ഡൽഹിയിൽ അജ്ഞാത ബാഗുകൾ ഭീതിയുയർത്തി; ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ്

ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ ഭീതിയുയർത്തി രണ്ട് അജ്ഞാത ബാഗുകൾ കണ്ടെത്തി. കിഴക്കൻ ഡൽഹിയിലെ ത്രിലോക്പുരിയിൽ നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് രണ്ട് അജ്ഞാത ബാഗുകൾ കണ്ടെത്തിയ വിവരം പൊലീസിന് ലഭിക്കുന്നത്. എന്നാൽ, ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും പരിശോധനയിൽ ഒരു ലാപ്ടോപ്പ്, ചാർജർ, വാട്ടർ ബോട്ടിൽ, ടിഫിൻ, ലഘുഭക്ഷണം എന്നിവ മാത്രമേ കണ്ടെത്തിയുള്ളൂയെന്നും പൊലീസ് അറിയിച്ചു.

അജ്ഞാത ബാഗുകളെ സംബന്ധിച്ച കോൾ ലഭിച്ചയുടൻ തന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെന്ന് ഡൽഹി ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ പ്രിയങ്ക കശ്യപ് പറഞ്ഞു. 'അബദ്ധത്തിൽ ഒരാൾ മറന്നുവെച്ച ബാഗുകളാണിത്. അയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല' -അവർ പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷം അടുത്തിരിക്കെ ഡൽഹിയിൽ അജ്ഞാത ബാഗുകൾ കണ്ടെത്തുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. ജനുവരി 14ന് കിഴക്കൻ ഡൽഹിയിലെ ഗാസിപൂരിലെ ഫ്ലവർ മാർക്കറ്റിൽ ഉപേക്ഷിച്ച ബാഗിനുള്ളിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഡൽഹി പൊലീസിന്റെയും നാഷണൽ സെക്യൂരിറ്റി ഗാർഡിന്‍റെയും സമയോചിത ഇടപെടലിലൂടെ മാർക്കറ്റിന് സമീപത്തായി നിയന്ത്രിതസ്ഫോടനം നടത്തിയാണ് അന്ന് സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയത്. 1.5 കിലോ നൈട്രേറ്റ് മിശ്രിതമാണ് ബാഗിലെ സ്ഫോടകവസ്തുവിൽ ഉണ്ടായിരുന്നത്.

സാധാരണയായി ജനത്തിരക്കുള്ള ഗാസിപൂർ മാർക്കറ്റിൽ പരമാവധി നാശനഷ്ടങ്ങൾ ഉണ്ടാക്കാനുദ്ദേശിച്ചാണ് ബോംബ് സ്ഥാപിച്ചതെന്നാണ് ഡൽഹി പൊലീസിന്റെ നിഗമനം. അയൽ സംസ്ഥാനമായ ഉത്തർപ്രദേശിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ഈ സ്ഫോടന ശ്രമത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. 

Tags:    
News Summary - Bomb scare over 2 unattended bags in Delhi, police say nothing suspicious

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.