ഗുവാഹത്തി: 150 വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് അസമിലെ കുടിയൊഴിപ്പിക്കൽ കടുപ്പിച്ച് ബി.ജെ.പി ഭരണകൂടം. കച്ചുതാലി ഗ്രാമത്തിലെ കുടിയൊഴിപ്പിക്കൽ അക്രമാസക്തമായി പൊലീസ് വെടിവെപ്പിൽ രണ്ട് ഗ്രാമീണർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത് 12 ദിവസങ്ങൾക്കുശേഷം ബുൾഡോസറുമായെത്തി അധികൃതർ പൊളിക്കൽ പുനഃരാരംഭിച്ചു. 150 വീടുകൾ തകർത്തതായാണ് റിപ്പോർട്ട്.
മുസ്ലിംകളാണ് അവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും. ഈ പ്രദേശം ദക്ഷിണ കാംരൂപിലെ വിജ്ഞാപനം ചെയ്യപ്പെട്ട ആദിവാസി മേഖലയുടെ കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുടിയൊഴിപ്പിക്കൽ നടപടി ആരംഭിച്ചത്. ഗോത്ര മേഖലകളിലെയും ബ്ലോക്കുകളിലെയും വിൽപന, വാങ്ങൽ, പാട്ടം, തീർപ്പാക്കൽ എന്നിവ പട്ടികവർഗങ്ങൾ, പട്ടികജാതിക്കാർ, സന്താളുകൾ, തേയിലത്തോട്ടത്തിലെ ഗോത്ര വിഭാഗങ്ങൾ, ഗൂർഖകൾ എന്നിവർ ഉൾപ്പെടുന്ന ‘സംരക്ഷിത വിഭാഗങ്ങൾ’ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
സെപ്തംബർ 9നാണ് കാംരൂപ് മെട്രോപൊളിറ്റൻ ജില്ല ഭരണകൂടവും പൊലീസും ആദ്യം ഗ്രാമത്തിലെത്തിയത്. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ 151 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും 237 കെട്ടിടങ്ങൾ തകർക്കുകയും ചെയ്തു. നാലാംദിനം കാര്യങ്ങൾ അക്രമാസക്തമായി. പ്രദേശവാസികൾ മൂർച്ചയുള്ള ആയുധങ്ങളും കല്ലുകളും ഉപയോഗിച്ച് തങ്ങളെ ആക്രമിച്ചതായും പ്രതികാരമായി പൊലീസ് ഉദ്യോഗസ്ഥർ വെടിയുതിർക്കുകയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തതായും പൊലീസ് വാദിച്ചു.
വെടിവെപ്പിൽ താമസക്കാരായ ഹൈദർ അലി (22), സുബാഹിർ അലി (19) എന്നിവർ കൊല്ലപ്പെടുകയും 11 നിവാസികൾക്ക് പരിക്കേൽക്കുകയും ചെയ്തു. സർക്കിൾ ഓഫിസറും രണ്ട് പോലീസ് സ്റ്റേഷനുകളുടെ ചുമതലയുള്ള ഓഫിസർമാരും ഉൾപ്പെടെ 22 പൊലീസുകാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. അക്രമത്തിന് പിന്നിൽ ഗൂഢാലോചന നടന്നതായി അസം ഡജി.ജി.പി ജി.പി. സിങ് ആരോപിച്ചു. എന്നാൽ, അവിടെ നിന്ന് മാറാൻ പോലുമുള്ള സാവകാശം തരാതെ ഭക്ഷണവും സാധനങ്ങളും പൊലീസ് വലിച്ചെറിയാൻ തുടങ്ങിയതോടെയാണ് തങ്ങൾ പ്രതികരിച്ചതെന്ന് താമസക്കാർ പറഞ്ഞു. കുറേ കുടുംബങ്ങൾ ഗുവാഹത്തിയിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള ഗ്രാമം വിട്ടുപോയെങ്കിലും ഏതാനും പേർ പൊളിച്ചുകളഞ്ഞ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ തന്നെ തുടർന്നു.
അധികൃതർ ഗ്രാമവാസികളെ ‘ബംഗ്ലാദേശികൾ’ എന്ന് മുദ്ര കുത്തുകയും ‘ഭൂമി ജിഹാദ്’ നടത്തുന്നതായി ആരോപിക്കുകയും ചെയ്തു. എന്നാൽ, ഇത്തരം ആരോപണങ്ങളെ നിവാസികൾ തള്ളിക്കളഞ്ഞു. ഞങ്ങളിൽ പലരും 20 വർഷത്തോളമായി ഇവിടെയുണ്ട്. ഞങ്ങളാരും ഇവിടെ ഭൂമി കയ്യേറിയിട്ടില്ല. അത് വാങ്ങിയതാണ്. എന്നിട്ടും ഞങ്ങളെ ബംഗ്ലാദേശി പൗരന്മാർ എന്ന് വിളിക്കുന്നു. മോറിഗാവ് ജില്ലയിലെ ഗഗൽമാരി പഞ്ചായത്തിൽ നദിയുടെ മണ്ണൊലിപ്പ് മൂലമുണ്ടായ നാശം കാരണം എന്റെ കുടുംബം ഇങ്ങോട്ട് താമസം മാറ്റി. മൊറിഗാവിലെ ഒരേ ബെൽറ്റിൽ നിന്നുള്ളവരാണ് ഇവിടെയുള്ള മിക്ക കുടുംബങ്ങളും - 60 കാരനായ അലി ഹുസൈൻ പറഞ്ഞു.
ഈ മാസം 12 മുതൽ പ്രദേശത്ത് കുടിയൊഴിപ്പിക്കൽ പ്രവർത്തനങ്ങൾ നിലച്ചിരുന്നു. ചില താമസക്കാർ നീതി തേടി ഗുവാഹത്തി ഹൈകോടതിയെ സമീപിക്കുകയുണ്ടായി. ഈ പ്രദേശം ആദിവാസി മേഖലയായി വിജ്ഞാപനം ചെയ്യപ്പെടുന്നതിനുമുമ്പ് 1920കളിൽ തങ്ങൾക്ക് പട്ടയം നൽകിയിരുന്നുവെന്ന് അവകാശപ്പെട്ട് 49 നിവാസികൾ ഒഴിപ്പിക്കൽ ഉത്തരവിനെ ചോദ്യം ചെയ്തു. അവരുടെ വാദത്തിൽ തീരുമാനമെടുക്കാനും അവരുടെ പ്രാതിനിധ്യം തീർപ്പാക്കുന്നതുവരെ പുറത്താക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഡെപ്യൂട്ടി കമീഷണർക്ക് കോടതി നിർദേശം നൽകി. എന്നാൽ, ചൊവ്വാഴ്ച ഒഴിപ്പിക്കൽ പുനഃരാരംഭിക്കുകയായിരുന്നു. ഹരജിക്കാരുടെ വീടുകളെ ബാധിച്ചിട്ടില്ലെന്നാണ് സോനാപൂർ സർക്കിൾ ഓഫിസർ നിതുൽ ഖതാനിയാർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
യു.പി സർക്കാറിന്റെ ബുൾഡോസർ രാജിനെതിരെ സുപ്രീംകോടി നിരന്തരം മുന്നറിയിപ്പു നൽകുന്നതിനിടെയാണ് അസം ഭരണകൂടം മുസ്‍ലിം താസമക്കാർക്കെതിരെ വിവേചനപരമായി മുന്നോട്ടുപോവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.