ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍.എസ്.എസും ചേര്‍ന്ന് ഇന്ത്യയുടെ അന്ത:സത്ത തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭയപ്പാടുണ്ടാക്കി ഭരിക്കുക എന്നതാണ് മോദിയുടെ തന്ത്രമെന്നും ജനങ്ങള്‍ ഭയപ്പെടരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ട് അസാധുവാക്കല്‍മൂലം ജനങ്ങള്‍ നേരിടുന്ന കെടുതി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍വേദന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. നോട്ട് അസാധുവാക്കി ഇന്ത്യയുടെ നട്ടെല്ലുതകര്‍ത്ത മോദിസര്‍ക്കാര്‍, രാജ്യത്തിന്‍െറ ആദരണീയ സ്ഥാപനങ്ങളായ നീതിപീഠത്തിന്‍െറ സത്തയും റിസര്‍വ് ബാങ്കിന്‍െറ വിശ്വാസ്യതയും നശിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ മരണങ്ങളില്‍ അനുശോചിക്കുന്ന പ്രമേയം കോണ്‍ഗ്രസ് സമ്മേളനം പാസാക്കി.
ശുചിത്വ ഇന്ത്യ, മേക് ഇന്‍ ഇന്ത്യ തുടങ്ങി മോദി തുടങ്ങിവെച്ച ഓരോ സംരംഭവും പരാജയമാണ്. നോട്ട് അസാധുവാക്കല്‍ അതില്‍നിന്നെല്ലാമുള്ള ഒഴികഴിവുകൂടിയാണ്. യോഗക്കും മേക് ഇന്‍ ഇന്ത്യക്കും ഡിജിറ്റല്‍ ഇന്ത്യക്കും പിന്നില്‍ ഒളിച്ചിരിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ല. മേക് ഇന്‍ ഇന്ത്യയുടെ നട്ടെല്ല് ഓട്ടോമൊബൈല്‍ വ്യവസായമായിരുന്നെങ്കില്‍, 16 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വാഹനവില്‍പനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന കണക്കാണ് പുറത്തുവരുന്നത്.
എല്ലാം മനസ്സിലാവുന്ന ഒരാള്‍ മാത്രമേ രാജ്യത്തുള്ളൂ എന്നും അതു താനാണെന്നുമുള്ള മട്ടിലാണ് നരേന്ദ്ര മോദിയുടെ പെരുമാറ്റം. ബാക്കിയുള്ളവരെല്ലാം മണ്ടന്മാരാണെന്ന ഭാവമാണ്. യഥാര്‍ഥത്തില്‍ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങളുടെ ഉത്തരവാദിത്തമാണ് മോദി ഏറ്റെടുക്കേണ്ടത്. 70 വര്‍ഷമായി കോണ്‍ഗ്രസ് എന്തുചെയ്തുവെന്ന് മോദി ചോദിക്കുന്നുണ്ട്. രണ്ടര വര്‍ഷത്തിനിടയില്‍ ബി.ജെ.പിയും മോദിയും ചെയ്തതൊന്നും കോണ്‍ഗ്രസ് ചെയ്തിട്ടില്ല. പേ-ടിഎം എന്നാല്‍ ‘പേ ടു മോദി’യെന്നാണ്. അച്ഛേ ദിന്‍ വരുന്നത് 2019ലെ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ മാത്രമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
നോട്ട് അസാധുവാക്കിയതിന്‍െറ പ്രത്യാഘാതം രാജ്യമെമ്പാടും അനുഭവപ്പെട്ടെങ്കിലും, അങ്ങേയറ്റം മോശമായത് വരാനിരിക്കുന്നതേയുള്ളൂവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. സമ്പദ്രംഗം പരിവര്‍ത്തനം ചെയ്യാന്‍ പോകുന്നുവെന്ന മോദിയുടെ അവകാശവാദം പൊള്ളയാണ്. മൊത്ത ആഭ്യന്തര ഉല്‍പാദനം ഇടിയുമെന്ന് മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു.
മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച പിന്നോട്ടടിക്കുന്നതുവഴി രാജ്യത്തിന് ചുരുങ്ങിയത് ഒന്നര ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം പറഞ്ഞു. വളര്‍ച്ചയെ ബാധിക്കില്ളെന്ന് വിശ്വസിക്കുന്നത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മാത്രമാണ്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഒരക്ഷരം മിണ്ടുന്നില്ല. കള്ളപ്പണവും അഴിമതിയും നേരിടുന്നതിന്‍െറ പേരില്‍ പാവപ്പെട്ടവരെയാണ് മോദിസര്‍ക്കാര്‍ വേട്ടയാടുന്നത്. ഒറ്റയാളുടെ തീരുമാനം നടപ്പാക്കി ജനങ്ങളുടെ ജീവനും ജീവനോപാധിയും നഷ്ടപ്പെട്ടതിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.