ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മലികിനെ സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

ന്യൂഡൽഹി: ഇൻഷുറൻസ് കുംഭകോണവുമായി ബന്ധ​പ്പെട്ട കേസിൽ മൊഴിയെടുക്കുന്നതിന് ഹാജരാകാൻ സി.ബി.ഐ ജമ്മു-കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന് നോട്ടീസ് അയച്ചു. റിലയൻസ് ജനറൽ ഇൻഷുറൻസുമായി ബന്ധ​പ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ സാക്ഷിയായാണ് മാലിക്കിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ കഴിഞ്ഞ വർഷവും സി.ബി.ഐ ഇദ്ദേഹത്തിൽനിന്ന് മൊഴിയെടുത്തിരുന്നു.

പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാറിന് വീഴ്ചപറ്റിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മിണ്ടാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞുവെന്നും ഈയിടെ സത്യപാൽ മാലിക്ക് നടത്തിയ വെളിപ്പെടുത്തൽ വിവാദമായിരുന്നു.

2018ൽ ജമ്മു-കശ്മീർ ഗവർണറായിരിക്കേ, അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായുള്ള കരാർ അഴിമതി ചൂണ്ടിക്കാട്ടി മാലിക് റദ്ദാക്കിയിരുന്നു. 3.5 ലക്ഷം സർക്കാർ ജീവനക്കാർക്കുവേണ്ടി 2018 സെപ്റ്റംബറിലാണ് ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. ഒരുമാസത്തിനകം മാലിക് കരാർ റദ്ദാക്കുകയും ചെയ്തു. തെറ്റായ രീതിയിലാണ് കരാർ നൽകിയതെന്ന് പരിശോധനയിൽ വ്യക്തമായതായും അതേത്തുടർന്ന് കരാർ റദ്ദാക്കുകയായിരുന്നുവെന്നും മാലിക് മുമ്പ് പറഞ്ഞിരുന്നു. സംസ്ഥാന​​ത്തെ സർക്കാർ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി നടപ്പാക്കിയ പദ്ധതിയിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ റിലയൻസ് ജനറൽ ഇൻഷുറൻസിനെയും ട്രിനിറ്റി റീ ഇൻഷുറൻസ് ബ്രോ​ക്കേഴ്സിനെയുമാണ് പ്രതിചേർത്തത്.

ഇൻഷുറൻസ് അഴിമതിയെക്കുറിച്ചും കിരു ജലവൈദ്യുതി പദ്ധതിയുടെ സിവിൽ പ്രവൃത്തികളുടെ കരാർ നൽകിയതിലെ അഴിമതിയെക്കുറിച്ചും സത്യപാൽ മാലിക്ക് ഉന്നയിച്ച ആരോപണങ്ങളിൽ കുടുതൽ വ്യക്തത തേടിയാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സി.ബി.ഐ ഇദ്ദേഹത്തിൽനിന്ന് മൊഴിയെടുത്തത്.

സി.ബി.ഐ നോട്ടീസ് ലഭിച്ചതായും രാജസ്ഥാനിലേക്ക് പോകുന്നതിനാൽ ഏപ്രിൽ 27 മുതൽ 29 വരെയുള്ള തീയതികളിൽ ലഭ്യമായിരിക്കുമെന്ന് മറുപടി നൽകിയതായും സത്യപാൽ മാലിക്ക് പ്രതികരിച്ചു.

Tags:    
News Summary - CBI notice to Satyapal Malik in insurance case; ‘They want clarifications’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.