ബ്ലാക്ക് ഫംഗസ് കേസുകളിൽ മൂന്ന് ദിവസം കൊണ്ട് 32 ശതമാനം വർധന; മരുന്നിന്റെ ലഭ്യതക്കുറവ് വെല്ലുവിളി

ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് കേസുകളിൽ മൂന്ന് ദിവസം കൊണ്ട് 32 ശതമാനം വർധനയുണ്ടായതായി കണക്കുകൾ. അതേസമയം, മരുന്നിന്റെ ലഭ്യതക്കുറവ് രോഗത്തെ നേരിടുന്നതിൽ സംസ്ഥാനങ്ങൾക്ക് വെല്ലുവിളിയാവുകയാണ്. 29,000 വയൽസ് ആംഫോടെറിസിൻ - ബി മരുന്ന് സംസ്ഥാനങ്ങൾക്ക് അനുവദിച്ചതായി കേന്ദ്ര സർക്കാർ ബുധനാഴ്ച അറിയിച്ചു.

ചൊവ്വാഴ്ച രാത്രി വരെയുള്ള കണക്ക് പ്രകാരം 11,717 പേർക്കാണ് രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. മേയ് 22ന് ഇത് 8848 ആയിരുന്നു. 2859 പേർ ചികിത്സ തേടുന്ന ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ രോഗികൾ. മഹാരാഷ്ട്രയിൽ 2770 രോഗികളുണ്ട്.

11 സംസ്ഥാനങ്ങൾ ബ്ലാക് ഫംഗസ് ബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് മുക്തി നേടിയവരിലാണ് ഫംഗസ് ബാധ പ്രധാനമായും റിപ്പോർട്ടു ചെയ്യുന്നത്. കോവിഡ് ബാധിക്കാത്തവരിലും രോഗം റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

ആംഫോടെറിസിൻ - ബി ഇൻജെക്ഷൻ നൽകലാണ് ഇപ്പോഴത്തെ ചികിത്സ. ഒരാൾക്ക് തന്നെ 60 മുതൽ 120 വയൽസ് വരെ മരുന്ന് ആവശ്യമാണ്. രോഗബാധ രൂക്ഷമായ ആളുകൾക്ക് അടിയന്തര ശസ്ത്രക്രിയയാണ് പ്രതിവിധി.

മരുന്നിന്റെ ഉൽപ്പാദനം വർധിപ്പിക്കുകയാണെന്നും ഈ മാസം അവസാനത്തോടെ അഞ്ച് ലക്ഷം വയൽസ് മരുന്ന് ലഭ്യമാക്കുമെന്നും കേന്ദ്ര സർക്കാർ പറയുന്നു. അഞ്ച് കമ്പനികൾക്ക് കൂടി മരുന്ന് നിർമിക്കാൻ ലൈസൻസ് നൽകിയതായും കേന്ദ്രം അറിയിച്ചു.

Tags:    
News Summary - Black fungus cases in India rise by 32% in 3 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.