപ്പിച്ചു.
കുട്ടികളുടെ പാസ്‌പോർട്ട് നിരക്കുകളിലും കാര്യമായ മാറ്റമുണ്ട്. 18 വയസ്സിന് താഴെയുള്ള മൈനർമാർക്ക് പുതിയ പാസ്‌പോർട്ടിനും പുതുക്കലിനും സാധാരണ നിരക്ക് 1,750 രൂപയും തത്കാൽ നിരക്ക് 4,250 രൂപയുമായി നിശ്ചയിച്ചു.
പാസ്‌പോർട്ടുകൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയവ ലഭ്യമാക്കുന്നതിനുമുള്ള പിഴയടക്കമുള്ള നിരക്കുകളും കുത്തനെ കൂട്ടിയിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ളവരുടെ 36 പേജുള്ള പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്താൽ അത് മാറ്റിയെടുക്കാൻ സാധാരണ നിരക്കിൽ 5,000 രൂപയും തത്കാലിൽ 7,500 രൂപയും ഈടാക്കും. മുതിർന്നവരുടെ 60 പേജുള്ള ഇത്തരം പാസ്‌പോർട്ടുകൾക്ക് സാധാരണ നിരക്ക് 6,000 രൂപയും തത്കാൽ നിരക്ക് 8,500 രൂപയുമാണ്. ഇനി മൈനർമാരുടെ പാസ്‌പോർട്ടാണ് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്തതെങ്കിൽ അത് മാറ്റിയെടുക്കാൻ സാധാരണ വിഭാഗത്തിൽ 4,250 രൂപയും തത്കാലിൽ 6,750 രൂപയും നൽകേണ്ടി വരും.
വിദേശകാര്യ മന്ത്രാലയം മറ്റ് ചില യാത്രാരേഖകളുടെയും പാസ്‌പോർട്ടുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങളുടെയും നിരക്കുകളിലും ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് എമർജൻസി സർട്ടിഫിക്കറ്റുകൾ ഇന്ത്യക്കകത്ത് സൗജന്യമായി തുടരുമെങ്കിലും വിദേശത്തുള്ള അപേക്ഷകരിൽനിന്നും 15 യു.എസ് ഡോളർ ഈടാക്കും.
സർട്ടിഫിക്കറ്റ് ഓഫ് ഐഡന്റിറ്റിക്ക് ഇന്ത്യയിൽ 1,000 രൂപയും വിദേശത്ത് 50 യു.എസ് ഡോളറും ആയിരിക്കും നിരക്ക്. പ്രവാസികൾക്ക് ഏറെ ആവശ്യമുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് , സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ എന്നിവയുടെ നിരക്കുകൾ ഇന്ത്യയിൽ 750 രൂപയായും വിദേശത്ത് 40 യു.എസ് ഡോളറായും നിശ്ചയിച്ചു.
ഏറ്റവുമൊടുവിൽ 2012ലാണ് രാജ്യം പാസ്‌പോർട്ട് നിരക്കുകൾ പരിഷ്കരിച്ചത്. അന്ന് 36 പേജ് സാധാരണ പാസ്‌പോർട്ടിന് 1,000 രൂപയിൽ നിന്നും 1,500 രൂപയായും തത്കാൽ നിരക്ക് 2,500 രൂപയിൽ നിന്നും 3,500 രൂപയായുമാണ് വർധിപ്പിച്ചിരുന്നത്. ജൂലൈ ഒന്നിനോ അതിനു ശേഷമോ സമർപ്പിക്കുന്ന എല്ലാ പാസ്‌പോർട്ട് അപേക്ഷകൾക്കും ഈ പുതിയ നിരക്കുകൾ ബാധകമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.