ബി.ജെ.പി എം.എൽ.എ ഗോപാൽ ശർമ, കോൺഗ്രസ് നേതാവ് റഫീഖ് ഖാൻ


തുടർച്ചയായ വേട്ടയാടലും പരിഹാസവും; ‘പാകിസ്താനി’ എന്ന് വിളിച്ച ബി.ജെ.പി എം.എൽ.എക്ക് കവിതയിലൂടെ മറുപടി നൽകി കോൺ​ഗ്രസ് നേതാവ് റഫീഖ് ഖാൻ

ന്യൂഡൽഹി: ഈ മാസം ഏഴിനാണ് രാജസ്ഥാൻ നിയമസഭയിലെ കോൺഗ്രസിന്റെ ചീഫ് വിപ്പും ആദർശ് നഗർ നിയമസഭാംഗവുമായ റഫീഖ് ഖാനെ ബി.ജെ.പി എം.എൽ.എ ഗോപാൽ ശർമ ‘പാകിസ്താനി’ എന്ന് ആക്ഷേപിച്ചത്. ഖാനെതിരെ ബി.ജെ.പിയുടെ നിരന്തര വേട്ടയിലെ ഒടുവില​ത്തെ സംഭവമായിരുന്നു ഇത്. സംഭവം രാജസ്ഥാൻ നിയമസഭയിൽ ചൂടേറിയ വാഗ്വാദത്തിന് വഴിവെച്ചു.

എന്നാൽ, ശർമയുടെ പരാമർശങ്ങൾക്ക് ഖാൻ ചിരിച്ചുകൊണ്ട് കാവ്യഭാഷയിൽ മറുപടി നൽകി. ‘രാഷ്ട്രീയക്കാർ അവരുടെ കടമയെക്കുറിച്ച് ബോധവാൻമാരാവണം; സ്നേഹത്തിനായുള്ള എന്റെ സന്ദേശം കഴിയുന്നിടത്തെല്ലാം എത്തിക്കും’ -എന്നായിരുന്നു അ​തിന്റെ അർഥം. ഇത്തരത്തിലുള്ള പക്വതയാർന്ന പ്രതികരണങ്ങൾ മൂലം സംസ്ഥാന നിയമസഭക്കകത്തും പുറത്തും ഖാന്റെ ‘രാഷ്ട്രീയ മൂലധനം’ വളർന്നുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ.

എന്നാൽ, സിവിൽ ലൈൻസിൽനിന്നുള്ള നിയമസഭാംഗമായ ശർമ, പാർട്ടിയിലെ തന്റെ ‘യോഗ്യത’ തെളിയിക്കാൻ ഖാനെ ഉന്നമിടുകയാ​ണെന്നാണ് ആരോപണം. ഇത് വേദനാജനകമാണ്. പക്ഷേ, ഞാൻ അവരുടെ നിലവാരത്തിലേക്ക് താഴുകയില്ല. നമ്മുടെ നേതാവ് രാഹുൽ ഗാന്ധി ‘വെറുപ്പിന്റെ വിപണിയിലെ സ്നേഹത്തിന്റെ കട എന്ന് പറയുന്നതുപോലെ’യുള്ള വാക്കുകൾ കൊണ്ടാണ് ശർമയുടെ പരിഹാസങ്ങളെ താൻ നേരിടുന്നതെന്നാണ് ഈ സംഭവങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ ഖാൻ പറയുന്നത്.

എങ്കിലും, കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ഖാൻ പൊട്ടിക്കരഞ്ഞു. ‘കഴിഞ്ഞ രണ്ട് രാത്രികളായി എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. സഭക്കുള്ളിൽ ഞാൻ അപഹസിക്കപ്പെട്ടു. എന്റെ പിതാവ് ഇപ്പോൾ ഇല്ല എന്നതിൽ എനിക്ക് സന്തോഷമുണ്ട്. കാരണം അദ്ദേഹം ഉണ്ടായിരുന്നുവെങ്കിൽ ഇത് സഹിക്കാൻ കഴിയുമായിരുന്നില്ല. ഒരു മുസ്‍ലിം എം.എൽ.എ ആകുന്നത് കുറ്റകരമാണോ? അങ്ങനെയാണെങ്കിൽ, ബി.ജെ.പി നിയമസഭയിൽ ഒരു നിയമം കൊണ്ടുവരണം. ഒരു മുസ്‍ലിം എം.എൽ.എയെയും തിരഞ്ഞെടുക്കാൻ പറ്റില്ലെന്ന് പറയണം’- അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയിൽനിന്ന് ഖാന് പരിഹാസം നേരിടേണ്ടി വരുന്നത് ഇതാദ്യമല്ല. 2020 ആഗസ്റ്റിൽ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ ആദ്യ ടേമിൽ ഇന്ത്യ സന്ദർ​ശിച്ച സമയത്ത് കോവിഡ് സാഹചര്യം അവഗണിച്ച് കേന്ദ്രസർക്കാർ ‘തിരക്കിലാണെന്ന്’ ഖാൻ ആരോപിച്ചതിനെത്തുടർന്നായിരുന്നു അത്. അന്ന് ഖാനെ ബി.ജെ.പി എം.എൽ.എമാർ ‘തബ്‍ലീഗി’ എന്ന് ആക്ഷേപിച്ചു.

2023ലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ, ആദർശ് നഗറിൽ നിന്നുള്ള  എതിർ സ്ഥാനാർഥിയായ രവി നയ്യാർ ഒരു പത്രസമ്മേളനത്തിനിടെ രാഷ്ട്രീയ എതിരാളികൾ ‘വിഷം നൽകി മൂന്ന് പശുക്കളെ കൊന്നു’ എന്ന് ആരോപിച്ച് ഖാനെതിരെ അമ്പെയ്തു.

കഴിഞ്ഞ വർഷം ജയ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ ഹെറിറ്റേജിന്റെ ബോർഡ് മീറ്റിങിനിടെ ഗോപാൽ ശർമ വീണ്ടും ഖാനെ ഉന്നമിട്ടു. ജയ്പൂരിനെ ‘മിനി പാകിസ്താൻ’ ആകാൻ അനുവദിക്കില്ലെന്ന് ശർമ പറഞ്ഞതിനെത്തുടർന്ന് ഇരു പാർട്ടികളുടെയും കൗൺസിലർമാർക്കിടയിൽ സംഘർഷമുണ്ടായി. ഖാൻ ‘ജയ്പൂർ കാ ജിന്ന’ ആകാൻ ശ്രമിക്കുകയാണെന്ന് അന്ന് ശർമ ആരോപിച്ചു. പാകിസ്താന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയെ പരാമർശിച്ചായിരുന്നു ഇത്.

2018ൽ മുൻ സംസ്ഥാന ബി.ജെ.പി മേധാവി അശോക് പർണാമിയെ പരാജയപ്പെടുത്തി ആദ്യമായി എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട ഖാൻ, മുൻ അശോക് ഗെഹ്ലോട്ട് സർക്കാറിന്റെ കാലത്ത് അന്നത്തെ കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയുമായി അടുത്ത് പ്രവർത്തിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ​ഗ്രാഫ് ഗണ്യമായി ഉയർന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ, പ്രത്യേകിച്ച് 2020ൽ അന്നത്തെ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഗെഹ്ലോട്ടിനെതിരെ കലാപം നയിച്ചപ്പോൾ ആദർശ് നഗർ എം.എൽ.എ നിർണായക പങ്ക് വഹിച്ചു.

2022 ഫെബ്രുവരിയിൽ, രാജസ്ഥാൻ സംസ്ഥാന ന്യൂനപക്ഷ കമീഷന്റെ ചെയർമാനായി അദ്ദേഹത്തെ നിയമിച്ചു. ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിനായി സംസ്ഥാനം മുഴുവൻ പര്യടനം നടത്തിയപ്പോൾ അത് അദ്ദേഹത്തിന് രാഷ്ട്രീയ ഭൂമികയിൽ കൂടുതൽ വഴികൾ തുറന്നു.

Tags:    
News Summary - B.J.P MLA calls Congress leader Rafeek Khan ‘Pakistani’ in Rajasthan Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.