ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്ന് പുറത്താക്കാൻ ബി.ജെ.പി നീക്കം തുടങ്ങി. രാഹുലിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കുന്നതിനുള്ള നടപടിക്രമത്തിന് തുടക്കമിടാൻ പ്രത്യേക പാർലമെന്ററി സമിതി രൂപവത്കരിക്കണമെന്ന് ബി.ജെ.പി സ്പീക്കർ ഓം ബിർലക്ക് കത്ത് നൽകി.
തങ്ങൾ ലക്ഷ്യമിടുന്നത് അവകാശലംഘനത്തിനുള്ള കേവല നടപടി അല്ലെന്നും അതിനപ്പുറത്തുള്ള നടപടിയാണെന്നും ബി.ജെ.പി വൃത്തങ്ങളും വെളിപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണത്തിലും കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിലും പാർലമെന്റിന്റെ ഇരുസഭകളിലും നടക്കുന്ന പ്രതിഷേധം രാഹുൽ ഗാന്ധിക്കെതിരെ തീരുമാനിച്ചുറച്ചാണ് ബി.ജെ.പി നീങ്ങുന്നത് എന്ന് വ്യക്തമാക്കുന്നതാണ്.
മാപ്പുപറയാത്ത രാഹുലിനെ സഭയിൽനിന്ന് പുറത്താക്കിയേ തങ്ങളുടെ പ്രതിഷേധം അവസാനിക്കൂ എന്നാണ് ബി.ജെ.പി. ഇപ്പോൾ പറയുന്നത്. ഇതിനാണ് ഝാർഖണ്ഡിൽനിന്നുള്ള ബി.ജെ.പി നേതാവും ലോക്സഭ എം.പിയുമായ നിഷികാന്ത് ദുബെ സ്പീക്കർക്ക് എഴുതിയത്.
അദാനി-മോദി ബന്ധം ചോദ്യം ചെയ്തത് മുതൽ ലോക്സഭയിൽ രാഹുൽ ഗാന്ധിയെ നേരിടാൻ ബി.ജെ.പി നിയോഗിച്ച നേതാവാണ് നിഷികാന്ത് ദുബെ. രാഹുലിനെതിരെ അവകാശലംഘനത്തിന് നടപടി ആവശ്യപ്പെട്ട് സ്പീക്കറെ സമീപിച്ചതും ദുബെ ആയിരുന്നു.
അവകാശ ലംഘനത്തിനുള്ള നടപടി വ്യക്തമാക്കുന്ന ചട്ടം 223 പ്രകാരം ഇന്ത്യൻ ജനാധിപത്യത്തെയും പാർലമെന്റിനെയും കോടതികളെയും കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ അനാവശ്യവും അംഗീകരിക്കാനാകാത്തതുമാണെന്ന് ദുബെ വ്യക്തമാക്കി.
2005ൽ ‘പണത്തിന് ചോദ്യം’ വിവാദത്തിൽ 10 ലോക്സഭ എം.പിമാർക്കെതിരായ അന്വേഷണത്തിന് കോൺഗ്രസ് നേതാവ് പവൻകുമാർ ബൻസലിന്റെ നേതൃത്വത്തിലുണ്ടാക്കിയ പ്രത്യേക സമിതിയുടെ മാതൃകയിൽ രാഹുൽ ഗാന്ധിക്കെതിരായ നടപടി പരിശോധിക്കാൻ ഒരു സമിതിയുണ്ടാക്കണമെന്ന് സ്പീക്കർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
ഇങ്ങനെ സമിതിയുണ്ടാക്കിയാൽ ലോക്സഭയിൽ നിലവിലുള്ള കക്ഷിനില പ്രകാരം സമിതിയിൽ ബി.ജെ.പിക്കായിരിക്കും ഭൂരിപക്ഷം. രാഹുലിനെതിരെ ലഭ്യമായ എല്ലാ ചട്ടങ്ങളും കീഴ്വഴക്കങ്ങളും ഉപകരണങ്ങളും ഉപയോഗിക്കാനാണ് ബി.ജെ.പി ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ‘ഇന്ത്യൻ എക്സ്പ്രസി’നോട് പറഞ്ഞു.
രാജ്യവുമായി ബന്ധപ്പെട്ടതെല്ലാം എല്ലാവരുടെയും ആശങ്കയാണെന്നും കോൺഗ്രസിനും അതിന്റെ നേതൃത്വത്തിനും എന്ത് സംഭവിക്കുന്നുവെന്നത് തങ്ങൾക്ക് പ്രശ്നമല്ലെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.