ന്യൂഡൽഹി: ബി.ജെ.പി എം.പിയും റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ഡൽഹി പൊലീസ് നടത്തുന്ന അന്വേഷണത്തിന് കോടതി മേൽനോട്ടത്തിന് ഉത്തരവിടണമെന്ന വനിത ഗുസ്തി താരങ്ങളുടെ ആവശ്യം സുപ്രീംകോടതി തള്ളി. ബ്രിജ് ഭൂഷണിനെതിരെ ഡൽഹി പൊലീസ് കേസെടുത്തെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചത് കണക്കിലെടുത്ത് ഏഴ് ഇന്ത്യൻ താരങ്ങളുടെ ഹരജി തീർപ്പാക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഡൽഹി പൊലീസ് കാര്യമായ നടപടിയെടുത്തില്ലെന്ന് ഗുസ്തി താരങ്ങൾ ബോധിപ്പിച്ചെങ്കിലും അത്തരം വിഷയങ്ങളുമായി മജിസ്ട്രേറ്റ് കോടതിയെയോ, ഡൽഹി ഹൈകോടതിയെയോ സമീപിക്കണമെന്ന് കോടതി നിർദേശിച്ചു.
ഏപ്രിൽ 21ന് ഡൽഹി പൊലീസിന് പരാതി നൽകിയിട്ടും ഗുസ്തി താരങ്ങൾ സുപ്രീംകോടതിയിലെത്തിയ ശേഷം ഏപ്രിൽ 28നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഏപ്രിൽ 29ന് ബാലികയായ പരാതിക്കാരിയെ ഔദ്യോഗികനോട്ടീസില്ലാതെ ടെലിഫോണിൽ വിളിച്ചാണ് മൊഴിയെടുത്തത്. അതിനുശേഷം മൂന്ന് ദിവസമായി ഒരു നടപടിയുമില്ലെന്നും മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ നരേന്ദർ ഹൂഡ പറഞ്ഞു. അതേസമയം പ്രതിയായ ബ്രിജ്ഭൂഷൺ ഒരു ടി.വി സ്റ്റാർ ആയെന്നും ദിനേന ചാനലുകൾക്ക് അഭിമുഖം നൽകിക്കൊണ്ടിരിക്കുകയാണെന്നും പരാതിക്കാരികളുടെ പേരുകൾ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഹൂഡ കുറ്റപ്പെടുത്തി.
എന്നാൽ തന്റെ കക്ഷിയെ കേൾക്കാതെയാണ് സുപ്രീംകോടതി ഉത്തരവിട്ടതെന്ന് ബ്രിജ് ഭൂഷണിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു. അന്വേഷണം നന്നായി നടത്തുന്നുണ്ടെന്നും മുതിർന്ന വനിത ഉദ്യോഗസ്ഥയാണ് മൊഴിയെടുത്തതെന്നും ഡൽഹി പൊലീസിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും പറഞ്ഞു.ഈ കേസുമായി ബന്ധപ്പെട്ട ഡൽഹി പൊലീസിന്റെ സമീപനം കണക്കിലെടുത്ത് സുപ്രീംകോടതിയോ വിരമിച്ച ജഡ്ജിയോ ബ്രിജ് ഭൂഷണിനെതിരായ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്ന് ഗുസ്തി താരങ്ങൾക്ക് വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ നരേന്ദർ ഹൂഡ ആവശ്യപ്പെട്ടു. സുപ്രീംകോടതി കേസ് തീർപ്പാക്കി നടപടികൾ അവസാനിപ്പിച്ചാൽ പിന്നെ ഡൽഹി പൊലീസ് കാലതാമസം വരുത്തുമെന്ന് ഹൂഡ വാദിച്ചെങ്കിലും ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങുന്ന ബെഞ്ച് അംഗീകരിച്ചില്ല. ലൈംഗിക പീഡനപരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ സുപ്രീംകോടതിയെ സമീപിച്ചതെന്നും അതിന്മേലുള്ള നടപടികൾ ഈ ഘട്ടത്തിൽ അവസാനിപ്പിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. മേൽനോട്ടം ആവശ്യമില്ലാത്ത ഒരു കേസാണിതെന്ന് കോടതി പറയുന്നില്ല.
തുടർന്നുള്ള ആവലാതികളുമായി മജിസ്ട്രേറ്റ് കോടതിയെയോ ഹൈകോടതിയെയോ സമീപിക്കാം. ക്രിമിനൽ നടപടിക്രമം 482ാം വകുപ്പു പ്രകാരം ഡൽഹി ഹൈകോടതിയെ സമീപിക്കാം. പരാതിക്കാരിയായ ബാലികയുടെ മൊഴി ഏപ്രിൽ 29നും നാലുപേരുടെ മൊഴി മേയ് മൂന്നിനും രേഖപ്പെടുത്തിയതാണെന്നും ക്രിമിനൽ നടപടിക്രമം 164 പ്രകാരം മജിസ്ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്താൻ നടപടിയെടുക്കുകയാണെന്നും ഡൽഹി പൊലീസ് രേഖാമൂലം അറിയിച്ചുവെന്ന് സുപ്രീംകോടതി കേസ് തീർപ്പാക്കിയ ഉത്തരവിൽ രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.