ഗോത്രമേഖലയായ മംഗ്രോൾ മണ്ഡലത്തിലെ ഗ്രാമം
പെന്തകോസ്ത് വിഭാഗങ്ങൾ വ്യാപകമായി രോഗശ്രുശ്രൂഷ നടത്തി മതപരിവർത്തനം അരങ്ങേറിയ ഗോത്രവർഗമേഖലയിൽ ബി.ജെ.പി പരിവർത്തിത ക്രിസ്ത്യാനിയെ സ്വന്തം സ്ഥാനാർഥിയാക്കി.
ഗോത്രമേഖലയിലെ മതപരിവർത്തനത്തിനെതിരെ ആർ.എസ്.എസുമായും വനവാസി കല്യാൺ ആശ്രമുമായും ചേർന്ന് പ്രചാരണം നടത്തുകയും ഗുജറാത്തിലും രാജ്യമൊട്ടുക്കും നിർബന്ധിത മതപരിവർത്തനം തടയുകയും ചെയ്യുമെന്ന് പറയുമ്പോഴാണ് 2007 മുതൽ കോൺഗ്രസ് കൈവശം വെച്ചുപോരുന്ന താപിയിലെ വ്യാര മണ്ഡലം പിടിക്കാൻ മോഹൻ ഭായ് കോക്നി എന്ന പരിവർത്തിത ക്രിസ്ത്യാനിക്ക് ബി.ജെ.പി സീറ്റ് നൽകിയത്. നിലവിൽ ഗുജറാത്ത് നിയമസഭയിലെ ക്രിസ്ത്യൻ എം.എൽ.എ ജയിച്ചുവരുന്ന മണ്ഡലമാണ് വ്യാര.
പട്ടിക വർഗ വിഭാഗത്തിനായി സംവരണം ചെയ്ത ഇവിടെ 2007 മുതൽ ജയിച്ചുവരുന്ന കോൺഗ്രസിലെ പൂനാജി ഗാമിറ്റിൽനിന്ന് സീറ്റ് പിടിച്ചെടുക്കാനാണ് ബി.ജെ.പി ചരിത്രത്തിലാദ്യമായി ഇവിടെ ക്രിസ്ത്യൻ സ്ഥാനാർഥിയെ ഇറക്കിയത്. ഗോത്രമേഖലയുടെ മാത്രം പാർട്ടിയായ ഭാരതീയ ട്രെബൽ പാർട്ടിയും പരിവർത്തിത ക്രിസ്ത്യൻ ആദിവാസിയെ സ്ഥാനാർഥിയാക്കിപ്പോൾ ആം ആദ്മി പാർട്ടി ബിപിൻ ചൗധരി എന്ന മതം മാറാത്ത ആദിവാസിയെ ഇറക്കി.
മണ്ഡലത്തിൽ ആകെയുള്ള 75,000 ആദിവാസി ഗാമിറ്റുകളുടെ വോട്ടിൽ കോൺഗ്രസും 68,000 വരുന്ന ആദിവാസി ചൗധരികളിൽ ആം ആദ്മി പാർട്ടിയും കണ്ണ് വെക്കുമ്പോൾ കോക്നി ഗോത്രക്കാരായി 18,000 വോട്ടർമാരാണുള്ളത്.
ബി.ജെ.പിയുടെ വനവാസി വിളി കേൾക്കുന്നത് പരിവർത്തിത ക്രിസ്ത്യാനികൾക്ക് ഇഷ്ടമല്ലെന്ന് അറിയുന്ന ബി.ജെ.പി സ്ഥാനാർഥി മതപരിവർത്തനം തങ്ങൾക്ക് ഒരുവിഷയമല്ലെന്നും ആദിവാസി ആദിവാസി തന്നെയാണെന്നും വോട്ടർമാർക്ക് മുന്നിൽ ആണയിടുന്നു.
പരിവർത്തിത ക്രിസ്ത്യാനിയായി തന്നെ 1995 മുതൽ താൻ ബി.ജെ.പിയിൽ പ്രവർത്തിക്കുന്നതുകൊണ്ട് ആർക്കും പ്രശ്നമില്ലെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താനും കോക്നി ശ്രമിക്കുന്നു. ഗോത്രമേഖലയിലെ ക്രിസ്ത്യൻ മതപരിവർത്തനത്തിനെതിരായ ബി.ജെ.പി പരിപാടികളെ കുറിച്ച് മൗനം പാലിക്കുന്ന സ്ഥാനാർഥി തന്റെ ഗ്രാമമായ ഹരിപുരയിൽ 100 ശതമാനവും ക്രിസ്ത്യാനികളാണെന്നും താനും ഒരു ക്രിസ്ത്യൻ കുടുംബത്തിൽ പിറന്നവനാണെന്നും സാക്ഷ്യപ്പെടുത്തുന്നു.
എന്തിനാണ് മതപരിവർത്തനം ചെയ്തതെന്ന് ചോദിച്ചപ്പോൾ അസുഖമായപ്പോൾ ചർച്ചിൽ പോയി പ്രാർഥിച്ചാൽ അസുഖം മാറുമെന്ന് പെന്തകോസ്ത് പുരോഹിതർ പറഞ്ഞുവെന്ന് ഹസ്മുഖ് പറഞ്ഞു. അസുഖം മാറിയതോടെ ഹസ്മുഖ്ഭായ് മാത്രമല്ല, ഭാര്യയും മക്കളുമൊന്നാകെ യേശുവിനെ രക്ഷകനായി വരിച്ച് ക്രിസ്തുമതം സ്വീകരിച്ചു.
മണ്ണ് കുഴച്ചെടുത്ത് മെഴുകിയ കുടിലുകളിൽ കഴിയുന്ന മേഖലയിലെ പല ആദിവാസികൾക്കും പ്രധാനമന്ത്രിയുടെ പാർപ്പിട പദ്ധതി ഇനിയും ലഭ്യമായിട്ടില്ല. അതിനായി അവർ നടത്തിയ അധ്വാനമെല്ലാം വൃഥാവിലാണ്. ഭൂമിയുടെ കൈവശരേഖകൾ വേണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്.
സർക്കാർ തരാതെ എവിടെനിന്ന് അതെടുത്തുകൊടുക്കുമെന്ന് അവർ തിരിച്ചു ചോദിക്കുകയും ചെയ്യുന്നു. ഈ വല്ലായ്മകൾക്കിടയിൽ കഴിയുന്ന ആദിവാസി വോട്ടർമാർക്കിടയിൽ ആം ആദ്മി പാർട്ടിയുടെ സൗജന്യ വാഗ്ദാനങ്ങൾ വലിയ ചർച്ചയായിട്ടുണ്ടെന്ന് അവരുടെ പ്രതികരണങ്ങളിൽനിന്ന് വ്യക്തമാണ്.
മംഗ്രോൾ നിയമസഭ മണ്ഡലത്തിലെത്തിയപ്പോൾ ബി.ജെ.പി പ്രചാരണവാഹനം കടന്നുപോയതിന് തൊട്ടു പിന്നാലെ സംസാരിച്ച ഗ്രാമത്തിലെ വോട്ടർമാർക്ക് ആം ആദ്മി പാർട്ടി സ്ഥാനാർഥിയെ അറിയില്ലെങ്കിലും ആപ് വന്നാൽ എന്തെങ്കിലുമൊക്കെ കിട്ടുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നത് കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.