ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം തടയുന്നതിന് ആവശ്യമായ ശക്തമായ സംവിധാനം ഉറപ്പാക്കുമെന്ന് സുപ്രീംകോടതി. കാമ്പസുകളിൽ ജാതി വിവേചനം ഉണ്ടാകുന്ന സംഭവങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ജാതി വിവേചനത്തെതുടർന്ന് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ആത്മഹത്യ ചെയ്ത ദലിത് വിദ്യാർഥി രോഹിത് വെമുല, തമിഴ്നാട് ടോപിവാല നാഷനൽ മെഡിക്കൽ കോളജിലെ ആദിവാസി വിദ്യാർഥിനി പായൽ തദ്വി എന്നിവരുടെ അമ്മമാർ നൽകിയ ഹരജി പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാർഥികൾ നേരിടുന്ന വിവേചനത്തിന്റെ പേരിൽ കാമ്പസുകളിൽ ആത്മഹത്യകൾ പെരുകുന്നത് ആശങ്കാജനകമാണെന്നും 14 മാസത്തിനിടെ ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലുമുണ്ടായ നിരവധി ആത്മഹത്യകൾക്ക് പിന്നിലെ കാരണം കണ്ടെത്തേണ്ടതുണ്ടെന്നും ഇരകളുടെ അമ്മമാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.
ജാതി വിവേചനം തടയാൻ ലക്ഷ്യമിട്ടുള്ള കരട് ചട്ടം പുറത്തിറക്കിയിട്ടുണ്ടെന്ന് യു.ജി.സിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. തുടർന്ന്, ഹരജി വീണ്ടും പരിഗണിക്കുന്നത് എട്ടാഴ്ചത്തേക്ക് മാറ്റി. ഹരജി ജനുവരി മൂന്നിന് പരിഗണിച്ചപ്പോൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2012 ലെ ചട്ടപ്രകാരം ലഭിച്ച ജാതി വിവേചനത്തെക്കുറിച്ചുള്ള പരാതികളും സ്വീകരിച്ച നടപടികളും ആറാഴ്ചക്കകം അറിയിക്കാൻ കോടതി യു.ജി.സിക്ക് നിർദേശം നൽകിയിരുന്നു.
ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാൻ ലക്ഷ്യമിട്ട് പുതിയ കരട് ചട്ടം യു.ജി.സി പ്രസിദ്ധീകരിച്ചു. ജനുവരി മൂന്നിലെ സുപ്രീംകോടതി നിർദേശത്തിന് പിന്നാലെയാണ് നടപടി. വിവേചന പരാതികൾ അന്വേഷിക്കുന്നതിന് സ്ഥാപനത്തലവൻ രൂപവത്കരിക്കുന്ന 10 അംഗ തുല്യത (ഇക്വിറ്റി) കമ്മിറ്റിയുണ്ടാകും.
സ്ഥാപനമേധാവി (എക്സ്-ഓഫിഷ്യോ) അധ്യക്ഷനായ കമ്മിറ്റിയിൽ നാല് മുതിർന്ന ഫാക്കൽറ്റി അംഗങ്ങൾ, രണ്ട് സിവിൽ സൊസൈറ്റി പ്രതിനിധികൾ, രണ്ട് വിദ്യാർഥി പ്രത്യേക ക്ഷണിതാക്കൾ എന്നിവരുണ്ടാകും. കമ്മിറ്റിയിൽ കുറഞ്ഞത് ഒരു സ്ത്രീയും എസ്.സി, എസ്.ടി വിഭാഗങ്ങളിൽനിന്നുള്ള ഓരോ അംഗവും ഉണ്ടാകണം. ഇക്വിറ്റി സ്ക്വാഡുകൾ, മൊബൈൽ ടീമുകൾ, ഇക്വിറ്റി അംബാസഡർ, 24 മണിക്കൂർ ലഭ്യമായ ഹെൽപ് ലൈൻ എന്നിവയുണ്ടാകും. ഓൺലൈൻ പോർട്ടൽ വഴിയോ ഇക്വിറ്റി ഹെൽപ് ലൈൻ വഴിയോ വിവേചനം റിപ്പോർട്ട് ചെയ്യാം.
പരാതിയിൽ ഇക്വിറ്റി കമ്മിറ്റി 24 മണിക്കൂറിനുള്ളിൽ യോഗം ചേർന്ന് നടപടിയെടുക്കും. 15 പ്രവൃത്തി ദിവസത്തിനുള്ളിൽ സ്ഥാപന മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കണം. പകർപ്പ് പരാതിക്കാരനും നൽകണം. കമ്മിറ്റി അധ്യക്ഷൻ റിപ്പോർട്ട് ഉന്നത അധികാരിക്ക് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.