ബൃഹാൻ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് പ്രതിപക്ഷം; ആക്ഷേപങ്ങൾ തള്ളി കമീഷൻ

ന്യൂഡൽഹി: ബൃഹാൻ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് പ്രതിപക്ഷം. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സമൂഹമാധ്യമങ്ങളിലാണ് കൃത്രിമം സംബന്ധിച്ച വാർത്തകൾ ആദ്യം പ്രത്യക്ഷപ്പെട്ടത്. വോട്ടെടുപ്പിൽ കൈകളിൽ പുരട്ടിയ മഷി അസിട്ടോൺ എന്ന രാസവസ്തു ഉപയോഗിച്ച് ഏളുപ്പത്തിൽ മായ്ക്കാൻ സാധിക്കുന്നുണ്ടെന്നായിരുന്നു ആരോപണം.

എന്നാൽ, ബൃഹാൻ മുംബൈ കോർപറേഷൻ ആരോപണം നിഷേധിച്ചു. മഷി വോട്ടിങ്ങിനിടെ മായ്ച്ചുവെന്ന് പറയുന്നത് തെറ്റായ ആരോപണമാണെന്ന് ബി.എം.സി അധികൃതർ വ്യക്തമാക്കി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങൾ ഉയർന്നതോടെ. അന്വേഷണം നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടു.

നെയിൽപോളിഷ് പോലുള്ള വസ്തുക്കൾ മായ്ക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഉപയോഗിച്ചാണ് വോട്ടിങ്ങിനിടെ രേഖപ്പെടുത്തിയ മഷിയും മായ്ക്കുന്നതെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളും പുറത്ത് വന്നിട്ടുണ്ട്.

കോൺഗ്രസ് ലോക്സഭ എം.പി വർഷ ഗെയ്ക്‍വാദ് ഇത്തരത്തിൽ രാസവസ്തു ഉപയോഗിച്ച് കൈയിലെ മഷി മായ്ക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എക്സിലൂടെയാണ് അവർ ദൃശ്യങ്ങൾ പങ്കുവെച്ചത്. ബി.എം.സി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ വലിയ കൃത്രിമമാണ് നടന്നത്. വോട്ടർപട്ടികയിൽ നിന്ന് ആളുകളെ വ്യാപകമായി ഒഴിവാക്കി. വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച സമയത്ത് തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റ് തകർന്നതിനാൽ ആളുകൾക്ക് അത് പരിശോധിക്കാൻ സാധിച്ചില്ല. ഇപ്പോൾ ഏറ്റവും ഒടുവിലായി മായുന്ന മഷിയാണ് കമീഷൻ ഉപയോഗിച്ചിരിക്കുന്നതെന്നും വർഷ ഗെയ്ക്വാദ് പറഞ്ഞു.

അതേസമയം, വോട്ടെടുപ്പിന് ശേഷം കൈയിലെ മഷി മായ്ക്കാൻ ശ്രമിക്കുന്നത് കുറ്റകരമാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരിച്ചു. ആരെങ്കിലും മഷി മായ്ച്ച് വീണ്ടും വോട്ട് ചെയ്യാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാവുമെന്നും കമീഷൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - BMC polls: Major drama over 'erasable ink'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.