രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനവുമായി ബി.ജെ.പി; ഗഡ്കരി, അനുരാഗ് താക്കൂർ, പീയുഷ് ഗോയൽ പട്ടികയിൽ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, അനുരാഗ് താക്കൂർ, പീയുഷ് ഗോയൽ, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാൽ തുടങ്ങിയ പ്രമുഖർ രണ്ടാംഘട്ടത്തിൽ ഇടംനേടി.

72 സീറ്റുകളിലെ സ്ഥാനാർഥികളുടെ പേരുകളാണ് പുറത്തുവിട്ടത്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നാണ് കേന്ദ്ര ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ജനവിധി തേടുക. നാഗ്പൂരിൽ നിന്ന് തുടർച്ചയായ മൂന്നാംവട്ടമാണ് ഗഡ്കരി മത്സരിക്കുന്നത്.

നേരത്തെ, പാർട്ടിയിൽ അപമാനം നേരിടുന്നുണ്ടെങ്കിൽ ഗഡ്കരിയോട് ബി.ജെ.പി വിട്ട് പുറത്തുവരാൻ ശിവസേന യു.ബി.ടി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. പുറത്തുവന്നാൽ ഗഡ്കരിയുടെ ജയം മഹാ വികാസ് അഘാഡി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. താക്കറെയുടെ വാക്കുകൾ അപക്വവും വിഡ്ഢിത്തവുമാണെന്നാണ് ഗഡ്കരി ഇതിനോട് പ്രതികരിച്ചത്.

ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാർ കർണാലിൽനിന്ന് മത്സരിക്കും. ഹിമാചൽ പ്രദേശിലെ ഹാമിർപുരിൽ നിന്നാണ് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ മത്സരിക്കുക. കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കർണാടകയിലെ ഹാവേരിയിൽനിന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ധാർവാടിൽ നിന്നും മത്സരിക്കും.

പിയുഷ് ഗോയൽ മുംബൈ നോർത്തിൽനിന്നും കർണാട മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്ര ഷിമോഗയിൽനിന്നും മത്സരിക്കും. 

Tags:    
News Summary - BJP's second list for Lok Sabha polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.