ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാല് സംസ്ഥാനങ്ങളിലെ നിയമസഭാ പോരാട്ടത്തിൽ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി.ജെ.പി മിന്നുന്ന ജയം നേടിയിരുന്നു. തെലങ്കാനയിലെ വിജയംമാത്രമാണ് കോൺഗ്രസിന് ആശ്വാസനേട്ടമായത്. ഹിന്ദി ഹൃദയഭൂമിയിൽ കരുത്തുറപ്പിച്ചെങ്കിലും ബി.ജെ.പിക്ക് തിരിച്ചടിയായത് എം.പിമാരുടെ പരാജയമാണ്. മത്സരിച്ച ബി.ജെ.പി സിറ്റിങ് എം.പിമാരിൽ പകുതിയും തോറ്റത് 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ എങ്ങിനെ പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് പാർട്ടി.
ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിമാരുൾപ്പെടെ 21 സിറ്റിങ് എം.പിമാരെയാണ് ബി.ജെ.പി മത്സരിപ്പിച്ചത്. അതിൽ 11പേരാണ് വിജയിച്ചത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഏഴ് വീതം എം.പിമാരെയും ഛത്തീസ്ഗഡിൽ നാല് പേരും തെലങ്കാനയിൽ മൂന്നുപേരേയും പാർട്ടി മത്സരിപ്പിച്ചു. മധ്യപ്രദേശിൽ അഞ്ചും രാജസ്ഥാനിൽ നാലും ഛത്തീസ്ഗഡിൽ രണ്ടും പാർലമെന്റംഗങ്ങൾ വിജയിച്ചെങ്കിലും തെലങ്കാനയിൽ മൂന്നുപേരും പരാജയപ്പെട്ടു.
പരാജയപ്പെട്ടവരിൽ ശ്രദ്ധേയരായവരിൽ കേന്ദ്രമന്ത്രി ഫഗ്ഗൻ സിങ് കുലസ്‌തെ, നാല് തവണ എം.പിയായ ഗണേഷ് സിങ്, തെലങ്കാന മുൻ ബി.ജെ.പി അധ്യക്ഷൻ ബന്ദി സഞ്ജയ്, പ്രമുഖ നേതാവ് വിജയ് ബാഗേൽ എന്നിവരും ഉൾപ്പെടുന്നു.
കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, രേണുക സിങ് എന്നിവരും എം.പിമാരായ രാജ്യവർധൻ സിങ് റാത്തോഡ്, ദിയാ കുമാരി, ബാബ ബാലക്‌നാഥ്, റിതി പഥക് എന്നിവരും വിജയിച്ചു.
ബി.ജെ.പിക്ക് മിന്നും ജയം
2018ലെ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ കോൺഗ്രസിനോട് തോറ്റെങ്കിലും വിമത നീക്കത്തെത്തുടർന്ന് പിന്നീട് ഭരണത്തിലേറിയ ബി.ജെ.പി.ക്ക് ഇക്കുറി അവിടെ വൻ ഭൂരിപക്ഷം ലഭിച്ചു. കൂടാതെ, ഹിന്ദി ഹൃദയഭൂമിയിലെ രണ്ട് സംസ്ഥാനങ്ങൾകൂടി കോൺഗ്രസിൽനിന്ന് പിടിച്ചെടുക്കാനായത് കേന്ദ്രത്തിൽ തുടർഭരണം ലക്ഷ്യമിടുന്ന ബി.ജെ.പി.ക്ക് കരുത്താണ്. തെലങ്കാനയിലെ സീറ്റുനില മൂന്നിൽനിന്ന് ഒമ്പതാക്കി ഉയർത്താനും കഴിഞ്ഞു.
മധ്യപ്രദേശ് ഉൾപ്പെടെ കഴിഞ്ഞതവണ ഭരണംപിടിച്ച മൂന്ന് സംസ്ഥാനങ്ങളിലെയും തോൽവി കോൺഗ്രസിന് കനത്ത ആഘാതമായി. ദക്ഷിണേന്ത്യക്കുപുറത്ത് കോൺഗ്രസിന് ഇനി ഭരണമുള്ളത് ഹിമാചൽപ്രദേശിൽ മാത്രമാണ്.
തെലങ്കാനയിൽ ബി.ആർ.എസ്. നേതാവ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രേവന്ത് റെഡ്ഡിയും ജയിച്ചെങ്കിലും രണ്ടാം മണ്ഡലമായി ഇരുവരും മത്സരിച്ച കാമറെഡ്ഡിയിൽ ബി.ജെ.പി.യുടെ കാട്ടിപ്പള്ളി വെങ്കടരമണ റെഡ്ഡിയാണ് വിജയം കൊയ്തത്.
മധ്യപ്രദേശിൽ ബി.ജെ.പി. നേതാക്കളായ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് സിങ് പട്ടേൽ, നരേന്ദ്ര സിങ് തോമർ, മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് എന്നിവർ വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.