പ്രതീകാത്മക ചിത്രം
ബെല്ലിയ (യു.പി): വിവാഹത്തിന് വരന്റെ വീട്ടുകാർ കൊണ്ടുവന്ന സാരി ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് വധു വിവാഹത്തിൽനിന്ന് പിന്മാറി. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ശനിയാഴ്ചയാണ് നാടകീയ സംഭവം. ഇതേച്ചൊല്ലിയുണ്ടായ തർക്കം ഇരു കുടുംബങ്ങളും തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
രേവതി പോലീസ് സ്റ്റേഷൻ പരിധിയിലെ ഗായ്‌ഘട്ട് ഗ്രാമത്തിലെ പഞ്ചരുഖി ദേവി ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ വരന്റെ വീട്ടുകാർ നൽകിയ സാരി വധുവിന് നൽകുകയും. എന്നാൽ, സാരി തനിക്ക് അനുയോജ്യമല്ലെന്നും നിലവാരമില്ലാത്തതാണെന്നും ആരോപിച്ച് യുവതി വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു. വീട്ടുകാർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വധു തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. തുടർന്നുണ്ടായ തർക്കം മുറുകിയതോടെ ഇരുവീട്ടുകാരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും സംഘർഷത്തിൽ ചെന്നെത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മർദനത്തിൽ വധുവിന്റെ സഹോദരനും മാതാവിനുമടക്കം പരിക്കേറ്റു. ഇതോടെ വിവാഹ ചടങ്ങുകൾ നിർത്തിവെച്ച് വരനും സംഘവും മടങ്ങുകയായിരുന്നു. സംഭവത്തിൽ വധുവിന്റെ പിതാവ് നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുഹമ്മദ് ഫാഹിം ഖുറേഷി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.