ബംഗളൂരു: നിർണായകമായ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന കർഷക ജനതയിൽ കണ്ണുവെച്ച് ബി.ജെ.പിയുടെ പ്രകടനപത്രിക. ദേശസാത്കൃത ബാങ്കുകളിൽനിന്നോ സഹകരണബാങ്കുകളിൽനിന്നോ എടുത്ത ഒരു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്നതും കാർഷിക മേഖലകളിലെ ജലസേചന പദ്ധതികൾക്കായി 1.5 ലക്ഷംകോടി രൂപ അനുവദിക്കുമെന്നതുമാണ് പ്രധാന വാഗ്ദാനം.
ദേശസാത്കൃതബാങ്കുകളിലെ കാർഷിക കടങ്ങൾ ഒഴിവാക്കാൻ സംസ്ഥാനം ആവശ്യപ്പെട്ടിട്ടും മോദി സർക്കാർ തയാറായില്ലെന്നും സംസ്ഥാനത്ത് 8165 കോടി രൂപ കാർഷിക വായ്പയായി കോൺഗ്രസ് സർക്കാർ എഴുതിത്തള്ളിയെന്നും പ്രചാരണവേദികളിൽ ഉയർത്തിക്കാട്ടുന്ന കോൺഗ്രസിനെ ചെറുത്തുനിൽക്കാൻകൂടിയാണ് കർഷക ക്ഷേമ പത്രികയുമായി ബി.ജെ.പി രംഗത്തുവന്നത്.
വില വ്യതിയാനത്തിൽനിന്ന് കർഷകരെ സംരക്ഷിക്കുന്ന റൈത്ത ബന്ധു മാർക്കറ്റ് ഇൻറർവെൻഷൻ ഫണ്ടിനായി 5000 കോടിയും നൂതന കൃഷിരീതികളെക്കുറിച്ച് പഠിക്കാൻ കർഷകർക്കായി ഇസ്രായേലിലേക്കും ചൈനയിലേക്കും യാത്രയും തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലുണ്ട്. കാർഷിക വായ്പ എഴുതിത്തള്ളുന്നത് ഉയർത്തിക്കാട്ടിയ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിെൻറ പ്രകടനപത്രികയുടെ ചുവടുപിടിച്ചാണ് കർണാടകയിലും ബി.ജെ.പി പത്രിക തയാറാക്കിയത്.
നിർണായക തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിലുള്ള കോൺഗ്രസും ബി.ജെ.പിയും ജെ.ഡി-എസും നോട്ടമിടുന്നത് കർഷകരെയാണ്. പശുസംരക്ഷണത്തിനായി ‘ഗോ സേവ ആയോഗ്’ പദ്ധതി പ്രഖ്യാപിച്ച ബി.ജെ.പി ഗോവധ നിരോധനം പുനഃസ്ഥാപിക്കും. സംസ്ഥാനത്ത് 2012ൽ ബി.ജെ.പി സർക്കാർ നടപ്പാക്കിയ കർണാടക ഗോവധ നിരോധന-സംരക്ഷണനിയമം സിദ്ധരാമയ്യ സർക്കാർ നീക്കിയിരുന്നു. ഇതുസംബന്ധിച്ച ബിൽ പുനരവതരിപ്പിക്കും. ബി.ജെ.പി സർക്കാർ അധികാരത്തിലെത്തി 100 ദിവസത്തിനകം സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപ്പത്രം പുറത്തിറക്കുമെന്നും 64 പേജുള്ള പത്രിക പ്രകാശനം ചെയ്ത് മുഖ്യമന്ത്രി സ്ഥാനാർഥിയായ ബി.എസ്. യെദിയൂരപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.