കനയ്യ കുമാർ

400ൽ അധികം സീറ്റ് എന്ന ബി.ജെ.പിയുടെ അവകാശവാദം ജനാധിപത്യ പ്രക്രിയയിലും വോട്ടിങ് യന്ത്രങ്ങളിലും സംശയമുണ്ടാക്കുന്നത് -കനയ്യ കുമാർ

ബിലാസ്പൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400-ലധികം സീറ്റുകൾ നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദം രാജ്യത്തെ ജനാധിപത്യ പ്രക്രിയയിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലും സംശയം ജനിപ്പിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കനയ്യ കുമാർ. ബിലാസ്പൂർ ലോക്സഭാ സ്ഥാനാർഥി ദേവേന്ദ്ര യാദവിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു കനയ്യ കുമാർ.

ജനങ്ങളുടെ മൗലികാവകാശങ്ങൾ കവർന്നെടുത്ത്, ബി.ജെ.പി മാറ്റാൻ ആഗ്രഹിക്കുന്ന ഭരണഘടന സംരക്ഷിക്കാൻ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടി 400 സീറ്റുകൾ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എങ്ങനെ അറിയാം? അദ്ദേഹം ജ്യോത്സ്യനാണോ? ഇത്തരം അവകാശവാദങ്ങൾ ജനാധിപത്യ പ്രക്രിയയിൽ സംശയം ജനിപ്പിക്കുന്നു" -കനയ്യ പറഞ്ഞു

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ താൻ നിരവധി ആളുകളെ കണ്ടുമുട്ടിയെന്നും അവർ കോൺഗ്രസിന് വോട്ട് ചെയ്തിട്ടും അവരുടെ പ്രദേശങ്ങളിൽ ബി.ജെ.പി വിജയിച്ചെന്ന് പറഞ്ഞതായായും അദ്ദേഹം വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങൾ ശരിയാണോ അല്ലയോ എന്നാണ് ആളുകൾ ചോദിക്കുന്നത്. ഇ.വി.എമ്മുകളുടെ വിശ്വാസ്യതയെ അവർ ചോദ്യം ചെയ്യുന്നുണ്ടെന്നും കനയ്യ പറഞ്ഞു

ഒരു വശത്ത് ബി.ജെ.പി വോട്ട് തേടുന്നു, മറുവശത്ത് 400-ലധികം സീറ്റുകൾ നേടുമെന്ന് പ്രഖ്യാപിക്കുന്നു, അവർ വോട്ട് ചോദിക്കുകയല്ല, പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്നതായിയാണ് തോന്നുന്നത്. ഇത് അധികാരത്തിന്‍റെ അഹങ്കാരവും രാജ്യത്തെ പൗരന്മാർക്ക് അപമാനവുമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags:    
News Summary - BJP’s ‘400 paar’ claim creating doubts about democratic process: Kanhaiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.