ഗർഭപാത്രം നീക്കം ചെയ്ത യുവതിയുടെ വൃക്കകൾ കാണാനില്ല; നഴ്സിങ് ഹോം ഉടമയെയും ഡോക്ടറെയും പിടികൂടാൻ പൊലീസ്

പട്ന: ബിഹാറിലെ പട്നയിൽ അനധികൃത നഴ്സിങ് ഹോമിൽ ഗർഭപാത്രം നീക്കം ചെയ്ത യുവതിയുടെ രണ്ടു വൃക്കകളും കാണാനില്ല. നഴ്സിങ് ഹോമിൽ വെച്ചു തന്നെയാണ് വൃക്കകൾ എടുത്തു മാറ്റിയതെന്ന നിഗമനത്തിലാണ് പൊലീസ്. 'ശുഭ്കാന്ത് ക്ലിനിക്' എന്ന നഴ്സിങ് ഹോമിന്റെ ഉടമയെയും ശസ്ത്രക്രിയ നടത്തിയ ഡോക്ടറെയും കണ്ടെത്താൻ ബിഹാർ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് സക്ര പൊലീസ് ഇൻസ്‌പെക്ടർ പറഞ്ഞു.

സെപ്റ്റംബർ മൂന്നിനാണ് ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി യുവതി നഴ്സിങ് ഹോമിൽ എത്തുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം കഠിനമായ വയറുവേദനയെ തുടർന്ന് സെപ്റ്റംബർ ഏഴിന് യുവതി ശ്രീ കൃഷ്ണ മെഡിക്കൽ കോളജിൽ എത്തി. അവിടെ നടത്തിയ പരിശോധനകളിലാണ് രണ്ട് വൃക്കകളും എടുത്തു മാറ്റിയെന്ന് ഡോക്ടർമാർ കണ്ടെത്തിയത്.

നിലവിൽ പട്നയിലെ ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. നിരന്തരം ഡയാലിസിസ് ചെയ്യുന്നുണ്ടെന്നും അപകട നില മാറിയാൽ ഉടൻ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നും ഡോ. ഓം കുമാർ പറഞ്ഞു.

അതെ സമയം ആരോഗ്യം മെച്ചപ്പട്ടെ ശേഷം രണ്ടു വൃക്കകളും നീക്കം ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ മെഡിക്കൽ പരിശോധനകൾ നടത്തുമെന്നും സി.ടി സ്കാൻ കൊണ്ട് മാത്രം സ്ഥിരീകരിക്കാൻ കഴിയില്ലെന്നും ഡോ.രാജേഷ് തിവാരി പറഞ്ഞു.

യുവതിയുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് കുടുംബത്തിന് ഉറപ്പു നൽകിയെന്നും ഇന്ദിര ഗാന്ധി ഇനിസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രിൻസിപ്പൽ രഞ്ജിത് ഗുഹ പറഞ്ഞു. 

Tags:    
News Summary - Both Kidneys Of Woman Removed In Nursing Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.