'അവരുടെ കാല് തല്ലി ഒടിക്കൂ, ഞാൻ ജാമ്യം തരാം': ഉദ്ധവിനെതിരെ ഷിൻഡെ വിഭാഗം എം.എൽ.എ

മുംബൈ: മഹാരാഷ്ട്രയിൽ വൻ കുതിരക്കച്ചവടത്തിലൂടെ ബി.ജെ.പി ശിവസേനയിൽ ഒരു വിഭാഗത്തെ അടർത്തിയെടുത്ത് അധികാരം കൈയാളിയെങ്കിലും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ഉദ്ധവ്-ഷിൻഡെ വിഭാഗം തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്കൊപ്പമുള്ള പാർട്ടി എം.എൽ.എമാരിൽ ഒരാളായ പ്രകാശ് സർവെ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ഇയാൾക്കെതിരെ ഉദ്ധവ് താക്കറെയുടെ ശിവസേന പൊലീസിൽ പരാതി നൽകി. "നിങ്ങൾക്ക് അവരുടെ കൈ ഒടിക്കാൻ കഴിയുന്നില്ലെങ്കിൽ അവരുടെ കാല് ഒടിക്കൂ. നിങ്ങളെ ജാമ്യത്തിൽ വിടാൻ ഞാൻ വരാം'' -എന്നായിരുന്നു പ്രകോപനപരമായ പ്രസംഗം. താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ കുറിച്ചാണ് സർവെ സംസാരിച്ചത്. സർവെയുടെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആഗസ്റ്റ് 14ന് മുംബൈയിലെ മഗതാനെ ഏരിയയിലെ കൊക്കാനി പദ ബുദ്ധ വിഹാറിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും പറഞ്ഞാൽ അവർക്ക് മറുപടി പറയൂ" -അദ്ദേഹം സദസ്സിനോട് പറഞ്ഞു. "ആരുടെയും ദാദാഗിരി പൊറുക്കില്ല. നിങ്ങൾ അവരെ അടിക്കൂ. പ്രകാശ് സർവേ എന്ന ഞാൻ നിങ്ങൾക്കായി ഇവിടെയുണ്ട്. നിങ്ങൾക്ക് അവരുടെ കൈകൾ ഒടിക്കാനായില്ലെങ്കിൽ അവരുടെ കാലുകൾ ഒടിക്കൂ. അടുത്ത ദിവസം ഞാൻ നിങ്ങൾക്ക് ജാമ്യം തരാം. വിഷമിക്കേണ്ട. ഞങ്ങൾ ആരുമായും യുദ്ധം ചെയ്യില്ല. എന്നാൽ ആരെങ്കിലും ഞങ്ങളോട് വഴക്കിട്ടാൽ ഞങ്ങൾ അവരെ വെറുതെ വിടില്ല" -അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകോപനപരമായ പ്രസ്താവനയിൽ പ്രതിഷേധിച്ച് താക്കറെ വിഭാഗം ദഹിസർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - "Break Their Legs, I'll Get You Bail": Team Shinde MLA's Viral Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.