ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പരാജയത്തിൽ പരിഹസിച്ച് ബി.ആർ.എസ് നേതാവ് കെ.ടി. രാമറാവു. ബി.ജെ.പിയുടെ വിജയത്തിന് രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ടാണ് രാമറാവു തന്‍റെ സമൂഹമാധ്യമ പോസ്റ്റ് പങ്കുവെച്ചത്. "ബി.ജെ.പിക്ക് വേണ്ടി വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ," എന്നാണ് അദ്ദേഹം എക്‌സ് പോസ്റ്റിൽ കുറിച്ചത്.
48 സീറ്റുകളിൽ ജയിച്ചാണ് ബി.ജെ.പി ഡൽഹിയിൽ അധികാരം ഉറപ്പിച്ചത്. ആം ആദ്മി പാർട്ടി 22 സീറ്റിലാണ് വിജയിച്ചത്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. ഇക്കുറിയും ഒരു സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിനായില്ല.
2020ലെ തെരഞ്ഞെടുപ്പിൽ 62 സീറ്റുകളിലാണ് എ.എ.പി ജയിച്ചത്. എട്ട് സീറ്റുകളിൽ ബി.ജെ.പി വിജയിച്ചപ്പോൾ കോൺഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയില്ല. 2015ലെ തെരഞ്ഞെടുപ്പിൽ 67 സീറ്റുകളിലാണ് എ.എ.പി വിജയിച്ചത്. അന്ന് മൂന്ന് സീറ്റിൽ ബി.ജെ.പി വിജയിച്ചപ്പോൾ കോൺഗ്രസിന് പൂജ്യം സീറ്റാണ് കിട്ടിയത്. ഇക്കുറി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വലിയ പ്രചാരണം നടത്തിയിട്ടും തെരഞ്ഞെടുപ്പിൽ മുന്നേറാൻ കോൺഗ്രസിന് കഴിഞ്ഞില്ല. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ കോൺഗ്രസ് ഒരു സീറ്റിൽ മുന്നേറിയെങ്കിലും പിന്നീട് പിന്നാക്കം പോവുകയായിരുന്നു.
അതേസമയം, തോൽവി അംഗീകരിക്കുന്നുവെന്നും ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും ആം ആദ്മി പാർട്ടി (എ.എ.പി) കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ അറിയിച്ചു. എ.എ.പിയെ ജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നാണ് ഫലമറിഞ്ഞതിന് പിന്നാലെ കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.