ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്‍കരിക്കണം -നന്ദിനി സുന്ദർ

ന്യൂഡൽഹി: ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്നും ഫലസ്തീനിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം ജനീവ കൺവെൻഷന് വിരുദ്ധമാണെന്നും സാമൂഹിക ശാസ്ത്രജ്ഞ നന്ദിനി സുന്ദർ. ഫലസ്തീൻ എന്ന രാജ്യമുണ്ടായിരുന്നുവെന്നും ഇനിയുമുണ്ടാകുമെന്നും അവർ ഓർമിപ്പിച്ചു.

ആഗോളതലത്തിലും രാജ്യത്തിനകത്തും മനുഷ്യാവകാശ ധ്വംസനങ്ങൾക്കിരയാകുന്നവർക്ക് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് വനിതാ വിഭാഗം ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. വിശ്വാസ്യതയുള്ള മനുഷ്യരെയും ഭരണഘടനയുടെ ആമുഖത്തെ തന്നെയും ക്രിമിനൽവത്ക്കരിച്ചുകൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളതെന്ന് ജവഹർ ലാൽ നെഹ്റു സർവകലാശാല പ്രഫ. നിവേദിത മേനോൻ ചൂണ്ടിക്കാട്ടി. തുല്യത എന്നാൽ ഏകീകരണമല്ലെന്നും വൈവിധ്യങ്ങളെ അംഗീകരിക്കലാണെന്നും അവർ പറഞ്ഞു.

ഫലസ്തീനിൽ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെ അരങ്ങേറുന്ന ക്രൂരതയുടെയും വംശീയ ഉന്മൂലനത്തിനുള്ള ശ്രമങ്ങളുടെയും കാര്യത്തിൽ മനുഷ്യത്വത്തിലും നീതിയിലും വിശ്വസിക്കുന്നവർ വല്ലതും ചെയ്യേണ്ടതുണ്ടെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് ശേദീയ സെക്രട്ടറി റഹ്മത്തുന്നീസ പറഞ്ഞു. തന്റെ ഭർത്താവും ഡൽഹി സർവകലാശാല പ്രഫസറുമായ ഹാനിബാബുവിനെ വ്യാജ തെളിവുകളുണ്ടാക്കി ജയിലിലടച്ച അനുഭവം ഡൽഹി സർവകലാശാല അസി. പ്രഫസർ ജെന്നി റൊവേന പങ്കുവെച്ചു.

എല്ലാവർക്കും തുല്യത ഭരണഘടന ഉറപ്പുനൽകുന്നുണ്ടെങ്കിലും അത് നടപ്പാക്കുന്നതാരാണോ അവരെ ആശ്രയിച്ചിരിക്കുമെന്ന് മുതിർന്ന മാധ്യമ പ്രവർത്തക ഭാഷാ സിങ് പറഞ്ഞു. സമർപ്പിതരായ ഒരു ചെറിയ സംഘത്തിനും ലോകത്തെ മാറ്റാനാകുമെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് വനിതാ വിഭാഗം ദേശീയ സെക്രട്ടറി ശായിസ്ത റഫാത്ത് അഭിപ്രായപ്പെട്ടു. ‘ഓറ’ ഇ മാഗസിൻ സബ് എഡിറ്റർ എസ്. ശ്യാമ, സന തസീം ഫാത്വിമ, നദ തസ്നീം, സ്വാലിഹ ഇനാം, ഡോ. ശബീന ഖാനം തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Boycott Israeli products - Nandini Sundar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.