ന്യൂഡൽഹി: വിവാദ അജണ്ടകളിൽ പഴയ നിലപാടും വാഗ്ദാനവും ആവർത്തിച്ച് ഒരുവട്ടംകൂടി നരേന്ദ്ര മോദി സർക്കാറിന് വോട്ട് ചോദിച്ച് ബി.ജെ.പി പ്രകടന പത്രിക. രാമക്ഷേത്രം, ഏക സിവിൽ കോഡ്, 370ാം വകുപ്പ് എന്നിങ്ങനെ പതിവു വിഷയങ്ങൾക്കൊപ്പം ശബരിമലയും പ്രകടന പത് രികയിൽ. ലോക്സഭ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ട പ്രചാരണം ചൊവ്വാഴ്ച അവസാനിക്കാനിര ിക്കേ, പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ, ആഭ്യന്തര മന്ത്രി രാജ് നാഥ്സിങ് തുടങ്ങിയവർ ചേർന്നാണ് 45 പേജ് പ്രകടനപത്രിക പുറത്തിറക്കിയത്. ബി.ജെ.പി മുന്നോട്ടുനീക്കുന്ന പ്രധാന വിവാദ വിഷയങ്ങളെക്കുറിച്ച് പത്രിക പറയുന്നത് ഇങ്ങനെ:
●ശബരിമല: വിശ്വാസം, പാരമ്പര്യം, ആരാധന അനുഷ്ഠാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതെല്ലാം സുപ്രീംകോടതി മുമ്പാകെ വിശദമായി അവതരിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഭരണഘടന പരിരക്ഷ ഉറപ്പുവരുത്താൻ ശ്രമിക്കും.
●രാമക്ഷേത്രം: നിലപാട് ആവർത്തിക്കുന്നു. ഭരണഘടനാ ചട്ടക്കൂടിനുള്ളിൽനിന്ന് എല്ലാ സാധ്യതയും തേടും. അയോധ്യയിൽ രാമക്ഷേത്ര നിർമാണം വേഗത്തിലാക്കാൻ എല്ലാ ശ്രമവും നടത്തും.
●ഏക സിവിൽ കോഡ്: ഭരണഘടനയുടെ 44ാം വകുപ്പു പ്രകാരം രാഷ്ട്രനയത്തിെൻറ മാർഗനിർദേശക തത്ത്വങ്ങളിലൊന്നാണ് ഏക സിവിൽ കോഡ്. അത് നടപ്പാക്കുന്നതുവരെ ഇന്ത്യയിൽ ലിംഗസമത്വം ഉണ്ടാവില്ലെന്ന് ബി.ജെ.പി കരുതുന്നു. മികച്ച പാരമ്പര്യങ്ങളും ആധുനികകാലവും കോർത്തിണക്കി ഏക സിവിൽ കോഡ് തയാറാക്കുമെന്ന നിലപാട് ആവർത്തിക്കുന്നു.
●ജമ്മു-കശ്മീർ: ഉറച്ച നയനടപടികളിലൂടെ സമാധാനം ഉറപ്പുവരുത്താൻ എല്ലാ ശ്രമവും നടത്തി. വികസന തടസ്സം നീക്കും. ജമ്മു-കശ്മീരിന് പ്രത്യേകപദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളയണമെന്നുതന്നെയാണ് തുടർന്നും നിലപാട്. കശ്മീരിലെ സ്ഥിരവാസികളല്ലാത്തവരോട് വിവേചനം കാട്ടുന്ന 35-എ വകുപ്പ് റദ്ദാക്കാനും പ്രതിബദ്ധം. കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷിത മടക്കത്തിന് പരമാവധി ശ്രമിക്കും.
●ഭീകരത, തീവ്രവാദം: ദേശസുരക്ഷ മുൻനിർത്തി ഭീകരതയോട് വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കും. മിന്നലാക്രമണം, ബാലാകോട്ട് ആക്രമണം എന്നിവ അതിെൻറ തെളിവായിരുന്നു. ഭീകരത നേരിടാൻ സുരക്ഷാ സേനകൾക്ക് പൂർണ സ്വാതന്ത്ര്യം. ഇടതു തീവ്രവാദം അഞ്ചു വർഷംകൊണ്ട് തുടച്ചു നീക്കും.
●നുഴഞ്ഞു കയറ്റം: അനധികൃത കുടിയേറ്റം ചില മേഖലകളുടെ സ്വത്വം മാറ്റിമറിക്കുകയും തദ്ദേശീയരുടെ തൊഴിലിനും ജീവനോപാധിക്കും ദോഷമുണ്ടാക്കുകയും ചെയ്യുന്നു. ഇൗ മേഖലകളിൽ ദേശീയ പൗരത്വ രജിസ്റ്റർ വേഗത്തിൽ പൂർത്തിയാക്കും. പൗരത്വ രജിസ്റ്റർ രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലും പടിപടിയായി നടപ്പാക്കും. അതിർത്തി സുരക്ഷ ശക്തിപ്പെടുത്തും.
●പൗരത്വ നിയമ ഭേദഗതി: അയൽരാജ്യങ്ങളിൽ സാമുദായിക ന്യൂനപക്ഷമായി പീഡനം നേരിട്ട് ഇന്ത്യയിൽ എത്തുന്ന ഹിന്ദു, ജൈന, ബുദ്ധ, സിഖ് മതക്കാർക്ക് സംരക്ഷണം നൽകും. പൗരത്വ നിയമഭേദഗതി ബില്ലിനെക്കുറിച്ച ആശങ്ക നീക്കാൻ ശ്രമിക്കും.
●ന്യൂനപക്ഷങ്ങൾ: മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ൈജന, പാഴ്സി വിഭാഗങ്ങളിൽ പെട്ടവരുടെ ശാക്തീകരണം, അന്തസ്സാർന്ന പുരോഗതി എന്നിവക്ക് പ്രതിബദ്ധം. മുത്തലാഖ് നിരോധന നിയമം നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.