ഒട്ടകത്തെ അറുക്കാന്‍ കൊണ്ടുവന്ന് തീവ്രവാദികളായി

മധ്യപ്രദേശ് പൊലീസ് വെടിവെച്ചുകൊന്നതില്‍ ഖണ്ഡ്വയിലുള്ളവര്‍ എങ്ങനെ തീവ്രവാദ കേസുകളില്‍ പ്രതികളായി എന്ന് ചോദിച്ചപ്പോഴാണ് അഡ്വ. ജാവീദ് ചൗഹാന്‍ 2006ല്‍ മധ്യപ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത വിചിത്രമായ ഒട്ടകക്കേസിനെക്കുറിച്ച് പറഞ്ഞത്. അക്കൊല്ലം ബലിപെരുന്നാളിന് ഒട്ടകത്തെ ബലി അറുക്കാമെന്ന് അഡ്വ. ജാവീദിന്‍െറ കുടുംബം തീരുമാനിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും പങ്കുകൂടാമെന്നും വെച്ചു. ബലി അറുക്കാനുള്ള ഒട്ടകത്തെ രാജസ്ഥാനില്‍നിന്ന് കൊണ്ടുവന്നു. എന്നാല്‍, ഒട്ടകം ഖണ്ഡ്വയിലത്തെിയപ്പോള്‍ അപ്രതീക്ഷിതമായ കോണില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നു.  ‘മുസ്ലിം തീവ്രവാദികള്‍’ ഒട്ടകത്തെ ബലിയറുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ബജ്റംഗ്ദള്‍ രംഗത്തുവന്നു. ആവശ്യവുമായി അവര്‍ പൊലീസിനെ സമീപിച്ചതോടെ പൊലീസ് ഒട്ടകത്തെ കസ്റ്റഡിയിലെടുത്തു. 
ഒട്ടകത്തെ ബലി അറുക്കാന്‍ കൊണ്ടുവന്നതിലെന്താണ് തെറ്റെന്ന് പൊലീസിനോട് ചോദിച്ചപ്പോള്‍ ബജ്റംഗ്ദളുകാരോട് സംസാരിക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഒട്ടകത്തെ അറുക്കുന്നത് ഒരുതരത്തിലും അവരെ ബാധിക്കില്ളെന്നും അവരുടെ വിശ്വാസത്തെ അനാദരിക്കുന്ന ഒന്നും ഒട്ടകത്തിന്‍െറ കാര്യത്തിലില്ളെന്നും പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ല. ജാവീദ് അടക്കം നാലുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി തടങ്കലിലിട്ടു. ഒട്ടകത്തെയും പൊലീസ് കസ്റ്റഡിയിലാക്കി. ആറു ദിവസം കേസൊന്നും രജിസ്റ്റര്‍ ചെയ്യാതെ, കോടതിയില്‍ ഹാജരാക്കാതെ പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ച തന്നെ അഭിഭാഷകനെന്ന പരിഗണനയില്‍ വിട്ടയച്ചെങ്കിലും മറ്റുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സഹോദരന്‍ ഖലീലും സുഹൃത്ത് ഇനാമുമൊക്കെ കേസില്‍ പ്രതികളായി. 
കേസാക്കിയതോടെ ഒട്ടകത്തെ പൊലീസ് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്‍െറ കസ്റ്റഡിയിലാക്കി. എന്നാല്‍, നിയമപ്രകാരം കൊണ്ടുവന്ന ഈ ഒട്ടകത്തെ പിടിച്ചുവെക്കാന്‍ വകുപ്പില്ളെന്നായിരുന്നു എസ്.ഡി.എം പ്രണയ് വ്യാസിന്‍െറ നിലപാട്. താന്‍ വിട്ടയക്കാന്‍ തയാറാണെന്നും എന്നാല്‍ മുകളില്‍ നിന്നുള്ള സമ്മര്‍ദം കാരണം തനിക്ക് പ്രയാസങ്ങളുണ്ടെന്നും ഒട്ടകത്തെ വിട്ടുതന്നാല്‍ പിന്നീടതിന്‍െറ പ്രത്യാഘാതങ്ങള്‍ താനും അനുഭവിക്കേണ്ടിവരുമെന്നും പ്രണയ് വ്യാസ് തുറന്നുപറഞ്ഞു. 
നിയമപരമായി അദ്ദേഹം തന്നെ ബദല്‍പരിഹാര മാര്‍ഗവും നിര്‍ദേശിച്ചു. എസ്.ഡി.എം നിയമവിരുദ്ധമായി ഒട്ടകത്തെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നുവെന്ന് കാണിച്ച് മധ്യപ്രദേശ് ഹൈകോടതിയില്‍ ഒരു അപേക്ഷ നല്‍കുക. ആ ഹരജിയില്‍ തീര്‍പ്പ് നിങ്ങള്‍ക്ക് അനുകൂലമാകും. ആ ഉത്തരവുമായി വന്നാല്‍ പ്രശ്നങ്ങളില്ലാതെ താന്‍തന്നെ ഒട്ടകത്തെ വിട്ടുനല്‍കുമെന്നും എസ്.ഡി.എം ഉറപ്പുനല്‍കി. 

ബലിപെരുന്നാളിന് ഒട്ടകത്തെ അറുക്കാന്‍ കൊണ്ടുവന്നതിന് ജയിലിലായ അഡ്വ. ജാവീദ് ചൗഹാന്‍
 

പ്രണയ് വ്യാസ് പറഞ്ഞപോലെ സംഭവിച്ചുവെന്നും ഹൈകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ അദ്ദേഹം ഒട്ടകത്തെ തിരിച്ചേല്‍പിച്ചുവെന്നും ജാവീദ് പറഞ്ഞു. 
എന്നാല്‍ ഇതില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ കഷ്ടകാലം അതുകൊണ്ട് തീര്‍ന്നില്ല. ഒട്ടകക്കേസില്‍നിന്ന് അവര്‍ രക്ഷപ്പെടാന്‍ പരക്കം പായുന്നതിനിടയിലാണ് മീലാദുന്നബി ഘോഷയാത്രക്കിടയില്‍ ഖണ്ഡ്വയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായത്. ഘോഷയാത്രയെ വഴിയില്‍ പരിഹസിച്ചവരുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കല്ളേറുണ്ടാവുകയും ഒടുവിലത് പൊലീസ് ലാത്തിച്ചാര്‍ജില്‍ കലാശിക്കുകയും ചെയ്തു. 
എന്നാല്‍, ആസൂത്രകരെന്ന് പറഞ്ഞ് ഒട്ടകക്കേസിലെ പ്രതികളെ ഈ കലാപക്കേസില്‍ പ്രതിചേര്‍ത്തു. 10 പേരുടെ പേരില്‍ വ്യത്യസ്ത എഫ്.ഐ.ആറുകളിട്ട് 30ഉം 40ഉം പേരെ കൂട്ടുപ്രതികളാക്കി വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 
ഇപ്പോള്‍ കൊല്ലപ്പെട്ട അഖീല്‍ ഖില്‍ജി അടക്കം ഒരു ഡസനോളം പേര്‍ ജയിലിലായി. ഇവരെല്ലാം നിരോധിക്കപ്പെട്ട സിമിയുടെ പ്രവര്‍ത്തകരാണെന്നും അതിന്‍െറ പ്രവര്‍ത്തനം പ്രദേശത്ത് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ആരോപിച്ച് ഇവരെ തീവ്രവാദകേസിലെ പ്രതികളാക്കി മാറ്റി ഒട്ടകക്കേസില്‍നിന്ന് രക്ഷപ്പെട്ടതിന്‍െറ വിരോധം തീര്‍ത്തു. ജയിലില്‍ കുടുങ്ങിയവര്‍ ഒരിക്ക
ലും പുറത്തുവരാത്തവണ്ണം യു.എ.പി.എയും ഒന്നിന് പിറകെ ഒന്നായി കേസുകളും ചുമത്തിക്കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ നീണ്ട വിചാരണകള്‍ക്കിടയില്‍ സിമി കേസില്‍ നിന്നടക്കം ഓരോന്നോരോന്നായി ഇവര്‍ ചുമലില്‍നിന്ന് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും അതിനിടയിലാണ് അവരില്‍പെട്ട നാലു പേരെ പൊലീസ് ഇപ്പോള്‍ വെടിവെച്ചുകൊന്നിരിക്കുന്നതെന്നും അഡ്വ. ജാവീദ് പറഞ്ഞു.
                                     തുടരും
 
Tags:    
News Summary - boppal death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.