ഫാ. ജോര്‍ജ് പൊന്നയ്യ

ഭാരതമാതാവിനെ അപമാനിച്ചെന്ന്​; ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഭാരതമാതാവിനെ അപമാനിച്ചെന്ന കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ ഫാ. ജോര്‍ജ് പൊന്നയ്യയെ തമിഴ്‌നാട്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. യു.എ.പി.എ ചുമത്തി തടവിൽ കഴിയവേ മരിച്ച ഫാ. സ്​റ്റാൻ സ്വാമിയുടെ അനുസ്​മരണ ചടങ്ങിൽ നടത്തിയ പ്രസംഗമാണ്​ അറസ്റ്റിന്​ ആധാരം. കന്യാകുമാരി സ്വദേശിയായ ഫാ. ജോര്‍ജ് പൊന്നയ്യയെ മധുരയില്‍ വച്ചാണു പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച കന്യാകുമാരി അരമനയില്ലായിരുന്നു അനുസ്​മരണചടങ്ങ്​. ഭാരതമാതാവില്‍നിന്നു രോഗം പകരാതിരിക്കാനാണു ചെരിപ്പും ഷൂസും ഉപയോഗിക്കുന്നതെന്ന പരാമര്‍ശമാണ്​ വിവാദമാക്കിയത്​. ഹിന്ദുമതത്തെയും വിശ്വാസങ്ങളെയും കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്ന്​ സംഘ്​പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു.

പ്രസംഗത്തിന്റെ എഡിറ്റഡ് ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെത്തി. പൊന്നയ്യക്കെതിരെ കന്യാകുമാരിയില്‍ മാത്രം 30ലധികം പരാതികളാണു പൊലീസിനു ലഭിച്ചത്. മതസ്പര്‍ധ, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കല്‍, കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്നു യോഗം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ്​ അറസ്റ്റ്.


പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ഫാ. പൊന്നയ്യ ത​െൻറ പ്രസംഗത്തിൽ വിമർശിച്ചിരുന്നു. ഇതേത്തുടർന്ന് ഹിന്ദുത്വ സംഘടനകൾ അദ്ദേഹത്തി​െൻറ പ്രസംഗത്തെ അപലപിക്കുകയും അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്​തു. എന്നാൽ ത​െൻറ പ്രസംഗത്തി​ൽനിന്ന് ചില ഭാഗങ്ങൾ മുറിച്ചെടുത്ത്​ എഡിറ്റുചെയ്​ത്​ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന്​ പൊന്നയ്യ ഇന്നലെ പറഞ്ഞിരുന്നു. അദ്ദേഹം മാപ്പ്​ ചോദിക്കുകയും ചെയ്​തിരുന്നു.

'എഡിറ്റുചെയ്​ത വീഡിയോ കണ്ടിട്ട്​ ഞാൻ ഹിന്ദു മതത്തിനും വിശ്വാസങ്ങൾക്കും എതിരായി സംസാരിച്ചുവെന്ന് പലരും തെറ്റിദ്ധരിച്ചു. ഞാനും യോഗത്തിൽ സംസാരിച്ച ആളുകളും അത്തരത്തിലുള്ള ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങളുടെ സംസാരം എ​െൻറ ഹിന്ദു സഹോദരങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ, ഞാൻ പൂർണഹൃദയത്തോടെ ക്ഷമ ചോദിക്കുന്നു'-അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയവും ന്യൂനപക്ഷ കമ്മീഷനും പ്രാർഥനാ യോഗങ്ങൾ നടത്തുന്നതിൽ നിന്ന് തടയുന്നതായി ചടങ്ങിൽ സംസാരിച്ച ജോർജ്ജ് പൊന്നയ്യ ആരോപിച്ചിരുന്നു. തമിഴ്​നാട്​ തെരഞ്ഞെടുപ്പിൽ ഡിഎംകെക്കായി നിരവധി ന്യൂനപക്ഷ സംഘടനകൾ കഠിനാധ്വാനം ചെയ്​തതായും എന്നാൽ അധികാരത്തിൽ വന്ന ശേഷം പാർട്ടി തങ്ങളെ അവഗണിച്ചതായും പൊന്നയ്യ പറഞ്ഞിരുന്നു.

Tags:    
News Summary - Catholic priest in Tamil Nadu arrested for hate speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.