ലഖ്നോ: കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച കമീഷനിൽനിന്ന് ഭാരതീയ കിസാൻ യൂനിയൻ (ബി.കെ.യു) നേതാവ് ധർമേന്ദ്ര മാലിക് രാജിവെച്ചു. കമീഷൻ രൂപീകരിച്ചതിന് ശേഷം ഒരു യോഗം പോലും ചേർന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ചു.
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 2017ലാണ് യു.പിയിൽ ക്രിഷക് സമൃദ്ധി ആയോഗ് (കർഷക സമൃദ്ധി കമീഷൻ) രൂപീകരിക്കുന്നത്. കമീഷൻ രൂപകരിച്ചതിന്‍റെ ലക്ഷ്യങ്ങളിലൊന്നുപോലും പൂർത്തീകരിച്ചിട്ടില്ലെന്ന് മാലിക് കുറ്റപ്പെടുത്തി.
കമീഷനിലെ സർക്കാരിതര അംഗമാണ് മാലിക്. കർഷക സംഘടനകളുടെ പ്രതിനിധിയായാണ് ഇദ്ദേഹത്തെ നാമനിർേദശം ചെയ്തത്. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് യാതൊരു വിധ നിർദേശങ്ങളും കേന്ദ്രത്തിന് സമിതി അയച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ന് കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകരും കേന്ദ്രവും മുഖാമുഖം നിൽക്കുന്നു. കൊടും ശൈത്യത്തെയും അവഗണിച്ച് മൂന്നുമാസമായി തെരുവിലാണ് കർഷകർ. കേന്ദ്രം ഇതുവരെ യാതൊരു പരിഹാരവും കണ്ടിട്ടില്ല. ഇത്രയും പ്രാധാന്യം അർഹിക്കുന്ന ഒന്നിൽേപാലും നിർദേശങ്ങൾ കേന്ദ്രത്തിന് അയക്കാൻ പാനൽ തയാറായില്ല. സംസ്ഥാനസർക്കാർ കർഷകരുടെ അഭിപ്രായം ആരായാൻ മുതിർന്നില്ല. എന്തിനാണോ കമീഷൻ രൂപീകരിച്ച് അതിന്‍റെ യാതൊരു ലക്ഷ്യങ്ങളും പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്നും മാലിക് പറഞ്ഞു.
ബി.കെ.യു എല്ലായ്പ്പോയും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ക്ഷേമത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.