ബുളളറ്റ് ട്രെയിൻ പദ്ധതികൾക്ക് വേഗമേറും: 'ബണ്ടിൽഡ് ക്ലിയറൻസ്' രീതിയുമായി ഇന്ത്യൻ റെയിൽവെ

ന്യൂഡൽഹി: രാജ്യത്തെ അതിവേഗ റെയിൽ ഇടനാഴികളുടെ നിർമ്മാണം വേഗത്തിലാക്കാൻ ഇന്ത്യൻ റെയിൽവെ. പദ്ധതികൾക്കായുള്ള വിവിധ സർക്കാർ അനുമതികൾ ഒരേസമയം നേടിയെടുക്കുന്ന 'ബണ്ടിൽഡ് ക്ലിയറൻസ്' എന്ന രീതിയാണ് ഇതിനായി  പ്രഖ്യാപിച്ചിട്ടുളളത്.

മിഷൻ മോഡ് സമീപനം സ്വീകരിച്ചും കേന്ദ്ര-സംസ്ഥാന- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ബണ്ടിൽഡ് ക്ലിയറൻസുകൾ നേടിയുമായിരിക്കും ഈ നീക്കം. രാജ്യത്തെ ആദ്യത്തെ അതിവേഗ റെയിൽ പദ്ധതിയിൽ കാണുന്ന കാലതാമസം മറികടക്കുന്നതിനും വേഗത്തിലുള്ള ഭൂമി ഏറ്റെടുക്കലും ശരിയായ പാതക്കുളള അനുമതികളും ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം.

ഇന്ത്യയിലെ ആദ്യ ബുളളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഇടനാഴിയിലുണ്ടായ കനത്ത കാലതാമസവും നിർമ്മാണച്ചെലവിലെ വർധനവും പാഠമാക്കിയാണ് റെയിൽവേ പുതിയ നീക്കം നടത്തുന്നത്. ഭൂമി ഏറ്റെടുക്കൽ, പാരിസ്ഥിതിക അനുമതികൾ തുടങ്ങിയ കാര്യങ്ങൾക്കായി കാത്തിരിക്കുന്നത് ഒഴിവാക്കി എല്ലാ അനുമതികളും ഒരേസമയം ലഭ്യമാക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കും.

ഇന്ത്യൻ റെയിൽവേ 7 പുതിയ ബുള്ളറ്റ് ട്രെയിൻ പദ്ധതികളാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുളളത്. 2026-27 ലെ കേന്ദ്ര ബജറ്റിലായിരുന്നു ബുള്ളറ്റ് ട്രെയിൻ ഇടനാഴികൾക്കുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നത്. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡൽഹി-വാരാണസി, വാരണാസി-സിലിഗുരി എന്നിവയാണ് ഈ വളർച്ച കണക്ടറുകളിൽ ഉൾപ്പെടുന്നത്. 

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ചെലവ് ഏകദേശം 1.98 ലക്ഷം കോടി രൂപയായി വർധിച്ചിട്ടുണ്ട്. ഇത് യഥാർത്ഥ എസ്റ്റിമേറ്റിൽ നിന്ന് 1.08 ലക്ഷം കോടി രൂപയായി ഉയർന്നു. ഭൂമി ഏറ്റെടുക്കലിലെ ദീർഘകാല കാലതാമസമാണ് ഈ വർധനവിന് പ്രധാന കാരണം. വരാനിരിക്കുന്ന ഇടനാഴികളിൽ സമാനമായ തിരിച്ചടികൾ തടയുന്നതിനാണ് ബണ്ടിൽഡ്-അപ്രൂവൽ മെക്കാനിസവും മിഷൻ-മോഡ് ഇംപ്ലിമെന്റേഷനും കൃത്യമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സ്ലാബുകൾ ഫാക്ടറികളിൽ നിർമ്മിച്ച് സൈറ്റുകളിൽ എത്തിച്ച് സ്ഥാപിക്കുന്ന രീതിയിലൂടെ നിർമ്മാണ സമയം ഗണ്യമായി കുറക്കാൻ സാധിക്കും. മണിക്കൂറിൽ 250 കി.മീ വേഗതയിലായിരിക്കും ട്രെയിൻ കുതിക്കുക. ട്രെയിനുകൾക്ക് 320 കി.മീ വേഗതയിൽ സുഗമമായി സഞ്ചരിക്കാൻ ജാപ്പനീസ് സാങ്കേതികവിദ്യയിലുള്ള 'ജെ-സ്ലാബ്' ട്രാക്കുകളാണ് ഉപയോഗിക്കുന്നത്.

മുംബൈ-അഹമ്മദാബാദ് ഇടനാഴിയുടെ പണി നിലവിൽ 59% പൂർത്തിയായിട്ടുണ്ട്. ഈ പാതയുടെ ആദ്യഘട്ടം (സൂറത്ത് - വാപി) 2027 ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്. കേരളത്തിലേക്ക് നിലവിൽ ബുള്ളറ്റ് ട്രെയിൻ പാതകൾ കേന്ദ്രം അനുവദിച്ചിട്ടില്ലെങ്കിലും ചെന്നൈ-കൊച്ചി-തിരുവനന്തപുരം പാതയെക്കുറിച്ചുള്ള സാധ്യതാപഠനത്തിന് തമിഴ്നാട് സർക്കാർ കേന്ദ്രത്തോട് അനുമതി തേടിയിട്ടുണ്ട്.

Tags:    
News Summary - Bullet train projects will gain speed: Indian Railways with bundled clearance method

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.