മനഃസമാധാനം നഷ്ടമായി... മാപ്പ്, പണം തിരികെ നൽകുന്നു... -എന്ന് കള്ളൻ

ചെന്നൈ: ക്ഷേത്ര ഭണ്ഡാരം മോഷ്ടിച്ച കള്ളൻ പണം തിരികെ നൽകിയും കത്തിലൂടെ ക്ഷമ ചോദിച്ചും 'വ്യത്യസ്തനായി'. തമിഴ്നാട് റാണിപേട്ടിന് സമീപത്തെ ലാലാപേട്ടിലുള്ള ശിവക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഒരാഴ്ച മുമ്പ് കളവ്പോയത്. മോഷണത്തിന് ദിവസങ്ങൾക്ക് ശേഷം ചൊവ്വാഴ്‌ച വൈകിട്ട് ക്ഷേത്രം അധികൃതർ പതിവുപോലെ മറ്റൊരു ഭണ്ഡാരം തുറന്നപ്പോൾ 500 രൂപയുടെ ഇരുപത് നോട്ടുകൾ കണ്ടു. ഇതോടൊപ്പം മോഷ്ടാവിന്‍റെ ക്ഷമാപണ കത്തും ഉണ്ടായിരുന്നു.

ജൂൺ 14ന് പൗർണമി ദിനത്തിലാണ് ക്ഷേത്രത്തിൽ നിന്ന് പണം മോഷ്ടിച്ചത്. ഈ ദിവസം ശുഭദിനമെന്ന് വിശ്വസിക്കുന്നതിനാൽ നഗരത്തിൽ നിന്നുപോലും ആളുകൾ ധാരാളമായി എത്തുമെന്ന് അറിയാം. അതിനാൽ കൂടുതൽ പണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്നുതന്നെ ഭണ്ഡാരം പൊളിച്ചത്. എന്നാൽ, മോഷണത്തിന് ശേഷം മനഃസമാധാനം നഷ്ടമായി. കുടുംബം നിരവധി പ്രശ്‌നങ്ങളാണ് പിന്നീട് നേരിട്ടത്. അതിനാൽ, കുറ്റബോധം തോന്നി പണം തിരികെ നൽകുന്നു' -കള്ളൻ കത്തിൽ എഴുതി.

മോഷണം സംബന്ധിച്ച് ശിവക്ഷേത്ര അധികൃതർ ഒരാഴ്ച മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കുറച്ച് ദിവസത്തേക്ക് പൊലീസ് ക്ഷേത്രം അടച്ചു. പക്ഷെ, ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിൽ കവർച്ചക്കാരനെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതായപ്പോൾ ക്ഷേത്രം വീണ്ടും തുറന്നു.

അതേസമയം, പണം തിരികെ തന്നതുകൊണ്ട് കേസ് അവസാനിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. 'ഇത് കുറ്റബോധമല്ല, ഞങ്ങൾ തീർച്ചയായും പിടിക്കുമെന്ന് അവനറിയാം. ക്ഷേത്രവും ചുറ്റുപാടും കൃത്യമായി അറിയാവുന്ന ആളാകാം മോഷ്ടാവ് എന്ന് പൊലീസ് സംശയിച്ചിരുന്നു. ഇത് മനസിലാക്കിയതോടെ ഉടൻ പിടിയിലാകുമോ എന്ന ഭയത്തിലാണ് കള്ളന്‍റെ ഇപ്പോഴത്തെ നീക്കം. അന്വേഷണം തുടരും, മോഷ്ടാവിനെ ഉടൻ പിടികൂടും -പൊലീസ് വ്യക്തമായി.

Tags:    
News Summary - Burglar returns money stolen from Shiv Temple in Tamil Nadu, leaves apology note and seeks forgiveness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.