ബംഗളൂരു: കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം അകലെ നിൽക്കെ, രണ്ടു മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് വിജയം. അഭിമാന പോരാട്ടത്തിൽ നഞ്ചൻകോട്, ഗുണ്ടൽപേട്ട് മണ്ഡലങ്ങളാണ് കോൺഗ്രസ് നിലനിർത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സെമി ഫൈനൽ പോരാട്ടമായി തെരഞ്ഞെടുപ്പിനെ വിലയിരുത്തിയ ബി.ജെ.പിക്ക് പരാജയം കനത്ത ആഘാതമായി. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ മുൻ കേന്ദ്ര മന്ത്രി എസ്.എം. കൃഷ്ണ ഉൾപ്പെടെയുള്ള നേതാക്കളെ പ്രചാരണത്തിനിറക്കിയിട്ടും നഞ്ചൻകോട്ടിൽ മുൻ മന്ത്രി വി. ശ്രീനിവാസ് പ്രസാദിനെ സ്ഥാനാർഥിയാക്കിയിട്ടും കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് വിജയിക്കാനായില്ല.
നഞ്ചൻകോട്ടിൽ ജനതാദൾ എസ് വിട്ട് കോൺഗ്രസിലെത്തിയ കലാലെ എൻ. കേശവമൂർത്തി 21,334 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ശ്രീനിവാസ് പ്രസാദിനെ പരാജയപ്പെടുത്തിയത്. ശ്രീനിവാസ് എം.എൽ.എ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഗുണ്ടൽപേട്ടിൽ കോൺഗ്രസ് സ്ഥാനാർഥിയും മുൻ മന്ത്രി എച്ച്.എസ്. മഹാദേവ പ്രസാദിെൻറ ഭാര്യയുമായ ഗീത മഹാദേവ പ്രസാദ് (എം.സി. മോഹന കുമാരി) ബി.ജെ.പിയുടെ സി.എസ്. നിരഞ്ജൻ കുമാറിനെ 10,877 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. മഹാദേവ പ്രസാദ് അന്തരിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലാണ് ഗുണ്ടൽപേട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.ജനതാദൾ എസ് മത്സരിക്കാത്തതിനാൽ കോൺഗ്രസും ബി.ജെ.പിയും നേരിട്ടായിരുന്നു പോരാട്ടം.കോൺഗ്രസിനുവേണ്ടി മുഖ്യമന്ത്രി സിദ്ധരാമയ്യയും ബി.ജെ.പിക്കുവേണ്ടി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയുമാണ് പ്രചാരണം നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.