ക്രെയിൻ ഓപറേറ്ററെ ബി.ജെ.പി എം.പി മർദിക്കുന്നു
സത്ന (മധ്യപ്രദേശ്): ഹരാർപ്പണം നടത്താനായി ഉയർന്ന ക്രെയ്ൻ സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഏതാനും സമയം പണിമുടക്കിയതിന്, ക്രെയിൻ ഓപറേറ്ററെ പരസ്യമായി മർദിച്ച് ബി.ജെ.പി എം.പി. മധ്യപ്രദേശിലെ സത്നയിലായിരുന്നു സംഭവം.
സർദാർ വല്ലഭായ് പട്ടേൽ ജന്മദിനത്തിൽ നടന്ന ‘റൺ ഫോർ യൂണിറ്റി’യുടെ ഭാഗമായി നഗരത്തിലെ അംബേദ്കർ പ്രതിമയിൽ ഹാരാർപ്പണം നടത്താനായി ക്രെയിനിൽ കയറിയതായിരുന്നു സ്ഥലം എം.പി ഗണേഷ് സിങ്. പാർട്ടി പ്രവർത്തകരും, പൊതുജനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തച്ച ചടങ്ങിൽ എം.പി ക്രെയിനിൽ ഉയർന്നതിനു പിന്നാലെ, ഉയരത്തിലെത്തിയപ്പോൾ ക്രെയിൻ ഏതാനും നിമിഷം നിശ്ചലമായി.
ഇറങ്ങാൻ കഴിയാതെ പ്രയാസപ്പെടുന്നതിനിടെ, സാങ്കേതിക തകരാറിനെ തുടർന്ന് ക്രെയിൻ ചെറുതായൊന്ന് ഇളകുകയും ചെയ്തു. ഇതിൽ, അരിശം പൂണ്ടായിരുന്നു ക്രെയിൻ കാബിനുള്ളിൽ വെച്ചു തന്നെ എം.പി ഓപറേറ്റർക്കെതിരെ തിരിഞ്ഞത്. പ്രശ്നം പരിഹരിക്കാനായി അടുത്തെത്തിയ ജീവനക്കാരനെ കൈയും കാലും പുറത്തേക്കിട്ട എം.പി നീട്ടിപിടിച്ച് ഒരടി.
ആൾ കൂട്ടവും പ്രവർത്തകരും ഉദ്യോഗസ്ഥരുമെല്ലാം നോക്കിനിൽക്കെയായിരുന്നു പരസ്യമായ പ്രഹരം.
വീഡിയോ പ്രചരിച്ചതിനു പിന്നാലെ എം.പിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഒരു പാവം ജീവനക്കാരനെ പരസ്യമായി മർദിച്ച എം.പിയുടെ പെരുമാറ്റം ധിക്കാരപരമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
‘ക്രെയിനിൽ കുടുങ്ങിയ എം.പിയെ രക്ഷിക്കാൻ പോയത് മാത്രമാണ് ആ പാവം ജീവനക്കാരൻ ചെയ്ത തെറ്റ്. ബി.ജെ.പിയുടെ ജനപ്രതിനിധികളുടെ ധാർഷ്ട്യവും ഫ്യൂഡൽ മനോഭാവവുമാണ് ഇതിലൂടെ പ്രകടമായത്’ -കോൺഗ്രസ് ട്വീറ്റ് ചെയ്തു. കോൺഗ്രസ് എം.എൽ.എ സിദ്ദാർഥ് കുശ്‍വാഹയും എം.പിക്കെതിരെ വിമർശനവുമായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.