തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിന്റെ സുരക്ഷാപദ്ധതി ചോർന്ന സംഭവത്തിൽ കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. ഒഫിഷ്യൽ സീക്രട്ട് ആക്ട് സെക്ഷൻ (5) (ഔദ്യോഗിക രഹസ്യനിയമം) പ്രകാരമാണ് കേസ്. പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് നടപടി. സെക്രട്ടേറിയറ്റിൽ നിന്നാകാം റിപ്പോർട്ട് ചോർന്നതെന്ന നിഗമനത്തിലാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. എങ്കിലും മൊഴി രേഖപ്പെടുത്താനോ വിവരം ശേഖരിക്കാനോ ആരെയും വിളിപ്പിച്ചിട്ടില്ല. സുരക്ഷ പദ്ധതി ചോർച്ചയിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. വി.വി.ഐ.പികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോർത്തുന്നത് മൂന്നുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ക്രമീകരണവും ഉദ്യോഗസ്ഥ വിന്യാസവും വിശദീകരിച്ച് പൊലീസ് ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ തയാറാക്കിയ 49 പേജ് റിപ്പോർട്ടാണ് ചോർന്നത്. 43 പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഈ റിപ്പോർട്ട് കൈമാറിയത്. ഇന്റലിജൻസ് മേധാവി തയാറാക്കിയ റിപ്പോർട്ടിൽ പ്രധാനമന്ത്രി പോകുന്ന വഴികൾ, വിശ്രമ സ്ഥലങ്ങൾ, സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരുകൾ, ഭക്ഷണ പരിശോധനക്ക് ചുമതലപ്പെട്ടവരുടെ വിവരങ്ങൾ തുടങ്ങിയവയുണ്ടായിരുന്നു. പ്രധാനമന്ത്രിക്കുനേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന ഭീഷണിക്കത്തിന്റെ വിവരങ്ങളും മറ്റ് സുരക്ഷാ മുന്നറിയിപ്പും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.
അതിനിടെ, സുരക്ഷാ പദ്ധതി സന്ദേശം വാട്സ്ആപ് വഴി പുറത്തുകൊടുത്തെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥനെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയെന്ന് വിവരമുണ്ട്. ഡിവൈ.എസ്.പി ഓഫിസിലെ സിവിൽ പൊലീസ് ഓഫിസറാണ് അത്. ഈ ഉദ്യോഗസ്ഥനെതിരെ കേസെടുക്കുന്നതിന് ഉന്നതതല തീരുമാനമെടുത്തിട്ടുണ്ട്. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പിയെ ഉപയോഗിച്ച് റിപ്പോർട്ട് ചോർത്തിയെന്ന ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.