ഗാസിയാബാദ്: വ്യാഴാഴ്ച ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ 21 ബൂത്ത് ലെവൽ ഓഫിസർമാർക്കെതിരെ (ബി.എൽ.ഒ) വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട ജോലിയിൽ വീഴ്ച വരുത്തിയതിന് കേസെടുത്തു. ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ രവീന്ദ്ര കുമാർ മന്ദാദിന്റെ നിർദേശപ്രകാരം സബ്-തഹസിൽദാർ അലോക് കുമാർ യാദവ് സിഹാനി ഗേറ്റ് പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ ഫയൽ ചെയ്തു. കേസ് രജിസ്റ്റർ ചെയ്തതായി അസി.പൊലീസ് കമീഷണർ ഉപാസന പാണ്ഡെ സ്ഥിരീകരിച്ചു, ജനപ്രാതിനിധ്യ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അറിയിച്ചു.
വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരെ പ്രത്യേക തീവ്ര പരിഷ്കരണത്തിനായി ബി.എൽ.ഒമാരായി നിയമിച്ചു എന്നാണ് കേസ്. പ്രതികളായ ബി.എൽ.ഒമാർ അവരുടെ നിയുക്ത പ്രദേശങ്ങളിൽ വോട്ടർമാർക്കുള്ള ഫോറങ്ങൾ വിതരണം ചെയ്യുന്നതിലും ശേഖരിക്കുന്നതിലും മറ്റ് അവശ്യ ജോലികൾ ചെയ്യുന്നതിൽ പരാജയപ്പെട്ടു. അവരുടെ അശ്രദ്ധ എസ്.ഐ.ആറിനെ തടസ്സപ്പെടുത്തി. കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും നടപടി സ്വീകരിച്ചുവരികയാണെന്നും പാണ്ഡെ പറഞ്ഞു.
വോട്ടർമാർക്കുള്ള ഫോറങ്ങൾ കൃത്യസമയത്ത് വിതരണം ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു എന്നാണ് മുഖ്യആരോപണം. വോട്ടമാരുടെ ഒപ്പുകൾ ശേഖരിക്കുന്നതും രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതുമായ ജോലികളും പൂർണമായിരുന്നില്ല. ഉദ്യോഗസ്ഥർ അയച്ച വാട്ട്‌സ്ആപ് സന്ദേശങ്ങൾക്കും ഫോൺ കോളുകൾക്കും അവർ മറുപടി നൽകിയില്ല. ഇത് ഗുരുതരമായ സേവന അനാസ്ഥയായി കണക്കാക്കി ഭരണകൂടം കർശന നടപടി സ്വീകരിച്ചു.
ബി.എൽ.ഒയുടെ അശ്രദ്ധ 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 ന്റെ നേരിട്ടുള്ള ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. ഈ വകുപ്പ് മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താൻ വ്യവസ്ഥ ചെയ്യുന്നു. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ഈ കേസ് ലളിതമായ അശ്രദ്ധയല്ല, മറിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിച്ച ഗുരുതരമായ വീഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.