സഞ്ജീവ് മുഖിയ
ന്യൂഡൽഹി: 2024ലെ നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിലെ പ്രധാനിയെന്ന് സംശയിച്ചിരുന്ന സഞ്ജീവ് കുമാർ എന്ന സഞ്ജീവ് മുഖിയക്ക് ക്ലീൻചിറ്റ് നൽകി സി.ബി.ഐ. അന്വേഷണത്തിൽ അദ്ദേഹം ചോദ്യപേപ്പർ ചോർത്തിയെന്നോ വിതരണം ചെയ്തെന്നോ തെളിയിക്കുന്ന വിശ്വസനീയമായ തെളിവുകൾ ലഭിച്ചില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. മറ്റു ചില കേസുകളിൽ പ്രതിയായതിനാൽ സഞ്ജീവ് മുഖിയ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരുകയാണ്.
കേസിൽ പട്ന കോടതിയിൽ45 പേർക്കെതിരെ സി.ബി.ഐ ഒന്നിധലികം കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. ബിഹാർ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ സഞ്ജീവ് മുഖിയയുടെ പേര് കേസിൽ ഉൾപ്പെട്ടിരുന്നു. പിന്നീട് കേസ് ഏറ്റെടുത്ത സി.ബി.ഐ വിശദമായ അന്വേഷണം നടത്തി. നിരവധി പ്രതികളെ ചോദ്യം ചെയ്യുകയും ഡിജിറ്റൽ തെളിവുകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുകയും ചെയ്തെങ്കിലും സഞ്ജീവ് മുഖിയയെ കുറ്റവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
‘അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ, സഞ്ജീവ് കുമാർ എന്ന സഞ്ജീവ് മുഖിയക്കെതിരെ പ്രഥമദൃഷ്ട്യാ സംശയം ഉയർന്നിരുന്നു. ഇയാൾ മറ്റ് ചില പേപ്പർ മോഷണ, ചോർച്ച കേസുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതിനാൽ മോഷണത്തിൽ പങ്കുണ്ടാകാമെന്ന് കരുതിയിരുന്നു. ഇതനുസരിച്ചാണ് ബിഹാർ പൊലീസ് എഫ്.ഐ.ആറിൽ ഇയാളെ പ്രതിചേർത്തത്’ സി.ബി.ഐ വക്താവ് പറഞ്ഞു.
അതേസമയം, നീറ്റ് 2026 ചോദ്യപേപ്പർ ചോർച്ച കേസിലെ അന്വേഷണം സി.ബി.ഐ തുടരുകയാണ്. ഇതുവരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പരീക്ഷാ ചോദ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട സംഘടിത ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. 2026ലെ നീറ്റ് യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും വിദ്യാർഥി പ്രതിഷേധങ്ങളും രാജ്യത്ത് തുടരുന്നതിനിടെയാണ് 2024 കേസിൽ സഞ്ജീവ് മുഖിയക്ക് സി.ബി.ഐ ക്ലീൻചിറ്റ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.