ന്യൂഡല്‍ഹി: കൊൽക്കത്ത ആശുപത്രിയിൽ യുവ ഡോക്ടറുടെ ബലാത്സംഗക്കൊല കൈകാര്യം ചെയ്തതിൽ പശ്ചിമ ബംഗാൾ സർക്കാറിനെയും ബംഗാൾ പൊലീസിനെയും അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. രാജ്യത്ത് മാറ്റത്തിനായി ഇനി മറ്റൊരു ബലാത്സംഗത്തിനുകൂടി കാത്തിരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഓർമിപ്പിച്ചു. രാജ്യവ്യാപകമായി ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ബെഞ്ച്, നമ്മുടെ സംവിധാനങ്ങളെ ബാധിച്ച പ്രശ്നങ്ങളെ അഭിമുഖീകരിക്കാനാണ് സ്വമേധയാ കേസ് ഏറ്റെടുത്തതെന്ന് വ്യക്തമാക്കി.
മെഡിക്കല്‍ പ്രഫഷണലുകളുടെ തൊഴിൽ സാഹചര്യങ്ങളും സുരക്ഷാപ്രശ്നങ്ങളും പരിശോധിക്കാന്‍ പത്തംഗ ദേശീയ ദൗത്യസംഘത്തെ നിയോഗിച്ചു. ഇന്ത്യൻ നാവികസേനയിലെ വൈസ് അഡ്മിറൽ സർജൻ ആരതി സരിൻ ദൗത്യസംഘത്തെ നയിക്കും. ഒമ്പത് അംഗങ്ങളെയും നിയോഗിച്ച സുപ്രീംകോടതി കാബിനറ്റ്, ആഭ്യന്തര, ആരോഗ്യ സെക്രട്ടറിമാരെയും ദേശീയ മെഡിക്കല്‍ കമീഷന്, നാഷനല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഴ്സ് അധ്യക്ഷന്മാരെയും എക്സ് ഒഫിഷ്യോ അംഗങ്ങളായി നിയമിച്ചു. മൂന്നാഴ്ചക്കകം ഇടക്കാല റിപ്പോർട്ടും രണ്ട് മാസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കണം.
ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാഴാഴ്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐയോടും ആശുപത്രി അടിച്ചുതകര്‍ത്ത സംഭവത്തിലെ അന്വേഷണ പുരോഗതി അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോടും സുപ്രീംകോടതി നിർദേശിച്ചു. ആശുപത്രിയുടെ സുരക്ഷാ ചുമതല കേന്ദ്ര അർധ സൈനിക വിഭാഗത്തിന് നൽകുകയാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി
കൊൽക്കത്തയിലെ ഒരു ആശുപത്രിയിൽ നടന്ന ഡോക്ടറുടെ കൊലപാതകമായല്ല, രാജ്യത്തെ സർക്കാർ ആശുപത്രികളിലെ യുവഡോക്ടർമാരുടെ, വിശേഷിച്ചും വനിതാ ഡോക്ടർമാരുടെ സുരക്ഷിതത്വമില്ലായ്മയായാണ് വിഷയത്തെ കാണുന്നതെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
അതിനാൽ ദേശീയ സമവായത്തിലെത്തുകയും സുരക്ഷക്കായി ദേശീയ പ്രോട്ടോകോൾ രൂപപ്പെടുത്തുകയും വേണം. സ്ത്രീകൾക്ക് തൊഴിലിടത്തിലേക്ക് പോകാനോ സുരക്ഷിത ബോധമുണ്ടാകാനോ കഴിയുന്നില്ലെങ്കിൽ നാം അവർക്ക് തുല്യാവസരം നിഷേധിക്കുകയാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. മെഡിക്കൽ പ്രഫഷണലുകൾക്ക് മതിയായ വിശ്രമ മുറികളില്ലെന്നും സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ മുറികളില്ലെന്നും സുപ്രീംകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
കൊല്ലപ്പെട്ട ഇരയുടെ പേരും ചിത്രങ്ങളും വിഡിയോ ക്ലിപ്പുകളും മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിൽ കോടതി നടുക്കം രേഖപ്പെടുത്തി. രാവിലെ കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും അത് ആത്മഹത്യയാക്കി മാറ്റാനാണ് പ്രിൻസിപ്പാൾ ശ്രമിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി. രക്ഷിതാക്കൾ പരാതി നൽകിയശേഷം മൃതദേഹം ദഹിപ്പിച്ച് കഴിഞ്ഞാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഉച്ചക്ക് ഒരുമണിക്കും വൈകീട്ട് 4.45നുമിടയിൽ പോസ്റ്റ് മോർട്ടം കഴിഞ്ഞ് മൃതദേഹം രാത്രി 8.30ന് രക്ഷിതാക്കൾക്ക് വിട്ടുകൊടുത്തതാണ്. എന്നിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് രാത്രി 11.45നാണ്. ആശുപത്രിയിൽ പരാതി നൽകാൻ ആരുമുണ്ടായില്ലേ? ആശുപത്രി അധികൃതർ എന്തെടുക്കുകയായിരുന്നു? ഇര ബലാത്സംഗത്തിനിരയായാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായില്ലേ? പ്രിൻസിപ്പാൾ എന്തെടുക്കുകയായിരുന്നുവെന്നും ഈ കൊലപാതകം ഒരു ആത്മഹത്യയാക്കാൻ അദ്ദേഹം ശ്രമിച്ചതെന്തിനാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. മണിക്കൂറുകൾ രക്ഷിതാക്കളെ മൃതദേഹം കാണാൻപോലും അനുവദിച്ചില്ല. ഈ വിവരം തെറ്റാണെന്ന് ബംഗാൾ സർക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഖണ്ഡിച്ചപ്പോൾ ആർ.ജി കർ ആശുപത്രിയിൽനിന്ന് രാജിവെച്ചപ്പോൾ അദ്ദേഹത്തിന് മറ്റൊരു കോളജിന്റെ ചുമതല നൽകിയതെന്തിനാണെന്ന് ചീഫ് ജസ്റ്റിസ് തിരിച്ചുചോദിച്ചു.
ആഗസ്റ്റ് 14ന് രാത്രി സമാധാനപരമായ സമരത്തിന് നേരെ അഴിഞ്ഞാടാൻ ജനക്കൂട്ടത്തെ പൊലീസ് അനുവദിച്ചതെന്തുകൊണ്ടാണെന്നും ആശുപത്രിയൊന്നാകെ ജനക്കൂട്ടം കൈയേറി നിർണായക സംവിധാനങ്ങൾ തകർത്തപ്പോൾ പൊലീസ് എന്തു ചെയ്യുകയായിരുന്നുവെന്നും സുപ്രീംകോടതി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.