മഹുവ മൊയ്ത്രക്കെതിരെ ലോക്പാൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതായി ബി.ജെ.പി എം.പി

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരായ ആരോപണങ്ങളിൽ അഴിമതി വിരുദ്ധ സമിതിയായ ലോക്പാൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതായി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. ദുബെ എക്സ് പ്ലാറ്റ്ഫോമിലാണ് ഇക്കാര്യം പങ്കുവെച്ചത്.

പാർലമെന്റ് ചോദ്യക്കോഴ ആരോപണത്തിൽ മഹുവയെ ഉടൻ പാർലമെന്റിൽ നിന്ന് സസ്​പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ദുബെ ലോക്സഭ സ്പീക്കർ ഓം ബിർലക്ക് കത്തയച്ചിരുന്നു. തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹുവയുടെ അഴിമതിയെ കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ദുബെ അവകാശപ്പെട്ടു.

പ്രധാനമന്ത്രിക്കും ബിസിനസ് എതിരാളികളായ അദാനി ഗ്രൂപ്പിനും എതിരെ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ പണം സ്വീകരിച്ചുവെന്നാണ് ആരോപണം. വ്യവസായിയുമായി മഹുവ പാർലമെന്റ് ലോഗിൻ വിവരങ്ങൾ പങ്കുവെച്ചതിന്റെ തെളിവുകളും ദുബെ ഹാജരാക്കിയിരുന്നു.

ദർശനും ഇക്കാര്യം സമ്മതിച്ചിരുന്നു. ലോഗിൻ വിവരങ്ങൾ ദർശന് കൈമാറിയത് സമ്മതിച്ച മഹുവ കോടികൾ പ്രതിഫലമായി കൈപ്പറ്റിയിട്ടില്ലെന്നും ചില സമ്മാനങ്ങൾ മാത്രമാണ് സ്വീകരിച്ചതെന്നും മറുപടി നൽകുകയുണ്ടായി. ദർശൻ ദുബൈയിൽ നിന്നാണ് മഹുവയുടെ ലോഗിൻ ഐ.ഡി ഒന്നിലേറെ തവണ ഉപയോഗിച്ചത്. അതേസമയം, ലോഗിൻ വിവരങ്ങൾ പങ്കുവെക്കാൻ യാതൊരു നിയന്ത്രണവുമില്ലെന്ന് ചൂണ്ടിക്കാട്ടി മഹുവ എത്തിക്സ് കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. അങ്ങനെ നിയമമുണ്ടെങ്കിൽ എം.പിമാരുമായി ഇക്കാര്യം പങ്കുവെക്കണമെന്നും കത്തിൽ അവർ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - CBI Probe against Mahua Moitra ordered by anti graft panel Claims BJP MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.