പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന രണ്ടാംഘട്ട സ്ഥാനാർഥികളുടെ പട്ടികയും പുറത്ത് വിട്ട് ബി.ജെ.പി. 12 സ്ഥാനാർഥികളുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്ത ഭോജ്പുരി ഗായിക മൈഥിലി താക്കൂറിനും മത്സരിക്കാൻ സീറ്റ് നൽകിയിട്ടുണ്ട്.
മൈഥിലി താക്കൂർ(25) സ്ഥാനാർഥിയായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള വിനോദ് താവ്ഡെ, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് എന്നിവർ മൈഥിലിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹം പരന്നത്. ആലിനഗറിൽ നിന്നാണ് മെഥിലി ജനവിധി തേടുക. ബി.ജെ.പിയിൽ അംഗത്വമെടുത്തതിന് പിന്നാലെയാണ് അവർക്ക് മത്സരിക്കാൻ ടിക്കറ്റ് നൽകിയത്.
മൈഥിലിയെ കൂടാതെ മുൻ ഐ.പി.എസ് ഓഫിസർ ആനന്ദ് മിശ്രക്കും ബി.ജെ.പി സീറ്റ് നൽകിയിട്ടുണ്ട്. ബക്സറിൽ നിന്നാണ് ആനന്ദ് മിശ്ര മത്സരിക്കുക. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി വിട്ട ആനന്ദ് മിശ്ര അടുത്തിടെ ബി.ജെ.പിയിൽ ചേർന്നിരുന്നു. രഞ്ജൻ കുമാർ(മുസഫർപുർ), സുഭാഷ് സിങ്(ഗോപാൽഗഞ്ച്), ഛോട്ടി കുമാരി(ബനിയാപുർ)എന്നിവരാണ് സ്ഥാനാർഥി പട്ടികയിലെ മറ്റ് പ്രമുഖർ.
ഇതോടെ ബി.ജെ.പി 83 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടു. ചൊവ്വാഴ്ച 71 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 101 സീറ്റുകളിലാണ് മത്സരിക്കുന്നത്.
നവംബർ ആറിനും 11നും രണ്ടുഘട്ടങ്ങളിലായാണ് ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 14ന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.