'ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ്' എന്നതുൾപ്പെടെയുള്ള ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ സമീപകാല പ്രസ്താവനകളെ ശക്തമായി വിമർശിച്ച് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) രംഗത്തെത്തിയത് ഹിന്ദുത്വർക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യൻ ക്രിസ്ത്യാനികൾ അഭിമാനികളായ ഇന്ത്യക്കാരാണെന്നും പക്ഷേ, ഹിന്ദുക്കളല്ലെന്നും സി.ബി.സി.ഐ ഭാഗവതിന് മറുപടി നൽകി. അത്തരം പ്രസ്താവനകൾ തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണ് എന്ന് സി.ബി.സി.ഐ ഉറച്ച നിലപാട് സ്വീകരിച്ചതോടെ സംഘ് പരിവാറിന്റെ പരമത വിദ്വേഷ നിലപാടുകളുമായി ഒരു നിലയ്ക്കും ഒത്തുപോകാനാവില്ലെന്ന വ്യക്തമായ സൂചനയാണ് ബിഷപ്സ് കോൺഫറൻസ് നൽകിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലടക്കം, സംഘ്പരിവാർ സംഘടനകളുമായി ഒരുതരത്തിലും യോജിക്കാനാവുന്ന നയമല്ല സി.ബി.സി.ഐക്കുള്ളത് എന്ന് ഭാഗവതിന് മറുപടിയായി ഇറക്കിയ പത്രക്കുറിപ്പിൽ സൂചിപ്പിക്കുന്നുമുണ്ട്.
ഇന്ത്യ എപ്പോഴും ഒരു ‘പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്' ആയി തുടരുമെന്നും രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാൻ ക്രിസ്ത്യാനികൾ ഉൾപ്പെടെ മുഴുവൻ ഇന്ത്യക്കാരും തയാറാകണമെന്നും പത്രക്കുറിപ്പിൽ സി.ബി.സി.ഐ ആവശ്യപ്പെട്ടത് സംഘ് പ്രത്യയശാസ്ത്രവുമായി ഒരുതരത്തിലും രഞ്ജിപ്പിലെത്താൻ കഴിയില്ലെന്നതിന്റെ ഉറച്ച നിലപാടായാണ് വ്യാഖ്യാനിക്കുന്നത്. ഇന്ത്യ 'ഹിന്ദു രാഷ്ട്ര'മാണെന്ന ആർ.എസ്.എസിന്റെ പ്രസ്താവന പൂർണമായും നിരാകരിച്ച സി.ബി.സി.ഐ, രാജ്യത്തെ 'ഹിന്ദു രാഷ്ട്ര'മാക്കി മാറ്റാനുള്ള നീച ശ്രമങ്ങളെ തുറന്നെതിർക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അടുത്ത വർഷം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലുമൊക്കെ ക്രൈസ്തവ വോട്ടുകളുടെ കാര്യത്തിൽ സി.ബി.സി.ഐ നിലപാട് നിർണായകമാവും. സംസ്ഥാനത്ത് ക്രൈസ്തവ വോട്ടുകൾ സമാഹരിച്ച് നേട്ടം കൊയ്യുകയെന്നതാണ് ബി.ജെ.പി തയാറാക്കിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ പ്രധാനം. കാസ ഉൾപ്പെടെയുള്ള തീവ്ര ചിന്താഗതിക്കാരെ ഉപയോഗിച്ചാണ് ഈ നീക്കത്തിന് ചരടുവലിക്കുന്നതും. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂരിൽ തങ്ങളുടെ സ്ഥാനാർഥിയെ ഈ വിധത്തിൽ ജയത്തിലെത്തിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു.
എന്നാൽ, ആർ.എസ്.എസിനെ രൂക്ഷമായി എതിർത്ത് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് രംഗത്തുവന്നതോടെ തങ്ങളുടെ വോട്ടുകൾ സംഘ്പരിവാറിന് അനുകൂലമാകാതിരിക്കാനുള്ള ജാഗ്രത ഇക്കുറി ക്രൈസ്തവ മതനേതൃത്വത്തിന്റെ സജീവ ചിന്തയിലുണ്ട്. ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കുനേരെ വ്യാപകമായി നടക്കുന്ന ആക്രമണങ്ങളും ആർ.എസ്.എസിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാൻ സി.ബി.സി.ഐയെ നിർബന്ധിതരാക്കി. കേരളത്തിൽ ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകൾ വഴി വിജയം കൊയ്യാൻ ബി.ജെ.പിക്ക് കഴിയില്ലെന്നു തന്നെയാണ് വിവിധ ക്രൈസ്തവമതനേതൃത്വങ്ങളുടെ നിലപാടു വഴി വ്യാഖ്യാനിക്കപ്പെടുന്നത്.
'100 വർഷത്തെ സംഘ യാത്ര' എന്ന പ്രഭാഷണ പരമ്പരയിൽ സംസാരിക്കവെയാണ് മോഹൻ ഭാഗവത് വിവാദ പരാമർശങ്ങൾ നടത്തിയത്. മുസ്‍ലിംകൾക്ക് സംഘത്തിൽ പ്രവേശനമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഭാഗവത്. 'ഒരു ബ്രാഹ്മണനെയും സംഘത്തിൽ അനുവദിക്കില്ല. മറ്റ് ജാതിക്കാർ, മുസ്‍ലിംകൾ, ക്രൈസ്തവർ അങ്ങനെയാരെയും അനുവദിക്കില്ല. ഹിന്ദുക്കളെ മാത്രമേ അനുവദിക്കൂ. അതിനാൽ വ്യത്യസ്ത വിഭാഗങ്ങളിലുള്ള ആളുകൾക്ക് അതായത് മുസ്‍ലിംകൾ, ക്രിസ്ത്യാനികൾ, അങ്ങനെ ഏത് വിഭാഗക്കാർക്കും സംഘത്തിലേക്ക് വരാം, പക്ഷെ... അവർ തങ്ങളുടെ നിലപാട് പ്രഖ്യാപിക്കണം' -ഇതായിരുന്നു മറുപടി.
അറിഞ്ഞോ അറിയാതെയോ എല്ലാവരും 'ഭാരതീയ' സംസ്കാരം പിന്തുടരുന്നുണ്ടെന്നും അതിനാൽ ആരും 'അഹിന്ദു'വല്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഓരോ ഹിന്ദുവും താൻ ഹിന്ദുവാണെന്ന് തിരിച്ചറിയണമെന്നും ഹിന്ദുവായിരിക്കുക എന്നാൽ ഭാരതത്തോട് ഉത്തരവാദിത്തമുള്ള വ്യക്തിയായിരിക്കുക എന്നാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
എന്നാൽ, നവംബർ 10ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സി.ബി.സി.ഐ ഈ പ്രസ്താവനകളിൽ ചിലതിനെ എടുത്തുകാണിക്കുകയും ഇന്ത്യൻ ക്രിസ്ത്യാനികളും ഹിന്ദുക്കളാണെന്ന പരാമർശത്തെ വ്യക്തമായി നിഷേധിക്കുകയും ചെയ്തത്. ഇന്ത്യൻ ക്രിസ്ത്യാനികൾ അഭിമാനികളായ ഇന്ത്യക്കാരാണെന്നും പക്ഷേ, ഹിന്ദുക്കളല്ലെന്നും അതിൽ വ്യക്തമാക്കി. ഇന്ത്യയെ പരാമർശിക്കുന്നതിന് 'ഹിന്ദുസ്ഥാൻ', 'ഹിന്ദ്' തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്നതിനുള്ള ഹരജി തള്ളിയ സുപ്രീം കോടതി വിധിയെയും പത്രക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.
1982ലെ കന്യാകുമാരി വർഗീയ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് വേണുഗോപാൽ കമീഷന്റെ റിപ്പോർട്ടിനെ പരാമർശിച്ച് ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ ആർ.എസ്.എസിന്‍റെ വർഗീയ അക്രമവും സി.ബി.സി.ഐ ഉയർത്തിക്കാട്ടിയിട്ടുണ്ട്.
സി.ബി.സി.ഐയുടെ കുറിപ്പ്
ന്യൂഡൽഹി: (നവംബർ 10, 2025) – ശ്രീ. മോഹൻ ഭഗവതിന്റെ പ്രസ്താവനകൾ പുറത്തുകൊണ്ടുവന്ന 09-11-2025 ലെ വാർത്ത റിപ്പോർട്ടുകൾ സി.ബി.സി.ഐ ശ്രദ്ധിക്കുകയും എല്ലാവർക്കും, പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഈ പത്രക്കുറിപ്പ് പുറപ്പെടുവിക്കുകയും ചെയ്യുന്നു. വാർത്ത റിപ്പോർട്ടുകളിൽ ഇനിപ്പറയുന്ന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമായ പ്രസ്താവനകൾ ഉണ്ടായിരുന്നു:
– ‘അറിഞ്ഞോ അറിയാതെയോ എല്ലാവരും ‘ഭാരതീയ’ (ഇന്ത്യൻ) സംസ്കാരം പിന്തുടരുന്നു - അതിനാൽ ആരും അഹിന്ദു അല്ല’ -ടൈംസ് ഓഫ് ഇന്ത്യ.
– ‘ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ്. അത് ഭരണഘടനക്ക് വിരുദ്ധമല്ല…’ -ടൈംസ് ഓഫ് ഇന്ത്യ.
– ‘ഞങ്ങൾക്ക് ഞങ്ങളുടെ കാഴ്ചപ്പാടുകളുണ്ട്, ഈ രാജ്യം ഒരു പ്രത്യേക ദിശയിലേക്ക് പോകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’ -എൻ.ഡി.ടി.വി.
– ‘ജാതീയത ഇനി നിലനിൽക്കുന്നില്ല, പക്ഷേ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും ഇളവുകളും നയിക്കുന്ന ജാതി ആശയക്കുഴപ്പം നിലനിൽക്കുന്നു, ജാതി ഇല്ലാതാക്കേണ്ട ആവശ്യമില്ല; ജാതി മറക്കേണ്ടതുണ്ട്’ -ഇന്ത്യ ടുഡേ.
ആദ്യം തന്നെ, ഇന്ത്യൻ ക്രിസ്ത്യാനികളും ഹിന്ദുക്കളാണെന്ന വഞ്ചനാപരമായ നിർദേശത്തെ സി.ബി.സി.ഐ നിഷേധിക്കുന്നു. ഇന്ത്യൻ ക്രിസ്ത്യാനികൾ അഭിമാനമുള്ള ഇന്ത്യക്കാരാണ്. പക്ഷേ ഹിന്ദുക്കളല്ല. സുപ്രീം കോടതി പോലും 11-03-2016ലെ റിട്ട് പെറ്റീഷൻ (സിവിൽ) നമ്പർ 203/2015ലെ വിധിന്യായത്തിൽ ഇന്ത്യക്ക് 'ഹിന്ദുസ്ഥാൻ', 'ഹിന്ദ്' തുടങ്ങിയ പേരുകൾ ഉപയോഗിക്കുന്നതിനുള്ള അപേക്ഷ നിരസിച്ചതാണ്.
ഇന്ത്യ ഒരു 'ഹിന്ദു രാഷ്ട്ര'മാണെന്ന പ്രസ്താവന സി.ബി.സി.ഐ നിരാകരിക്കുന്നു. ഇന്ത്യയെ ഒരു 'ഹിന്ദു രാഷ്ട്ര'മാക്കി മാറ്റാനുള്ള അത്തരം എല്ലാ നീച ശ്രമങ്ങളെയും ഞങ്ങൾ നിരാകരിക്കുന്നു. ഇന്ത്യ എപ്പോഴും ഒരു 'പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്' ആയി തുടരും. ഇന്ത്യയുടെ നിലവിലെ ഭരണഘടന സ്വഭാവം സംരക്ഷിക്കുന്നതിന് എല്ലാ ഭരണഘടന നടപടികളും സ്വീകരിക്കാൻ എല്ലാ ഇന്ത്യക്കാരും, പ്രത്യേകിച്ച് എല്ലാ ക്രിസ്ത്യാനികളും തയാറാകണമെന്ന് സി.ബി.സി.ഐ ആവശ്യപ്പെടുന്നു.
ഈ സാഹചര്യത്തിൽ, 1982ൽ കന്യാകുമാരിയിൽ ക്രിസ്ത്യാനികൾക്കെതിരായ വർഗീയ അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് വേണുഗോപാൽ കമീഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്ന ആർ.എസ്.എസിന്റെ ചരിത്രം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അത് ഇപ്രകാരമാണ്:
‘ആർ.എസ്.എസ് (രാഷ്ട്രീയ സ്വയംസേവക സംഘം) ഒരു തീവ്രവാദപരവും ആക്രമണാത്മകവുമായ മനോഭാവം സ്വീകരിക്കുകയും ന്യൂനപക്ഷങ്ങൾക്കെതിരായ ഹിന്ദുക്കളുടെ അവകാശങ്ങളായി നിലകൊള്ളുന്നതായി സ്വയം കരുതുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങളെ അവരുടെ സ്ഥാനം പഠിപ്പിക്കാനും അവർ അതിന് തയാറല്ലെങ്കിൽ അവരെ ഒരു പാഠം പഠിപ്പിക്കാനും ആർ.എസ്.എസ് മുന്നിട്ടിറങ്ങുന്നു. വർഗീയ അക്രമം വളർത്തുന്നതിനുള്ള ആർ.എസ്.എസിന്റെ രീതിശാസ്ത്രം ഇപ്രകാരമാണ്:
എ) ക്രിസ്ത്യാനികൾ ഈ രാജ്യത്തെ വിശ്വസ്തരായ പൗരന്മാരല്ല എന്ന പ്രചാരണത്തിലൂടെ ഭൂരിപക്ഷ സമൂഹത്തിൽ വർഗീയ വികാരങ്ങൾ ഉണർത്തുക.
ബി) ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വർധിക്കുകയും ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയും ചെയ്യുന്നുവെന്ന പ്രചാരണത്തിലൂടെ ഭൂരിപക്ഷ സമൂഹത്തിൽ ഭയം വർധിപ്പിക്കുക.
സി) ഭരണത്തിലേക്ക് നുഴഞ്ഞുകയറുകയും വർഗീയ മനോഭാവങ്ങൾ സ്വീകരിക്കാൻ സിവിൽ, പൊലീസ് സർവീസുകളിലെ അംഗങ്ങളെ പ്രേരിപ്പിക്കുക.
ഡി) ഭൂരിപക്ഷ സമുദായത്തിലെ യുവാക്കളെ കഠാര, വാൾ, കുന്തം തുടങ്ങിയ ആയുധങ്ങൾ ഉപയോഗിക്കുന്നത് പരിശീലിപ്പിക്കുക.
ഇ) ഏതൊരു നിസാര സംഭവത്തിനും വർഗീയ നിറം നൽകി വർഗീയ വിഭജനം വർധിപ്പിക്കുന്നതിനായുള്ള കിംവദന്തികൾ പ്രചരിപ്പിക്കുക.
ആർ.എസ്.എസ് അനുബന്ധ 'പാഞ്ചജന്യ'ത്തിന്റെ 2024 ആഗസ്റ്റ് ലക്കം ഇങ്ങനെ എഴുതിയതായി സി.ബി.സി.ഐ ശ്രദ്ധിക്കുന്നു, 'ജാതിയുടെ രൂപത്തിൽ, ഇന്ത്യൻ സമൂഹം ഒരു ലളിതമായ കാര്യം മനസ്സിലാക്കിയിരുന്നു - ഒരാളുടെ ജാതിയെ ഒറ്റിക്കൊടുക്കുന്നത് രാഷ്ട്രവഞ്ചനയാണ്'. മനു സ്മൃതിയിൽ പറയുന്ന 'മറ്റ് മൂന്ന് സാമൂഹിക വ്യവസ്ഥകളെ മനസ്സില്ലാമനസ്സോടെ സേവിക്കുക എന്ന ഒരേയൊരു പ്രവൃത്തി മാത്രമേ ഭഗവാൻ ശൂദ്രർക്ക് നിയോഗിച്ചിട്ടുള്ളൂ' എന്ന നിയമവും 'ജാതി ഉന്മൂലനം ചെയ്യേണ്ട ആവശ്യമില്ല' എന്ന മുകളിലുള്ള പ്രസ്താവനയും ഭഗവതിന്റെ ഉദ്ദേശ്യങ്ങളുടെ വ്യക്തമായ സൂചനയാണ്.
ഈ വിഷയങ്ങളിൽ ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടേതായ കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കും. എന്നാൽ, സർക്കാർ, സ്വകാര്യ മേഖലകളിലെ നഗ്നമായ തൊഴിൽ ദുരുപയോഗം, ചൂഷണാത്മകമായ ജോലി സമയം, മിനിമം വേതനം കണക്കാക്കുന്നതിലെ വലിയ വ്യത്യാസം മുതലായവ കാരണം സ്വാതന്ത്ര്യത്തിനു മുമ്പുള്ള നിലവാരത്തിലേക്ക് ഇന്ത്യയിലെ സാമ്പത്തിക സമത്വം എത്തിയതിൽ ഞങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നു. അതേസമയം, രാജ്യത്തെ തനിക്ക് ഇഷ്ടമുള്ള ഒരു ദിശയിലേക്ക് കൊണ്ടുപോകാനാണ് ഭാഗവത് ആഗ്രഹിച്ചത്. ഇന്ത്യയിലെ ക്രിസ്ത്യാനികൾ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിനും അതിന്റെ തുടർച്ചയായ രാഷ്ട്രനിർമാണത്തിനും ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.