മോദിയെ അധിക്ഷേപിച്ചെന്ന്; ഝാർഖണ്ഡിൽ ജയ്ശ്രീറം വിളിക്കാനാവശ്യപ്പെട്ട് മുസ്‍ലിം യുവാവിന് ബി.ജെ.പിക്കാരുടെ ക്രൂരമർദനം

റാഞ്ചി: ഝാർഖണ്ഡിലെ ധാൻബാദിൽ ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്‍ലിം യുവാവിന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ക്രൂര ആക്രമണം. യുവാവിനെ ക്രൂരമായി മർദിച്ചശേഷം തുപ്പൽ നക്കിക്കുകയും സിറ്റ് -അപ് ചെയ്യാൻ നിർബന്ധിക്കുകയുമായിരുന്നു. ബി.ജെ.പി എം.പിയായ പി.എൻ. സിങ്ങി​ന്‍റെയും എം.എൽ.എയായ രാജ് സിൻഹയുടെയും മറ്റു പ്രമുഖ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു മർദനം.

​പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഝാർഖണ്ഡ് ബി.ജെ.പി തലവൻ ദീപക് പ്രകാശിനുമെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം. പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുമ്പോഴാണ് ബി.ജെ.പി പ്രവർത്തകർ ഇയാളെ ക്രൂരമായി മർദിച്ചത്. തുടർന്ന് യുവാവ് സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. യുവാവിനെ മർദിക്കുന്നതി​ന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ചയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ബി.ജെ.പി പ്രവർത്തകർ ധാൻബാദിലെ ഗാന്ധി ചൗക്കിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടെ വഴിയാ​ത്രക്കാരിലൊരാൾ നരേന്ദ്രമോദിക്കും ദീപക് പ്രകാശിനുമെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയതായി മുതിർന്ന ബി.ജെ.പി നേതാക്കൾ പറയുന്നു.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ ട്വിറ്ററിൽ കുറിച്ചു. സംഭവത്തിൽ അന്വേഷണം നടത്താനും അടിയന്തര നടപടി സ്വീകരിക്കാനും പൊലീസുകാർക്ക് നിർദേശം നൽകി. സംസ്ഥാനത്തി​ന്‍റെ സാമുദായിക ഐക്യം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും സാമുദായിക അസ്വാരസ്യം സൃഷ്ടിക്കുന്നവരെ വെറുതെ വിടില്ലെന്നും ഹേമന്ത് സോറൻ പറഞ്ഞു.

മർദനമേറ്റ യുവാവി​ന്‍റെ സഹോദരൻ പൊലീസിൽ പരാതി നൽകുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. വിഡിയോയുടെ അടിസ്ഥാനത്തിൽ രണ്ട് ബി.ജെ.പി പ്രവർത്തകരുടെ വീട്ടിൽ പരിശോധന നടത്തുകയും നാലുപേരെ അറസ്റ്റ്​ ചെയ്യുകയും ചെയ്തു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അസിസ്റ്റന്‍റ് സൂപ്രണ്ട് മനോജ് സ്വർഗിയരി പറഞ്ഞു.

സംഭവത്തിൽ കോൺഗ്രസും ഝാർഖണ്ഡ് മുക്തി മോർച്ചയും അപലപിച്ചു. ആൾക്കൂട്ട ആക്രമണങ്ങൾ തടയാനുള്ള ബിൽ സംസ്ഥാനം ഇതിനകം പാസാക്കിയിട്ടുണ്ടെന്നും എന്നാൽ ഇത്തരം കേസുകൾ ആവർത്തിക്കുകയാണെന്നും അവർ പറയുന്നു.

അതേസമയം, അക്രമികൾ യഥാർഥത്തിൽ ബി.ജെ.പി പ്രവർത്തകരാണോയെന്ന് അന്വേഷിക്കുമെന്ന് ബി.ജെ.പി നേതാവ് സി.പി. സിങ് പറഞ്ഞു. പാർട്ടി പ്രവർത്തകരാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ നടപടി സ്വീകരിക്കും. യുവാവിനെ മർദിക്കാൻ ഒരു മുതിർന്ന നേതാവും പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

Tags:    
News Summary - BJP workers thrash youth lick spit and chant Jai Shri Ram in Dhanbad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.