ചണ്ഡീഗഡ്: കാലിക്കടത്ത് ആരോപിച്ച് അരുംകൊല വീണ്ടും. രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ നാസിർ (27), ജുനൈദ് (35) എന്നിവരെയാണ് ഹരിയാനയിലെ ഭീവാനിയിൽ വാഹനത്തിൽ ചുട്ടുകൊന്ന നിലയിൽ കണ്ടെത്തിയത്. ബജ്റങ്ദൾ പ്രവർത്തകരായ പശുസംരക്ഷക ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു.
എന്നാൽ, ഇവർ കൊല്ലപ്പെട്ടതാണോ അപകടത്തിൽ മരിച്ചതാണോ എന്ന് പറയാനായിട്ടില്ലെന്നാണ് പൊലീസ് നിലപാട്. കാലിക്കടത്തുകാരെന്ന് ആരോപിക്കപ്പെട്ടവരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് ഭരത്പുർ ഐ.ജി ഗൗരവ് ശ്രീവാസ്തവ പറഞ്ഞു.
എന്നാൽ, വാഹനത്തിൽനിന്ന് അതിന് തക്ക തെളിവ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച വൈകീട്ട് നാസിറും ജുനൈദും വീട്ടുസാധനങ്ങൾ വാങ്ങാൻ സമീപ ഗ്രാമത്തിൽ പോയതായിരുന്നുവെന്നും കുടുംബങ്ങൾ പറഞ്ഞു. ഇരുവർക്കും പശുക്കടത്തുമായി ഒരു ബന്ധവുമില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി.
ഭിവാനിയിലെ ലൊഹരു മേഖലയിൽ നാലുചക്ര വാഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ഗ്രാമവാസിയാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടൻ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങൾ വാഹനത്തിനുള്ളിൽ കണ്ടെത്തിയത്. മരിച്ച വ്യക്തികളുടെ പരിചയക്കാരനായ അസീൻ ഖാൻ എന്നയാളുടെതാണ് വാഹനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.