ന്യൂഡൽഹി: താൻ ആരെയും ഭയക്കുന്നില്ലെന്നും ജയിലിൽ അടച്ച് തന്നെ നിശബ്ദനാക്കാനാകില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തിനുമേൽ ആക്രമണം നടക്കുകയാണ്. തന്‍റെ പോരാട്ടം തുടരുമെന്നും രാഹുൽ പറഞ്ഞു. അയോഗ്യനാക്കി ലോക്സഭ അംഗത്വം റദ്ദാക്കിയതിനു പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.
ക്രിമിനൽ മാനനഷ്ട കേസിൽ ഗുജറാത്ത് കോടതിയുടെ ശിക്ഷാ വിധിക്കു പിന്നാലെയാണ് ലോക്സഭ സെക്രട്ടറി ജനറൽ ഉൽപൽ കുമാർ രാഹുലിനെ അയോഗ്യനാക്കി വിജ്ഞാപനമിറക്കിയത്. എല്ലാം തുടങ്ങിയത് പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങളെ തുടർന്നാണ്. താൻ ചോദിച്ചത് ഒരു ചോദ്യം മാത്രമാണ്. അദാനിയുടെ ഷെൽ കമ്പനിയിൽ നിക്ഷേപം നടത്തുന്നതാര്? അദാനിയും മോദിയും തമ്മിലുള്ള ബന്ധം എന്ത്‍? ഈ ചോദ്യമാണ് താൻ ലോക്സഭയിൽ ഉന്നയിച്ചത്. തന്‍റെ കത്തുകൾക്കൊന്നും സ്പീക്കർ മറുപടി നൽകുന്നില്ല.
സ്പീക്കറെ നേരിട്ടു കണ്ടിട്ടും പാർലമെന്‍റിൽ സംസാരിക്കാൻ അവസരം തന്നില്ല. തന്‍റെ പ്രസ്താവനകൾ സഭാ രേഖയിൽനിന്ന് നീക്കി. ചോദ്യം ചോദിക്കുന്നത് അവസാനിപ്പിക്കില്ല. താൻ ആരെയും ഭയക്കുന്നില്ല. അയോഗ്യതക്കും ഭീഷണിക്കും തന്നെ നിശബ്ദനാക്കാനാകില്ല. വയനാട്ടിലെ ജനങ്ങൾ തന്‍റെ കുടുംബമാണ്. കേസിന്‍റെ നിയമപരമായ കാര്യങ്ങളെ കുറിച്ച് ഇപ്പോൾ സംസാരിക്കുന്നില്ല. തന്നെ അയോഗ്യനാക്കിയത് മോദിയുടെ ഭയം കാരണമാണ്. തന്‍റെ അടുത്ത പ്രസംഗത്തെ മോദി ഭയക്കുന്നതു കൊണ്ടാണ് തന്നെ അയോഗ്യനാക്കിയത്.
മോദിയുടെ കണ്ണുകളിൽ ഭയം കാണുന്നു. അതുകൊണ്ട് താൻ പാർലമെന്റിൽ സംസാരിക്കരുതെന്ന് അവർ ആഗ്രഹിക്കുന്നു. ജനാധിപത്യത്തിനുവേണ്ടിയാണ് തന്‍റെ പോരാട്ടം. താൻ പറയുന്നത് സത്യം മാത്രം. തന്നെ പിന്തുണച്ച പ്രതിപക്ഷ കക്ഷികൾക്ക് നന്ദിയുണ്ടെന്നും രാഹുൽ അര മണിക്കൂർ നീണ്ട വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധിക്ക് അപ്പീൽ പോകാൻ 30 ദിവസത്തേക്ക് ശിക്ഷ മരവിപ്പിച്ച് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, മേൽകോടതിയുടെ വിധിക്ക് കാത്തുനിൽക്കാതെയാണ് ലോക്സഭ സെക്രട്ടേറിയറ്റിന്റെ നടപടി.
രാഹുലിന്റെ അംഗത്വം റദ്ദായതോടെ വയനാട് ലോക്സഭ മണ്ഡലത്തിലേക്ക് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകും. ഇന്നലെ രാത്രിയോടെ, ലോക്സഭ വെബ്സൈറ്റിൽ വയനാട് മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണെന്ന് അറിയിപ്പുവന്നു. രാഹുലിനെ അയോഗ്യനാക്കിയത് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. കർണാടകയിലെ കോലാറിൽ 2019ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ‘എല്ലാ കള്ളന്മാർക്കും മോദിയെന്ന പേര് എന്തുകൊണ്ടുവന്നു’ എന്നു ചോദിച്ചതിനാണ് ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയുടെ പരാതിയിൽ രാഹുൽ ഗാന്ധിക്ക് ക്രിമിനൽ മാനനഷ്ട കേസിൽ പരമാവധി ശിക്ഷയായ രണ്ടുവർഷം തടവും 15,000 രൂപ പിഴയും
സൂറത്ത് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്.എച്ച്. വർമ വിധിച്ചത്. നടപടിക്കെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധ സമരങ്ങൾ നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.