ഹവേരി: കർണാടകയിലെ ഹവേരിയിൽ കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിലായ ഏഴ് പ്രതികൾക്ക് വമ്പൻ സ്വീകരണമൊരുക്കി പ്രതികളുടെ അനുയായികൾ. 2024 ജനുവരിയിൽ 26കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ 17 മാസക്കാലമായി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഹവേരി സബ് ജയിൽ മോചിതരായതിനു ശേഷം പ്രതികളുടെ അനുയായികൾ ഇവർക്ക് സംഗീതവും ആർപ്പുവിളികളും നിറഞ്ഞ സ്വീകരണം നൽകുകയായിരുന്നു.
അഞ്ച് വാഹനങ്ങളിലായി 20 ലധികം അനുയായികൾ പങ്കെടുത്ത പ്രകടനം ഹാവേരി സബ് ജയിലിൽ നിന്ന് ആരംഭിച്ച് അക്കിയാലൂർ നഗരത്തിലാണ് അവസാനിച്ചത്. പ്രതികളെ പ്രകീർത്തിക്കുന്ന ആർപ്പുവിളികളും സംഗീതവും മോട്ടോർ വാഹനത്തിലെ വിജയാഘോഷ റാലിയിൽ ഉണ്ടായിരുന്നു. ഇത് സംസ്ഥാത്തെ സ്ത്രീ സുരക്ഷയ്ക്കെതിരെ ഉയരുന്ന ചോദ്യമാണ്.
ഹനഗലിലെ ഒരു ഹോട്ടലിൽ പങ്കാളിയുമൊത്ത് കഴിഞ്ഞിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യ പ്രതികളായി തിരിച്ചറിഞ്ഞ ഏഴു പേരുൾപ്പെടെ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ അഫ്താബ് ചന്ദനക്കട്ടി, മദാർ സാബ് മണ്ടക്കി, സമിവുള്ള ലാലനവർ, മുഹമ്മദ് സാദിഖ് അഗസിമാനി, ഷോയിബ് മുല്ല, തൗസിപ് ചോട്ടി, റിയാസ് സാവികേരി എന്നിവർക്കാണ് ഹാവേരി സെഷൻസ് കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണ സമയത്ത് പ്രതികളെ തിരിച്ചറിയാൻ അതിജീവിതയ്ക്ക് സാധിക്കാഞ്ഞത് പ്രതികളുടെ ജാമ്യം എളുപ്പമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.