ന്യൂഡൽഹി: ഓർഡർ ചെയ്ത ജന്മദിന കേക്ക് ഡെലിവറി ചെയ്യാതിരിക്കുകയും ഉപഭോക്താവിന് പണം തിരികെ നൽകാൻ വിസമ്മതിക്കുകയും ചെയ്ത ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമിന് കനത്ത തിരിച്ചടി. 'ഇന്ത്യാകേക്ക്സ്' എന്ന കമ്പനിക്ക് സേവന വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി ഉപഭോക്തൃ കോടതി 5,000 രൂപയിലധികം പിഴയും നഷ്ടപരിഹാരവും വിധിച്ചു.
കമ്പനിയുടെ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞ കോടതി 60 ദിവസത്തിനകം തുക പരാതിക്കാരന് നൽകാൻ ഉത്തരവിട്ടു. കേക്ക് ലഭിക്കാത്തതു മൂലം ഉപഭോക്താവിനും കുടുംബത്തിനും ഉണ്ടായ മാനസിക വിഷമങ്ങൾക്കും ബുദ്ധിമുട്ടുകൾക്കുമുള്ള നഷ്ടപരിഹാരവും ഉപഭോക്താവിന് നിയമനടപടികൾക്കായി ചെലവായ തുകയും കൊടുക്കണം.
തന്റെ മുത്തശ്ശിയുടെ ജന്മദിനത്തിന് സമ്മാനമായി നൽകാനാണ് പരാതിക്കാരൻ ഒരു കേക്കും പൂച്ചെണ്ടും ഓർഡർ ചെയ്തത്. നിശ്ചിത സ്ഥലത്തുനിന്ന് ദൂരം കൂടുതലാണെന്ന് പറഞ്ഞതിനെ തുടർന്ന് അധിക ഡെലിവറി ചാർജും ഉപഭോക്താവ് മുൻകൂട്ടി അടച്ചിരുന്നു. എന്നാൽ ഓർഡർ കൃത്യസമയത്ത് എത്തിയില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, കേക്ക് നശിച്ചുപോകുന്ന സാധനമായതിനാൽ പണം തിരികെ നൽകില്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. ഡെലിവറി ഏജന്റ് വീട്ടിലെത്തിയെന്നും എന്നാൽ ഉപഭോക്താവിന്റെ കുടുംബം കേക്ക് കൈപ്പറ്റാൻ വിസമ്മതിച്ചതുകൊണ്ടാണ് മടക്കിക്കൊണ്ടുപോയതെന്നും കമ്പനി കോടതിയിൽ വാദിച്ചു.
എന്നാൽ, കമ്പനിയുടെ കസ്റ്റമർ കെയറുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ റെക്കോർഡിംഗ് പരാതിക്കാരൻ കോടതിയിൽ ഹാജരാക്കി. നിശ്ചിത സ്ഥലം വളരെ ദൂരെയായതിനാൽ ഡെലിവറി ഏജന്റ് അങ്ങോട്ട് പോയിട്ടേയില്ല എന്ന് ഈ ഫോൺ റെക്കോർഡിൽ വ്യക്തമായിരുന്നു. ഇതോടെ കമ്പനിയുടെ വ്യാജവാദം കോടതിയിൽ പൊളിഞ്ഞു.
ഓർഡർ എത്തിക്കാൻ കഴിയാത്ത ദൂരത്തിലുള്ള സ്ഥലങ്ങളാണെങ്കിൽ പണം കൂപ്പൺ കോഡുകളായി തിരികെ നൽകുമെന്ന് ഇന്ത്യാകേക്ക്സിന്റെ സ്വന്തം നിബന്ധനകളിൽ പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാണിച്ച കോടതി, കമ്പനി സ്വന്തം പോളിസികൾക്ക് വിരുദ്ധമായാണ് പ്രവർത്തിച്ചതെന്നും ഉപഭോക്താവിനെ വഞ്ചിക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.