‘അമ്മ രാജിവെക്ക​ണമെന്ന് ആഗ്രഹിച്ചിരുന്നു, പക്ഷേ അവർ സമ്മതിച്ചില്ല’ ബി.​എൽ.ഒയുടെ ആത്മഹത്യ​ ജോലിഭാരം കാരണമെന്ന് കുടുംബം

കൊൽക്കത്ത: ബി.​എൽ.ഒയെ വീട്ടുമുറ്റത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിന് പിന്നിൽ ജോലിഭാരമെന്ന് കുടുംബം. ബുധനാഴ്ച രാവിലെയാണ് പശ്ചിമ ബംഗാൾ മൽബാസർ സ്വദേശിനി ഷാന്തിമൊണി എക്കയെ(48) വീട്ടുമുറ്റത്ത് ആത്മഹത്യ ​ചെയ്ത നിലയിൽ കണ്ടെത്തിയത്. പ്രത്യേക വോട്ടർ പട്ടിക പരിഷ്‍കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് ഷാന്തിമൊണിക്ക് കടുത്ത ജോലി സമ്മർദ്ദം​ നേരിടേണ്ടി വന്നിരുന്നുവെന്നും കുടുംബം ആരോപിച്ചു.

ഗോത്രവിഭാഗത്തിൽ നിന്നുള്ള അംഗൻവാടി ജീവനക്കാരിയായിരുന്നു ഷാന്തിമൊണി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഷാന്തിമൊണിയെ എസ്.ഐ.ആർ നടപടികൾക്കായി ബി.എ.ഒ ആയി നിയമിച്ചത്. ഇവർക്ക് ബംഗാളി ഭാഷ അറിയുമായിരുന്നി​​ല്ലെന്ന് കുടുംബം പറഞ്ഞു. ഒരു ബൂത്തിൽ ഷാന്തിമൊണി മാത്രമായിരുന്നു ബി.​എൽ.ഒ ആയി നിയമിക്കപ്പെട്ടിരുന്നത്. ജോലിഭാരം വർധിച്ചതോടെ യുവതി മാനസികമായി കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും കുടുംബം പറഞ്ഞു.

അംഗൻവാടിയിലെ പതിവുജോലികൾക്ക് പുറമെയായിരുന്നു ഷാന്തിമൊണി എക്കക്ക് മേൽ എസ്.ഐ.ആർ ജോലിയുടെ സമ്മർദ്ദമെന്ന് മകൻ ബിഷു എക്ക പറഞ്ഞു. ‘ഐ.സി.ഡി.എസിന്റെ (ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സർവീസ്) ജോലികൾക്ക് പുറമെയാണ് ബി.എൽ.ഒ ഡ്യൂട്ടി നൽകിയത്. വളരെയധികം ഫോമുകൾ ഉണ്ടായിരുന്നു, ഫോമുകൾ ബംഗാളിയിലായിരുന്നു, ഹിന്ദി സംസാരിക്കുന്ന ഒരു പ്രദേശമാണിത്. പലരും അത് മനസ്സിലാക്കുന്നില്ല, തെറ്റായി പൂരിപ്പിക്കുന്നു. ഇതോടെ അമ്മ വലിയ സമ്മർദ്ദത്തിലായിരുന്നു; ബി.​എൽ.ഒ ജോലി കാരണം മറ്റ് ജോലികളൊന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് അമ്മ പറയാറുണ്ടായിരുന്നു. അവർ രാജി സമർപ്പിക്കാൻ പോയിരുന്നു, പക്ഷേ പേര് അവിടെ ഉണ്ടായിരുന്നതുകൊണ്ട് റദ്ദാക്കാനാവില്ലെന്ന് ഓഫീസർ പറഞ്ഞു. ബുധനാഴ്ച രാവിലെ അമ്മ പാചകം ചെയ്യാൻ പോയതാണെന്ന് ഞങ്ങൾ കരുതി, വീട്ടിൽ കാണാതായതോടെ നടത്തിയ തെരച്ചിലിൽ തൂങ്ങിമരിച്ച നിലയിൽ ക​ണ്ടെത്തുകയായിരുന്നു,’ ബിഷു എക്ക പറഞ്ഞു.

വാർത്ത നടുക്കമുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എസ്​.ഐ.ആർ നടപടികൾ അടിയന്തിരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. ‘ വാർത്ത വലിയ ദുഖവും ഞെട്ടലുമുണ്ടാക്കുന്നതാണ്. ഇന്ന് വീണ്ടും, ജൽപൈഗുരിയിലെ മാളിൽ ഒരു ബൂത്ത് ലെവൽ ഓഫീസറെ നമുക്ക് നഷ്ടമായി, എസ്‌.ഐ.ആർ പ്രവർത്തിയുടെ അസഹനീയമായ സമ്മർദ്ദത്തിൽ ജീവനൊടുക്കിയ ഒരു അംഗൻവാടി വർക്കർ. എസ്‌.ഐ.ആർ ആരംഭിച്ചതിനുശേഷം ഇതിനകം 28 പേർക്ക് ജീവൻ നഷ്ടമായി, ചിലർ ഭയവും അനിശ്ചിതത്വവും മൂലവും, മറ്റുള്ളവർ സമ്മർദ്ദവും അമിതഭാരവും മൂലവും ആത്മഹത്യ ചെയ്തു. തെരഞ്ഞെടുപ്പ് കമീഷൻ ആസൂത്രണമില്ലാതെ കടുത്ത ജോലിഭാരം അടിച്ചേൽപ്പിക്കുന്നത് കാരണം വിലയേറിയ ജീവനുകളാണ് നഷ്ടമാവുന്നത്. മുമ്പ് മൂന്നുവർഷം എടുത്ത ഒരു പ്രക്രിയ ഇപ്പോൾ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താൻ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, രണ്ട് മാസം കൊണ്ട് പൂർത്തീകരിക്കാനായി ബി‌.എൽ‌.ഒമാർക്ക് മേൽ മനുഷ്യത്വരഹിതമായ സമ്മർദ്ദം ചെലുത്തുകയാണ്. കൂടുതൽ ജീവനുകൾ നഷ്ടമാവുന്നതിന് മുമ്പ് അടിയന്തിരമായി ആസൂത്രിതമല്ലാത്ത ഈ നീക്കം നിർത്തിവെക്കാൻ ഞാൻ ഇ.സി.ഐയോട് അഭ്യർത്ഥിക്കുന്നു,’ മമത എക്സിൽ കുറിച്ചു.

ചീഫ് ഇലക്ടറൽ ഓഫീസ് ഇതുവരെ സംഭവത്തിൽ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. അതേസമയം, ബൂത്ത് ഡിസ്ട്രിക്റ്റ് ഓഫീസറിൽ നിന്ന് (ബി.ഡി.ഒ) റിപ്പോർട്ട് തേടിയതായും ഇത് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

നവംബർ ഒമ്പതിന് ബംഗാളിലെ പുർബ ബർധമാനിൽ ബി‌.എൽ.‌ഒ നമിത ഹൻസ്ദാർ മസ്തിഷ്കാഘാതം മൂലം മരിച്ചിരുന്നു. പിന്നാലെ, കഠിനമായ ജോലിസമ്മർദ്ദത്തെ തുടർന്നാണ് നമിതയുടെ മരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മെമാരിയിലെ ചൗക്ക് ബൽറാംപൂർ 278-ാം നമ്പർ ബൂത്തിൽ ബി‌.എൽ.‌ഒ ആയി ജോലി ചെയ്തിരുന്ന നമിത ദിവസങ്ങളോളം ഉറക്കം പോലുമില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ഇതേത്തുടർന്നാണ് അവരുടെ ആരോഗ്യ നില വഷളായതെന്നും കുടുംബം ആരോപിച്ചിരുന്നു. 

Tags:    
News Summary - BLO dies by suicide, her family in Bengal alleges work pressure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.